ക്രെംലിന്‍: ആണവായുധ മിസൈല്‍ പരീക്ഷണാര്‍ത്ഥം പൊട്ടിച്ച് റഷ്യയുടെ മുന്നറിയിപ്പ്. പുടിന്‍ തന്നെ ഈ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. തന്ത്രപ്രധാനമായ ആണവ മിസൈലുകള്‍ പരീക്ഷണാര്‍ത്ഥം പൊട്ടിച്ചു. ഇതില്‍ ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്നു. എല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗു റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് പറഞ്ഞു.
ബാരെന്‍റ്സ് കടലില്‍ നങ്കൂരമിട്ട സിനേവ എന്ന മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശത്രു ആണവാക്രമണം നടത്തിയാല്‍ തിരിച്ചടിക്കാനാണ് പുടിന്റെ മേല്‍നോട്ടത്തില്‍ പരീക്ഷണം നടത്തിയതെന്ന് സെര്‍ഗി ഷൊയ്ഗു പറഞ്ഞു. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നുണ്ടെന്ന് റഷ്യ ആണവയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് പരീക്ഷണാര്‍ത്ഥമുള്ള മിസൈല്‍ തൊടുക്കല്‍.
ഉക്രൈന്‍ അതിവിനാശകാരിയായ ‘തെമ്മാടി’ ബോംബ് (ആണവ ബോംബ് തന്നെയാണ് ഉദ്ദേശിച്ചത്) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന റഷ്യയുടെ മുന്നറിയിപ്പ് യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ആണവബോംബുകൊണ്ട് മറുപടി നല്‍കാന്‍ റഷ്യ ഒരുങ്ങുന്നത്. ഉക്രൈന്‍ ആണവ ബോംബ് പ്രയോഗിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് റഷ്യ അമേരിക്കയ്‌ക്ക് നല്‍കിയിരിക്കുന്നത്.
സമാധാനചര്‍ച്ചകള്‍ക്കുള്ള ഒരു പഴുതും നല്‍കാതെ യുഎസിന്റെ നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ റഷ്യയ്‌ക്കെതിരെ ഉക്രൈനെ മറയാക്കി യുദ്ധം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ അതിശക്തമായനീക്കം. ആണവമിസൈലുകള്‍ പ്രയോഗിച്ചുതുടങ്ങിയാല്‍ യുദ്ധം വഴിവിട്ട് മറ്റൊരു നിലയിലേക്ക് നീങ്ങും. അത് ചിലപ്പോള്‍ ഒരു സര്‍വ്വനാശത്തിലേക്ക് തന്നെ വഴുതിപ്പോയേക്കാം.
ഉക്രൈന്‍ ഉഗ്രനാശം വിതയ്‌ക്കാന്‍ ശേഷിയുള്ള ഒരു തെമ്മാടി ബോംബ് ഒരുക്കുകയാണെന്ന് രഹസ്യസേന റിപ്പോര്‍ട്ട് കിട്ടിയ പശ്ചാത്തലത്തിലാണ് റഷ്യ കഴിഞ്ഞ ദിവസം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഉക്രൈനും യുഎസും ഇതിനെ റഷ്യയുടെ നുണപ്രചാരണമെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് ആണവമിസൈല്‍ പരീക്ഷണാര്‍ത്ഥം പൊട്ടിച്ച് റഷ്യ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: