തിരുവനന്തപുരം: പോലീസുകാരുടെ മോഷണവും പിടിച്ചുപറിയും പൊതുജനത്തിന് നേരെയുള്ള അതിക്രമവും കൊണ്ട് നാണം കെട്ട് ആഭ്യന്തര വകുപ്പ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുമായുള്ള സേനയ്ക്കുള്ളിലെ അടുപ്പവും പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പോലീസുകാരുടെ മോഷണവും അക്രമങ്ങളും തുടര്‍ക്കഥയാകുകയാണ്.
പോപ്പുലര്‍ ഫ്രണ്ടു നേതാക്കള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയത് പിടിക്കപ്പെട്ടതോടെയാണ് പോലീസിനുള്ളിലെ പിഎഫ്ഐ സാന്നിധ്യം മറനീക്കി പുറത്ത് വന്നത്. പിഎഫ്ഐ നിരോധനത്തിന് പിന്നാലെ അറസ്റ്റിലായ പിഎഫ്ഐകാര്ക്ക് സഹായം ചെയ്തുകൊടുത്ത പോലീസുകാരനും സസ്പെന്‍ഷനിലായി. ഇതിന്റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പാണ് കാഞ്ഞിരപ്പള്ളിയില്‍ ഇടുക്കി എആര്‍ ക്യാമ്പ് സിപിഒ പി.വി. ഷിഹാബ് മാങ്ങ മോഷ്ടിക്കുന്നത്. ഒളിവില്‍പോയ പ്രതിയെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ കച്ചവടക്കാരനെ സ്വാധീനിച്ച് കേസ് കോടതിയില്‍ നിന്നും പിന്‍വലിപ്പിച്ചു.
വിദ്യാര്‍ഥികളും സൈനികനും സ്ത്രീകളുമടക്കം അക്രമത്തിന് ഇരയായി. ഇക്കഴിഞ്ഞ 13ന് മലപ്പുറത്ത് കിഴിശ്ശേരിയില്‍ രണ്ട് പോലീസുകാര്‍ അതിക്രൂരമായി മര്‍ദിച്ചത് കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയായിരുന്നു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസ്, എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ ഖാദര്‍ എന്നിവരാണ് വിദ്യാര്‍ഥിയെ ആക്രമിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാര്‍ഥിയെയാണ് അതിക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. പരാതി ഉയര്‍ന്നതോടെ ഇരുവരെയും വീടിനടുത്തേക്ക് സ്ഥലം മാറ്റം നല്കി. സംഭവം വിവാദമായതോടെയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്യാനെങ്കിലും തയ്യാറായത്.
വാളയാറില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സ്ത്രീ ഉള്‍പ്പെട്ട കുടുംബമാണ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മംഗലത്താന് പള്ളിയിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വാളയാര്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്കുമാറും ഡ്രൈവറും ചേര്‍ന്നു ലാത്തി ഉപയോഗിച്ചായിരുന്നു അക്രമം. വാളയാര്‍ കനാല്‍പ്പിരിവ് സ്വദേശികളായ ഹൃദയസാമി (50), സഹോദരന് ജോണ്‍ ആല്‍ബര്‍ട്ട് (40), ജോണിന്റെ ഭാര്യ ഡെയ്സി (35) എന്നിവരാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ഏഴുദിവസം മുമ്പാണ് സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് കോതമംഗലം എസ്ഐ മാഹിന്‍ സലീമിന് സസ്പെന്ഷന് ലഭിക്കുന്നത്. കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോഷന് റെന്നിക്കാണ് മര്‍ദനമേറ്റത്. ആ സംഭവത്തില്‍ എസ്എയ്ക്ക് ഉടനടി സസ്പെന്ഷന് നല്കി. ഇതിനിടിയിലാണ് കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികന് വിഷ്ണുവിനെയും സഹോദരന് വിഘ്നേഷിനെയും ക്രൂര മര്‍ദനത്തിനിരയാക്കിയും എംഡിഎംഎ കേസില്‍ കുടുക്കി ജയിലില്‍ അടച്ചതും. ക്രൂരമര്‍ദനത്തിന്റെ തെളിവുകള്‍ വന്നെങ്കിലും പതിവുപോലെ സ്ഥലംമാറ്റം മാത്രമാണ് ഉണ്ടായത്.
സംഭവം വലിയ വാര്‍ത്തയായതോടെയാണ് എസ്എച്ച്ഒ സിഐ വിനോദ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്‍പിള്ള എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. ഇതിന്റെ ചര്‍ച്ചകള്‍ക്കിടയിലാണ് അയല്‍വാസിയുടെ സ്വര്‍ണം മോഷ്ടിച്ചതിന് കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ പോലീസുകാരന് അമല്‍ദേവ് പിടിയിലാകുന്നത്. ഒന്നിനുപിറകെ ഒന്നായി പോലീസിലെ മോഷ്ടാക്കളും അക്രമികളും പുറത്ത് വന്നതോടെ നാണംകെട്ട അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: