കൊല്ലം: ചാത്തന്നൂര്‍ കരുണാലയം റോഡില്‍ ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ഓട കാരണം പ്രദേശവാസിക്ക് വീട്ടിലേക്ക് പ്രവേശിക്കാന്‍ തടസമുണ്ടെന്ന പരാതിക്ക് ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് അംഗം വി.കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. കരുണാലയം അനാഥാലയത്തിന് സമീപം താമസിക്കുന്ന വിനോദിന്റെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. പ്രവൃത്തി നടക്കുന്ന സമയത്ത് പരാതിക്കാരന്റെ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന് മൂന്നാഴ്ചയോളം കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തടസമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതി പരിഹരിച്ചതായി പഞ്ചായത്ത് കമ്മീഷനെ അറിയിച്ചെങ്കിലും കൊല്ലം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരായ പരാതിക്കാരന് തന്റെ പരാതി പരിഹരിച്ചിട്ടില്ലെന്ന് അറിയിച്ചു. ഓടക്ക് മുകളില്‍ സ്ലാബിട്ട് പരാതിക്ക് പരിഹാരം കാണാനാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. പരാതി പരിഹരിച്ച വിവരം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: