തിരുവനന്തപുരം: ജീവനക്കാര്‍ സര്‍ക്കാരിന്റെ അവിഭാജ്യ ഭാഗമാണെന്നും ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തികഞ്ഞ സത്യസന്ധതയോടെയും നീതിയുക്തമായും പൊതുജനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് ജങ്ഷനു സമീപം നേതാജി നഗറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതുതായി നിര്‍മിച്ച ക്വാര്‍ട്ടേഴ്സ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജീവനക്കാര്‍ക്കായി പുതിയ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മറ്റു പ്രദേശങ്ങളില്‍നിന്നു ധാരാളംപേര്‍ ജോലി ചെയ്യാനെത്തുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളില്‍ ജീവനക്കാര്‍ക്കു താമസ സൗകര്യം ഒരുക്കുന്നതു പ്രധാന ഉത്തരവാദിത്തമായാണു സര്‍ക്കാര്‍ കാണുന്നത്. 845 എന്‍ജിഒ ക്വാര്‍ട്ടേഴ്സും 35 ഗസറ്റഡ് ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സുകളുമാണ് ഇപ്പോള്‍ ഉള്ളത്. ക്വാര്‍ട്ടേഴ്സിനു വേണ്ടിയുള്ള അപേക്ഷകള്‍ നോക്കിയാല്‍ ഇവ അപര്യാപ്തമാണ്. ഇതു മുന്‍നിര്‍ത്തിയാണു പുതിയ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്നത്.
7.85 കോടി ചെലവിലാണ് നേതാജി നഗറില്‍ പുതിയ ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചത്. മൂന്നു ബ്ലോക്കുകളിലായി 18 അപ്പാര്‍ട്ട്മെന്റുകളുണ്ട്. രണ്ടു ബാത്ത് അറ്റാച്ഡ് കിടപ്പുമുറികള്‍, ഒരു ഡ്രോയിങ് കം ഡൈനിങ് ഹാള്‍, അടുക്കള, വരാന്ത എന്നിങ്ങനെയാണു ക്വാര്‍ട്ടേഴ്സിന്റെ ഘടന. വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവുമുണ്ട്. നേതാജി നഗറില്‍ പല ഘട്ടങ്ങളിലായി ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. എന്‍.ജി.ഒ, ഗസറ്റഡ് ക്വാര്‍ട്ടേഴ്സുകള്‍ക്കൊപ്പം വാണിജ്യ കെട്ടിടങ്ങള്‍, ജീവനക്കാരുടെ മക്കള്‍ക്കായുള്ള ക്രഷര്‍, കളിസ്ഥലം, ചെറിയ യോഗങ്ങള്‍ക്കുള്ള സ്ഥലം, കമ്യൂണിറ്റി ഹാള്‍ എന്നിങ്ങനെ ടൗണ്‍ഷിപ്പ് മാതൃകയിലാണു നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ നല്ലൊരുഭാഗം ജീവനക്കാര്‍ക്കു താമസ സൗകര്യം ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലപ്പഴക്കം ചെയ്യുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കു പകരം പുതിയ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ക്വാര്‍ട്ടേഴ്സ് നിര്‍മാണം നടന്നുവരുന്നു. തിരുവനന്തപുരത്ത് ഹരിഹര്‍ നഗറില്‍ പുതിയ ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനു ടെന്‍ഡര്‍ പുരോഗമിക്കുന്നു. കൊല്ലത്ത് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനു ഭരണാനുമതി നല്കി. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി 2021ലെ കേരളപ്പിറവി ദിനത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ഇതിലൂടെ നാലു കോടിയോളം രൂപ ഇതുവരെ വരുമാനമായി ലഭിച്ചു. അരലക്ഷത്തിലധികം പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സിവില്‍ ടെന്‍ഡറും ഇലക്ട്രിക് ടെന്‍ഡറും പ്രത്യേകം ക്ഷണിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കോമ്പോസിറ്റ് ടെന്‍ഡര്‍ നടപ്പാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.
നേതാജി നഗറിലെ പുതിയ ക്വാര്‍ട്ടേഴ്സ് വളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജി.ആര്. അനില്‍, ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്, എ.എ. റഹിം എം.പി., വി.കെ. പ്രശാന്ത് എം.എല്‍.എ, കൗണ്‍സിലര്‍ മേരി പുഷ്പം, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍, റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: