സാക്ഷര സമ്പന്നതയും വിദ്യാസമ്പന്നതയും ഏറിനില്ക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന നരബലിയില്‍ സാംസ്കാരിക ലോകമായിരുന്നു പ്രകമ്പനം കൊള്ളേണ്ടിയിരുന്നതെങ്കിലും അങ്ങനെയൊന്നും കണ്ടില്ല. ചില കോണുകളില്‍ നിന്ന് പൈശാചികം, മനുഷ്യത്വരഹിതം, അതിക്രൂരം, നാണക്കേട് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ കോളാമ്പിയാക്കിയെന്നു മാത്രം. മാധ്യമങ്ങള്‍ പരമാവധി ആഘോഷിച്ചു എന്നു പറയാതിരിക്കാനും വയ്യ.
ജീവനുള്ള മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തി ശരീരം പല കഷ്ണങ്ങളാക്കി ഉപ്പുമാങ്ങതിന്ന് രസിക്കുംപോലെ ആസ്വദിച്ചവന് കമ്മ്യൂണിസ്റ്റുകാരനേയല്ല. വല്ല പരിപാടികളിലും പങ്കെടുത്തിരുന്നിരിക്കാം. അല്ലാതെ സഖാവൊന്നുമല്ലെന്ന് സിപിഎം താത്വികാചാര്യനെന്ന് തോന്നിപ്പിക്കുന്ന ഒരു നേതാവ് പറഞ്ഞെങ്കിലും, താത്വികാചാര്യ കിരീടധാരി അങ്ങനെയല്ല കഥയെന്നും സംബന്ധ സന്തതിയല്ല വേളീസന്തതി തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ ബഹുഭൂരിപക്ഷം സാംസ്കാരിക നായകര്‍ക്കും ഒരു കാര്യം ബോധ്യമായി-ഇനി മിണ്ടണ്ട.
തുടര്‍ന്നാണ് ബുദ്ധി ഉദിച്ചത്. ആ പ്രൈവറ്റ് ബില്ല് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാലോ? സ്വന്തം കാറിന് തീയിട്ട ശേഷം പരാതി കൊടുത്ത കാവിക്കാരന് ആ ബില്ല് വേഗം പാസാക്കുകയാണ് ആവശ്യമെന്ന് ചാനലില്‍ പ്രത്യക്ഷപ്പെട്ട് വിളംബരം ചെയ്തതോടെ കാര്യങ്ങള്‍ ആ നിലയ്ക്കുതന്നെ നീങ്ങുമെന്ന് കാരണഭൂതനും തലയാട്ടി. അന്ധവിശ്വാസ അനാചാരങ്ങള്‍ കേരളസംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹ്യവ്യവസ്ഥ ഉറപ്പാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ല് എന്നാണ് കരടില്‍ ആമുഖമായി പറഞ്ഞിരിക്കുന്നത്. പീഠികയില്‍ പറഞ്ഞിരിക്കുന്ന പ്രസക്തമായ കാര്യങ്ങളില്‍ ചിലത് ഇപ്രകാരമാണ്:
ദേശീയ സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങളെ പ്രചോദിപ്പിക്കുന്നതിനും അതനുസരിച്ച് ശാസ്ത്രമനോഭാവം, മാനവികത, അന്വേഷണത്വര, പരിഷ്കരണക്ഷമത എന്നിവ വളര്‍ത്താനുള്ള അവകാശങ്ങളും മൗലിക കടമയാണ്. അന്ധവിശ്വാസ അനാചാരങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും നിരന്തരമായ മതസ്പര്‍ദ്ധകള്‍ക്ക് കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ മാനവിക സംസ്കാരം വികസിപ്പിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്. ആര്‍ട്ടിക്കിള്‍ 25(1) പ്രകാരം പൊതു ക്രമസമാധാനം, പൊതുധാര്‍മ്മികത, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ടു മാത്രമേ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താന്‍ പാടുള്ളൂ. ഈ തത്വം പ്രായോഗികവല്‍ക്കരിക്കണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ഒരു നിയമനിര്‍മ്മാണം അനിവാര്യമായിരിക്കുന്നു.
ഡ്രഗ്സ് & മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) ആക്ട് 1954 നിലവിലുണ്ടായിട്ടും മാന്ത്രിക ഏലസ്സുകള്‍, ദിവ്യശക്തി, പ്രാര്‍ത്ഥന, രോഗശാന്തി, ചികിത്സ, കുട്ടിച്ചാത്തന് അനുഗ്രഹം, ഭാഗ്യനക്ഷത്ര കല്ലുകള്‍, ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയ തട്ടിപ്പുകളുടെ പരസ്യങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. സാമാന്യ ജനത ചൂഷിതരാകാതിരിക്കാന് വേണ്ടിയാണീ നിയമം! അതിന്‍പ്രകാരം ചില നിര്‍വ്വചനങ്ങള്‍ താഴെ പറയും പ്രകാരമാണ്.
അന്ധവിശ്വാസം’എന്നാല്‍ കാര്യകാരണ ചിന്തയ്ക്ക് ഉചിതമല്ലാത്തതും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും, സാമൂഹ്യപുരോഗതിക്ക് വിഘാതമായിരിക്കുന്നതുമായ വിശ്വാസങ്ങള്‍. അനാചാരം’എന്നാല്‍ വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായ ഫലങ്ങള്‍ ഉളവാക്കുന്ന എല്ലാ ആചാരങ്ങളും കര്‍മ്മങ്ങളും. മന്ത്രവാദം’പ്രകൃത്യാതീത ശക്തികളും ഭൂതപ്രേതങ്ങളും ഉണ്ടെന്നും, അവയെ നിയന്ത്രിക്കാമെന്നും വിശ്വസിപ്പിച്ച് ചെയ്യുന്ന പൂജാദികര്‍മ്മങ്ങള്‍. ഇങ്ങനെ അത്ഭുത രോഗശാന്തി, അവ പ്രചരിപ്പിക്കല്‍, അതുകളുടെ വ്യാപ്തിയില്‍ വരുന്ന പ്രവൃത്തികള്‍ ഇവയൊക്കെ കരട് ബില്ലില്‍ എടുത്തുകാണിക്കുന്നുണ്ട്. രോഗശാന്തിക്കായി പ്രാര്‍ത്ഥന, മന്ത്രം, ഓതികൊടുക്കല്, മാന്ത്രികയന്ത്രങ്ങള്‍ ജപിച്ച് നല്കല്, സ്പര്‍ശന ആശ്ലേഷങ്ങള്‍, ഉറുക്ക്, ഏലസ്, മധ്യസ്ഥ പ്രാര്‍ത്ഥന, ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സവരെ. ഇവയൊക്കെ സംബന്ധിച്ച് പരസ്യങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍, അനുഭവ സാക്ഷ്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പ്രവൃത്തികള്‍.
ഇത്രയുമൊക്കെ കാര്യങ്ങള്‍ നിര്‍ബാധം നാട്ടില്‍ നടന്നുവരുന്നു എന്നത് നൂറ് ശതമാനം ശരി തന്നെയാണ്. പലതും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. സാമാന്യജനത വഞ്ചിക്കപ്പെടാതിരിക്കാനാണിത്. പക്ഷെ എങ്ങനെ? ഇവിടെ നിര്‍വ്വചിക്കപ്പെട്ട അന്ധ വിശ്വാസം, അനാചാരം, അവയുടെ പ്രചാരം എന്നിവയുടെ നിര്‍വ്വചനം ശാസ്ത്രയുക്തമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് അന്ധവിശ്വാസം തന്നെ എടുക്കാം. കാര്യകാരണ ചിന്തയ്ക്ക് ഉചിതമല്ലാത്തത്, ശാസ്ത്രീയ അടിത്തറ ഇല്ലാത്തത്, സാമൂഹ്യ പുരോഗതിക്ക് വിഘാതവുമായ ചിന്തകളും വിശ്വാസവും അന്ധവിശ്വാസം. ‘
വിശ്വാസം ഒന്നുമാത്രമെയുള്ളൂ! ആത്മവിശ്വാസം, വിശ്വാസം എന്നിവയാകാം. അന്ധവിശ്വാസം പാടില്ല എന്നാണോ? ലോട്ടറി എടുക്കുന്ന ലക്ഷക്കണക്കിന് ജനത എന്ത് വിശ്വാസത്തിലാണ് അതെടുക്കേണ്ടത്? സാധാരണ വിശ്വാസം മാത്രം ലോട്ടറി വാങ്ങുന്നവന് മതിയോ? ഒരു കോടിയുടെ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുമ്പോള്‍, നിങ്ങള്ക്കടിക്കില്ലെന്ന് പറഞ്ഞാണോ ലോട്ടറി ഏജന്റ് ഒരുത്തന് വില്‍ക്കുന്നത്. അടിക്കും സാര്‍ എന്ന തന്ത്രത്തില്‍ വീഴുന്നത് വിശ്വാസം കൊണ്ടോ അന്ധവിശ്വാസം കൊണ്ടോ?
ഈ കുരിശില്‍ ഞാന്‍ വിശ്വസിച്ചാല്‍ എന്നെ ജീവിതത്തിന്റെ അങ്ങേക്കര എത്തിക്കും എന്ന വിശ്വാസം അന്ധമായിത്തന്നെ ഒരാള്‍ക്ക് ഉണ്ടെന്നിരിക്കട്ടെ. അത് തെറ്റാണോ? നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്നത് തെറ്റാണോ? പൂച്ച വട്ടംചാടി. ശകുനം മോശം. തിരികെ പോകാമെന്നൊരാള്ക്ക് തോന്നി. അയാള്‍ തിരികെ പോയി. അയാളെ ശിക്ഷിക്കണോ? ശകുനങ്ങളെ സംബന്ധിച്ച ശാസ്ത്രചിന്ത, ജ്യോതിഷചിന്തകളുടെ ആന്തരികശാസ്ത്രം. ഇവയൊക്കെ മനുഷ്യനുണ്ടായ കാലം മുതല്ക്കുള്ളതാണ്. അതിലൊന്നും ഒരാളും വിശ്വസിക്കാന്‍ പാടില്ല എന്നുപറയുന്ന ശാസ്ത്രത്തിന്റെ ശാസ്ത്രമെന്ത്?
ഇവിടെ പറഞ്ഞുവന്നത് വിശ്വാസത്തിന്റെ തീവ്രത എങ്ങനെയെന്ന് അന്വേഷിച്ചിറങ്ങുന്നതില് കഴമ്പില്ലെന്നു തന്നെയാണ്. വിശ്വാസം ഉള്ളിടത്തോളം കാലം അത് അന്ധമായി തന്നെ തുടര്‍ന്നേക്കാം. അന്ധതയെ പ്പറ്റി വേവലാതിപ്പെട്ടിട്ട് കാര്യമില്ല. അതളന്നു കുറിക്കുന്നതില്‍ എന്ത് കാര്യം? ആ വിശ്വാസം അന്ധമായാലും അല്ലെങ്കിലും പ്രയോഗത്തില്‍ വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കില്‍ അതിനെ തടയാന്‍ നിയമമുണ്ടാകണം. നിലവില്‍ നിയമമുള്ളതാണെന്ന് പ്രസ്തുത ബില്ലില്‍ പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. പരസ്യം നല്കി ആളുകളെ വശീകരിക്കുന്നത്, ഏലസ്സും ഉറുക്കും ഒക്കെ തയ്യാറാക്കി തരാമെന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ ഉള്‍പ്പെടെ കുറ്റാരോപിതരായി കണ്ട് നടപടി എടുക്കാന്‍ എന്തേ സാധിക്കുന്നില്ല? മഷിനോട്ടക്കാരെ ആശ്രയിച്ച് കുറ്റാന്വേഷണം നടത്തുന്ന നാടാണ് കേരളം എന്നും ഓര്‍ക്കണം. ചേന കുഴിച്ചിട്ട് സ്വര്ണച്ചേനയാക്കി കൊടുക്കാന്‍ മന്ത്രവും ഉപദേശിച്ച് പണം പിടുങ്ങി പോകുന്ന അണ്ണാച്ചിയെയാണോ മലയാളിയെയാണോ മുക്കാലിയില്‍ കെട്ടി ചാട്ടവാറിനടിക്കേണ്ടത്?
രോഗാതുരനായ ഒരു വ്യക്തി അതിവേദന കൊണ്ട് പുളയുമ്പോള്‍, ആധുനികശാസ്ത്രത്തില്‍ മറ്റ് പോംവഴികളില്ലെന്ന് പറയുമ്പോള്‍ സര്‍വ്വശക്തനെന്ന് കരുതുന്ന ദൈവത്തെ മുന്നില്‍ക്കണ്ട് പ്രാര്‍ത്ഥിക്കുന്നതിന്റെ ശാസ്ത്രീയത അന്വേഷിക്കാനാണോ ഈ ബില്ല്? ആ സമയത്ത് വയനാട്ടില്‍ ഒരു ആദിവാസിയുണ്ട്, അയാളുടെ അറിവില്‍ മരുന്നുണ്ട്, നോക്കിയാലോ എന്ന് ചിന്തിച്ച് കുടുംബാംഗങ്ങള്‍ ആ വഴിക്കുപോയാല്‍ കേസെടുക്കാനാവുമോ? ചൊവ്വാദോഷം ആരോപിച്ച് ഈ വിവാഹത്തിന് ഉപദേശിക്കുന്നില്ല എന്ന് ഒരു ജ്യോത്സ്യന് പറയുന്നത് നിയമവിരുദ്ധമാണോ? അയാളെന്ത് പറയണം? ജ്യോത്സ്യന്റടുത്ത് ചെന്നിട്ടല്ലെ ജ്യോത്സ്യന് അരുളപ്പാടുണ്ടാക്കിയത്? പോയവനാണോ തെറ്റുകാരന്‍, ജ്യോത്സ്യനാണോ തെറ്റുകാരന്‍. രണ്ടുപേരും തെറ്റുകാരാണോ? ഇത് നിശ്ചയിക്കേണ്ടത് ഒരു പോലീസുദ്യോഗസ്ഥനാണോ?
പരിഷ്കൃതവും സംസ്കാര സമ്പന്നവുമായ ഒരു സമൂഹത്തില്‍ കാലാകാലങ്ങളില്‍ പ്രത്യക്ഷമാകുന്ന വിശ്വാസജീര്‍ണ്ണത ചികിത്സിക്കപ്പെടേണ്ടത് നിയമം മൂലമാണ് എന്ന ചിന്തതന്നെ ബാലിശം. നിയമത്തിലൂടെ നിയന്ത്രിക്കപ്പെടുന്നതിന് പരിമിതികളുണ്ട്. ധാര്‍മ്മികത എന്ന ഒരു പദം ഈ ബില്ല് എന്നു പറയുന്ന കരടിന്റെ തുടക്കത്തിലെവിടെയോ വരുന്നുണ്ട്. ജനങ്ങളുടെ ധാര്‍മ്മികബോധം നിലനിര്‍ത്തുക എന്നതാണ് ഇവിടെ പ്രധാന കാര്യം. എന്റെ വിശ്വാസം അത് ഏത് തീവ്രതയിലുള്ളതാണെങ്കിലും മറ്റൊരാള്‍ക്കൊ സമൂഹത്തിനൊ പ്രകൃതിക്കൊ അന്തരീക്ഷത്തിനൊ ഹാനികരമാവുകയും, ആയത് പ്രവൃത്തിയിലൂടെ നടപ്പാക്കുകയും ചെയ്യുന്നത് തടയേണ്ടതാണ്. ശിക്ഷാര്‍ഹമാണ്.
ആധ്യാത്മികവും ധാര്‍മ്മികവുമായ നേതൃത്വവും അവരിലൂടെയുള്ള ബോധവല്ക്കരണവുമാണിവിടെ കരണീയം. ചട്ടമ്പിസ്വാമി തിരുവടികളും ശ്രീനാരായണ ഗുരുദേവനും അനാചാരങ്ങളെ വലിച്ചെറിയാന്‍ ആധ്യാത്മിക ചോദനയിലൂന്നിയ ആഹ്വാനങ്ങളാണ് ചെയ്തത്. പകരം സാത്വികമായ ചിന്തകളും ആരാധനാ സംവിധാനങ്ങളും പ്രചരിപ്പിക്കപ്പെട്ടു. അതിന്റെ ചുവടുപറ്റി പണ്ഡിറ്റ് കറുപ്പനും മന്നവും അയ്യങ്കാളിയും വിടിയും അങ്ങനെ നീണ്ടനിര സമൂഹത്തില്‍ സ്ഥായിയായ മാറ്റങ്ങളുണ്ടാക്കി. തലമുറകള്‍ പിന്നിട്ടപ്പോള്‍ ആ സംവിധാനങ്ങളെയും കടന്ന് സ്വാര്ത്ഥജഢിലമായ, മൃഗീയ വാസനകളും ക്രൂരതകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ, ധാര്‍മ്മിക, ആധ്യാത്മിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും കൂട്ടമായി ആലോചിച്ച് അഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്.
അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം തയ്യാറാവുകയാണ് വേണ്ടത്. നിയമമില്ലാഞ്ഞിട്ടല്ല, നിയമം നടപ്പാക്കാനുള്ള ആര്‍ജ്ജവം കാണിക്കാത്തതാണ് പ്രശ്നം. ഭാരതത്തില്‍ ഇന്ന് അങ്ങനെ ഒരു മുഖ്യമന്ത്രിയും ഒരു ഭരണകൂടവുമാണ് മാതൃകയായി നിലകൊള്ളുന്നത്. അതെ, യോഗി ആദിത്യനാഥ്! ഉത്തര്‍പ്രദേശ് ഇന്ന് പലതിനും മാതൃകയായിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ഇത് കഴിയുമൊ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: