കാഞ്ചിയില്‍ കൈവച്ചുനില്പ്പാണ് എം.എം.മണി. പാര്‍ട്ടി എപ്പോള്‍ പറയുന്നോ അപ്പോള്‍ റെഡി. വെടിവയ്ക്കാന്‍. പാര്‍ട്ടിയുടെ മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. അയാള്‍ യോഗ്യതയില്ലാത്തയാളാണ്. അതുകൊണ്ടാണയാളെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റില്‍ മുന്‍കൈ എടുത്തിട്ടുണ്ട്. രാജേന്ദ്രനെ പോലുള്ള ഒരുത്തന് ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎം. അതുകൊണ്ടാണ്പാര്ട്ടി എപ്പോള്‍ പറഞ്ഞാലും വെടിവയ്ക്കാന്‍ റെഡിയെന്ന് പറഞ്ഞത്. അങ്ങിനെ തോക്കും പിടിച്ചുനില്‍ക്കുന്ന മണി ഒരുഭാഗത്ത്. മണിയുള്ള പാര്‍ട്ടിയിലേക്ക് ഇനി ഇല്ലെന്ന് രാജേന്ദ്രനും പ്രസ്താവിച്ചിട്ടുണ്ട്. വെടിയേല്‍ക്കാനും വെടിവയ്ക്കാനും തയ്യാറെടുത്തുനില്‍ക്കുന്ന ഒരുപാടാളുകളുള്ള പാര്ട്ടിയെന്നുസാരം. അതുതന്നെയല്ലെ സ്വപ്നയും പറയുന്നത്.
വെടിവയ്ക്കാന്‍ പൂതിയായിട്ടുള്ളവര് അതിനായി ക്ഷണിക്കുന്നു. വാ നമുക്ക് പോകാം. മൂന്നാറെങ്കില്‍ മൂന്നാര്‍. റൂമിലേക്കെങ്കില് റൂമില്‍. വീട്ടിലേക്കെങ്കില് വീട്ടില്‍. കുടിച്ച് കമ്മട്ടം വിഴുങ്ങിയമട്ടില്‍ ഇരിക്കുന്ന ചിത്രം കണ്ടില്ലെ. ഇതിനിടയിലെന്ത് ഗവര്‍ണറുടെ വെടി! സുപ്രീം കോടതിവിധി മുഖവിലക്കെടുത്താണ് മാന്യമായി ഇറങ്ങാന്‍ വിസിമാര്‍ക്ക് ഒരവസരം പറഞ്ഞുകൊടുത്തത്. അപ്പോഴേക്കും വന്നില്ലെ ഓരോരോ ഗുലുമാലുകള്. അങ്ങിനെ എങ്ങിനെ പറഞ്ഞുവിടാനൊക്കും. ഒരു പ്യൂണിനെപ്പോലും പറഞ്ഞുവിടാനൊക്കുമോ എന്ന് മുഖ്യമന്ത്രി. ഏതായാലും ഹൈക്കോടതി പറഞ്ഞതും അതു തന്നെ. ഗവര്‍ണര്‍ക്ക് താല്പര്യമുള്ളകാലത്തോളം ഇരിക്കാം!
അതിനിടയില്‍ മുദ്രാവാക്യം കേട്ടില്ലെ. “കൈയുംവെട്ടും, കാലും വെട്ടും. വേണ്ടിവന്നാല്‍ തലയും വെട്ടും’ ഡിവൈഎഫ്ഐക്കാരുടെ വകയാണിത്. അവരെ വെട്ടാനേ പഠിപ്പിച്ചുള്ളൂ. അവര്‍ വെട്ടിവെട്ടിക്കയറും. തലയില്ലാത്ത കവുങ്ങിലേക്കാണ് കയറ്റമെന്നുമാത്രം അറിയുന്നില്ല. ഒടുക്കം അറിഞ്ഞോളും. ആരിഫ് മുഹമ്മദ് ഖാന്റെ തിട്ടൂരവുമായി സര്‍വകലാശാലയില്‍ കയറിയാല്‍ കയറുന്നവന്റെ സര്‍വനാശം വിതച്ച് മിനുട്ടുകള്‍ തികയും മുന്‍പ് ഒരു വിസിക്ക് അധികചുമതല കിട്ടി. മെഡിക്കല്‍ സര്‍വകലാശാല വി.സി. ഡോ. മോഹന്‍ കുന്നുമ്മലിന്. അദ്ദേഹത്തിന് കേരള സര്‍വകലാശാലയുടെ അധിക ചുമതല നല്കി. അത് സ്വീകരിച്ച് അദ്ദേഹം കൂളായി എത്തി ചുമതലയേറ്റു. മുദ്രാവാക്യം ആഞ്ഞുവിളിച്ചവന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
ഒന്‍പതു വിസിമാര്ക്കുണ്ടായ ഞെട്ടലാണല്ലോ കേരളത്തെ ഞെട്ടിച്ചത്. അതിനെ തുടര്‍ന്നുള്ള ഗോഗ്വോവിളികള് കേട്ടാല്‍ ആരിഫ് മുഹമ്മദ് ഖാന് വാലും ചുരുട്ടി കിടന്നുറങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പിറ്റേദിവസം ദാ വന്നു പഴയപടി രണ്ട് വിസിമാര്‍ക്ക് നോട്ടീസ്. കേരള ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കാരണം കാണിക്കല്‍ നോട്ടിസ് നല്കി. സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഗവര്‍ണറുടെ നീക്കം. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ രണ്ടുപേര്‍ക്കും സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. ഡോ.സജി ഗോപിനാഥാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസി. മുബാറക് പാഷയാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിസി.
ചാന്‍സലറായ ഗവര്‍ണര്‍ അന്തിമതീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. പുറത്താകാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഒന്‍പതു വിസിമാര്‍ക്ക് അടുത്തമാസം മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാലാ വിസിമാര്‍ നാലിനകം കാരണം ബോധ്യപ്പെടുത്തണം. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എന്നിവയിലെ വിസിമാര്‍ക്കാണ് ആദ്യം നോട്ടിസ് നല്‍കിയത്.
സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ അഞ്ച് സര്‍വകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്ന് ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പറയുന്നു. മറ്റുള്ളവരുടെ നിയമനത്തിനു പാനല്‍ ഉണ്ടായിരുന്നെങ്കിലും സേര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഡോ.രാജശ്രീയെ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്കാന് സര്‍ക്കാരും സര്‍വകലാശാലയും തയാറെടുക്കുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി.
തനിമാടമ്പി സ്വാഭാവമാണ് തനിക്കെന്ന് പരസ്യമാക്കുകയാണ് ഇതിനിടയില്‍ മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഭരണഘടന വ്യാഖ്യാനിക്കുന്നത് തനിക്ക് തോന്നുംപടിയാണെന്നാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ വെല്ലുവിളിക്കുന്നതുവഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിറവേറ്റുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെ ആര്‍എസ്എസ് അജന്‍ഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപാഹ്വാനം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭരണത്തലവന് സംസ്ഥാനഭരണത്തിന്റെ അധിപനെതിര കലാപാഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസത്തയെ ബഹുമാനിക്കുന്നവര്‍ക്ക് ചേര്‍ന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നത്. ആര്‍എസ്എസ് ചട്ടുകമെന്ന് ഗവര്‍ണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യുജിസി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവര്‍ണര്‍ വഴങ്ങിക്കൊടുക്കണമോ എന്നും ചിന്തിക്കണം. വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാതനയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാകുമെന്ന് എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നതുകേട്ടാല്‍ തോന്നുക ആര്‍എസ്എസുകാര്‍ വിസിമാരാകാന്‍ ഒരുങ്ങി നില്‍പ്പുണ്ടെന്നാണ്. സഖാക്കളെ ഒന്നോര്‍ക്കുക ആര്‍എസ്എസ്സുകാര്‍ക്ക് ഇപ്പോള്‍ തന്നെ പിടിപ്പത് പണിയുണ്ട്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെ വിസി പണിക്ക് ആര്എസ്എസുകാരില്ല. പിന്നെ മുസ്ലീംലീഗുകാരെ സന്തോഷിപ്പിക്കാന്‍ അതുപകരിക്കുമെങ്കില്‍ വേണ്ടുവോളം പറഞ്ഞോളൂ. അതുകൊണ്ടൊന്നും നേരംവെളുക്കില്ലെന്ന് വിവരമുള്ള ലീഗുകാരെങ്കിലും ചിന്തിക്കാതിരിക്കില്ല. പിന്നെ ഗവര്‍ണര്‍ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചാണല്ലോ ഏറ്റവും ഒടുവിലത്തെ കോലാഹലം. ധനമന്ത്രിയുടെ കാര്യത്തില്‍ തൃപ്തിയില്ല. അത് ഭരണഘടനാവിരുദ്ധമെങ്കില്‍ അങ്ങിനെയൊരു തൃപ്തിയില്ലായ്മ എഴുന്നള്ളിക്കേണ്ടതുണ്ടായിരുന്നോ? അതും ആര്‍എസ്എസിന്റെ ഇഷ്ടപ്രകാരമെങ്കില് എല്ലായിടത്തും ആര്‍എസ്എസ് ഉമ്മാക്കി ചെലവാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: