കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രം മണികണ്ഠന്ആല്ത്തറയിലെ സംരക്ഷണ ഭൂമിയായ ശ്രീമൂലം ഷഷ്ഠിപൂര്‍ത്തി സ്മാരകത്തില്‍ അനുമതിയില്ലാതെ പ്രതിമകള്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന നാമജപധര്‍ണ്ണയില്‍ ഭക്തജനങ്ങളുടെ പ്രതിഷേധമിരമ്പി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന് ധര്‍ണ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍, ദേവസ്വം എന്നിവയുടെ അനുമതിയില്ലാതെയാണ് പ്രതിമ നിര്‍മാണ നീക്കവുമായി നഗരസഭ ചെയര്മാന് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം എത്രയും പെട്ടെന്ന് എടുത്ത് മാറ്റി ഉചിതമായ സ്ഥലത്തു നിര്‍മിക്കാന്‍ ചെയര്മാന് തയ്യാറാവണം. അല്ലാത്ത പക്ഷം നിയമനടപടിയിലൂടെ എടുത്തുമാറ്റാനും ബഹുജന പ്രതിഷേധത്തിനും ഹൈന്ദവസംഘടനകള്‍ നിര്‍ബന്ധിതരാകുമെന്ന് തെക്കടം സുദര്ശന് പറഞ്ഞു.
കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു മുന്നില്‍ നിന്നും നാമജപ ഘോഷയാത്രയായി മണികണ്ഠന് ആല്‍ത്തറയില്‍ എത്തിച്ചേര്‍ന്നു. ജില്ലാ സംഘ ചാലക് ആര്. ദിവാകരന് നാമജപധര്ണ്ണയ്ക്ക് ദീപം തെളിച്ചു. ക്ഷേത്രസംരക്ഷണസമിതി മേഖല അധ്യക്ഷന്‍ ശശിധരന്‍പിള്ള അധ്യക്ഷനായി. യോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ചേത്തടി സതീഷ്, സംസ്ഥാന ജനറല്‍സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് ആര് ഗോപാലകൃഷ്ണന്, സമിതി മേഖല സെക്രട്ടറി തേമ്പ്ര വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: