കൊല്ലം: വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജിയിലെ ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഗവര്‍ണറുടെ അധികാരം ആവര്‍ത്തിച്ച് അരക്കിട്ടുറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. നിയമനം നടത്തിയ അധികാരിക്ക് നിയമനം റദ്ദാക്കാന്‍ അധികാരമില്ലെ, വിശദീകരണം ചോദിച്ചത് മാന്യമായി രാജിവച്ച് പുറത്തുപോകാനായിരുന്നില്ലേ, നിങ്ങളത് ഉപയോഗിക്കേണ്ടിയിരുന്നില്ലെയെന്നും കോടതി പരാമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ അധികാരത്തില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നലെ അത് ഹൈക്കോടതി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് വിസിമാരുടെയും രാജി സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെടണമെന്നും ഗവര്‍ണറോട് പ്രഖ്യാപിച്ച യുദ്ധത്തില്‍ നിന്ന് നിരുപാധികം പിന്മാറി മുഖ്യമന്ത്രി മാപ്പു പറയണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. വിസിമാര്‍ മാന്യന്മാരാണെങ്കില് ഇനിയും കടിച്ചുതൂങ്ങി നില്‍ക്കാതെ രാജിവയ്ക്കണം. നിയമപരമായ പ്രശ്നത്തെ നിയമപരമായി കാണാതെ തെരുവില്‍ നേരിടാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.
കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും രാഷ്ട്രപതിയും ഗവര്‍ണറും എല്ലാം കേരളത്തിനും ബാധകമാണ്. ഭരണഘടന വിദഗ്ധരോട് രാജ്ഭവന്റെ പ്രസക്തി എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കണം. ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി മാന്യമായ ഭാഷ ഉപയോഗിക്കണം, ഇതൊരു നിയമ പ്രശ്നമാണ് തെരുവിലല്ല സുപ്രീം കോടതിയിലാണ് മുഖ്യമന്ത്രി വാദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നാണംകെടാതെ ഈപ്രശ്നത്തില്‍ നിന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പിന്മാറണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: