തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി തുറന്ന യുദ്ധം പ്രഖ്യാപിച്ചതോടെ കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വിസിമാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഒക്ടോബര്‍ 24 തിങ്കളാഴ്ച രാവിലെ 11മണിക്കകം വിസിമാര്‍ രാജിവെയ്ക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിര്‍ദേശം രാജ്ഭവനില്‍ നിന്നും ബന്ധപ്പെട്ട സര്‍വ്വകലാശാലകളിലെ വിസിമാര്‍ക്ക് നല്കി.
ചാന്‍സലര്‍ എന്ന അധികാരപദവി ഉപയോഗിച്ചാണ് വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് കേരള സര്‍വ്വകലാശാല വിസി വി.പി. മഹാദേവന് പിള്ള. ഇദ്ദേഹത്തോടൊപ്പം മറ്റ് എട്ട് സര്‍വ്വകലാശാലകളിലെ ഗവര്‍ണര്‍മാരോടും രാജിവെയ്ക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എംജി സര്‍വ്വകലാശാല, കുസാറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല, എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കോഴിക്കോട് സര്‍വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല തുടങ്ങി കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും വിസിമാരോട് രാജിവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വിസി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരണമായ നടപടി എടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം റദ്ദാക്കിയിരുന്നു. ഈ വിധിയുടെ ചുവടുപിടിച്ചാണ് ഗവര്‍ണറുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: