ന്യൂദല്‍ഹി: വിദേശ രാജ്യത്തിന്റെ ഭരണത്തലവനാകുന്നു ആദ്യത്തെ ആളല്ല ബ്രിട്ടന്‍ പ്രധാനമന്ത്രിയായ ഋഷി സുനക് . 10 രാജ്യങ്ങളുടെ പ്രധാനമന്ത്രി അല്ലങ്കില്‍ പ്രസിഡന്റ് പദവി ഭാരതീയ വംശജര്‍ വഹിച്ചിട്ടുണ്ട്.
പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സുറിനാം, മൗറേഷ്യസ്, ഗയാന, സേഷെല്‍സ്, മലേഷ്യ, ഫിജി, ട്രനിനാഡ്, അയര്‍ലന്റ് എന്നിവയാണ് അവ.
ഇതില്‍ രണ്ട് കേരള വംശജരും ഉണ്ട്. കാല്‍ നൂറ്റാണ്ടോളം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദും മൂന്നര വര്‍ഷം സിംഗപ്പൂര്‍ പ്രസിഡന്റായിരുന്ന ദേവന്‍ നായരും.
1981 ജൂലൈ 16 മുതല്‍ 2003 ഒക്ടോബര്‍ 31 വരെയുള്ള സുദീര്‍ഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടര്‍ച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു. 2018 മേയ് 10 ലെ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് അദ്ദേഹം ഒരിക്കല്‍ക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. മഹാതീറിന്റെ ഭരണത്തിന്‍ കീഴില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസനത്തിലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഇരുപത്തൊന്നാമത് സെക്രട്ടറി ജനറലായിരുന്ന അദ്ദേഹം മൂന്നാം ലോക രാഷ്‌ട്രങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി. വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്‌ട്രപതിയായിരുന്നു സി.വി. ദേവന്‍ നായര്‍ . 1981 ഒക്ടോബര്‍ 23ന് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 മാര്‍ച്ച് 28ന് രാജിവയ്‌ക്കുന്നതു വരെ സിംഗപ്പൂരിന്റെ രാഷ്‌ട്രപതിയായി സേവനമനുഷ്ഠിച്ചു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുനിന്ന് മലേഷ്യയിലേക്കു കുടിയേറിയ ഇല്ലത്തു വയലക്കര കരുണാകരന്‍ നായരുടെയും ചെങ്ങരവീട്ടില്‍ ശ്രീദേവി അമ്മയുടെയും മകനായി 1923 ആഗസ്ത് 5ന് മലേഷ്യയില്‍ ജനിച്ചു. പിതാവ് അക്കാലത്ത് മലേഷ്യയില്‍ ഒരു റബ്ബര്‍ എസ്‌റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. 1930കളിലെ സാമ്പത്തികത്തകര്‍ച്ച ദേവന്‍നായരുടെ കുടുംബത്തെയും ബാധിച്ചു. ഇതുമൂലം കുടുംബം സിംഗപ്പൂരിലേക്ക് താമസം മാറ്റി. ദേവന്‍ നായര്‍ക്ക് 10 വയസ്സായിരുന്നു അപ്പോള്‍ പ്രായം. തുടര്‍ന്ന് സിംഗപ്പൂരിലായിരുന്നു വിദ്യാഭ്യാസം. സീനിയര്‍ കേംബ്രിഡ്ജ് പരീക്ഷ പാസ്സായശേഷം അധ്യാപകനാകാനുള്ള പരിശീലനം നേടി. 1949 മുതല്‍ 51 വരെ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിനോക്കി.
അധ്യാപകരുടെ ക്ഷേമകാര്യങ്ങളില്‍ തത്പരനായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും അധ്യാപകസംഘടനയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ നയങ്ങള്‍ക്കെതിരെ അധ്യാപകരെ അണിനിരത്തുവാന്‍ സാധിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇതുമൂലം 1951ല്‍ അറസ്റ്റിലായി. 1953 വരെ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ദേവന്‍ നായര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. സിംഗപ്പൂരിലുടനീളം നിരവധി തൊഴിലാളി പണിമുടക്കുകള്‍ക്ക് ം നേതൃത്വം നല്‍കി
. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി എന്നൊരു രാഷ്‌ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതിനും നേതൃത്വം നല്‍കി. 1956 മുതല്‍ 59 വരെ വീണ്ടും തടവിലായി. തടവില്‍ കിടക്കവേ ഇംഗ്ലീഷ് സാഹിത്യപഠനങ്ങളില്‍ മുഴുകി. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള താത്പര്യം വെടിഞ്ഞ് പാര്‍ട്ടിയില്‍നിന്നു രാജിവയ്‌ക്കുകയും എല്ലാ പാര്‍ട്ടിബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. സ്വതന്ത്ര മലേഷ്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. സ്വതന്ത്രമായ അഭിപ്രായഗതികളില്‍ ഉറച്ചുനിന്നതുമൂലം ഈ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു.
അതിനുശേഷം അധ്യാപകവൃത്തിയിലേക്കും പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്കും മടങ്ങി. നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായും (196465) സെക്രട്ടറി ജനറലായും (196979) പ്രസിഡന്റായും (197981) ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1964ല്‍ മലേഷ്യന്‍ പാര്‍ലമെന്റില്‍ അംഗമായി. മലേഷ്യയില്‍നിന്ന് വേറിട്ടുമാറി സിംഗപ്പൂര്‍ 1965ല്‍ റിപ്പബ്ലിക് ഒഫ് സിംഗപ്പൂര്‍ ആയി. 1969 മുതല്‍ സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ് ദേവന്‍ നായര്‍ പ്രവര്‍ത്തനം തുടര്‍ന്നത്. 1979ല്‍ സിംഗപ്പൂരില്‍ പാര്‍ലമെന്റംഗമായി. 1981ല്‍ ഇദ്ദേഹം സിംഗപ്പൂരിന്റെ പ്രസിഡന്റ്പദവിയിലെത്തി. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1985 വരെ ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് പൊതുജീവിതത്തില്‍നിന്നു വിരമിച്ചു. തുടര്‍ന്നുള്ള കാലം വിദേശത്താണ് ചെലവഴിച്ചത്. സംഗീതം, നാടകം, ഇംഗ്‌ളീഷ് സാഹിത്യം എന്നീ മേഖലകളില്‍ ദേവന്‍ നായര്‍ തത്പരനായിരുന്നു. ദേവന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 1963ല്‍ പബ്‌ളിക് സര്‍വീസ് സ്റ്റാര്‍ എന്ന ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു. സിംഗപ്പൂര്‍ സര്‍വകലാശാല 1976ല്‍ ഓണററി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഹൂ ലിവ്‌സ് ഇഫ് മലേഷ്യ ഡൈസ് ?, റ്റുമാറോദ് പെരില്‍ ആന്‍ഡ് ദ് പ്രോമിസ്, സിംഗപ്പൂര്‍സോഷ്യലിസം ദാറ്റ് വര്‍ക്‌സ്, ഏഷ്യന്‍ ലേബര്‍ ആന്‍ഡ് ദ് ഡൈനമിക്‌സ് ഒഫ് ചെയ്ഞ്ച് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
2005 ഡിസംബര്‍ 6ന് കാനഡയിലെ ഒന്റാറിയോയില്‍ നിര്യാതനായി.
മൗറീഷ്യസിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്‌ട്ര പിതാവുമായ സീവൂസാഗൂര്‍ രാംഗൂലം ആണ് വിദേശ രാജ്യത്ത് ഭരണത്തിലേറിയ ആദ്യ ഇന്ത്യന്‍ വംശന്‍. അദ്ദേഹത്തിന്റെ മകന്‍ നവീചന്ദ്ര രാംഗൂലം 2005 മുതല്‍ 2014 വരെ മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായിരുന്നു.
നിലവില്‍ ഏഴു രാജ്യങ്ങള്‍ക്കാണ് ഭാരതവംശജര്‍ ഭരണതലപ്പത്തെങ്കിലും ഇതുവരെ 31 പേര്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഭരണം കയ്യാളിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: