തിരുവനന്തപരും:വിഷ്ണു എന്ന സൈനികനെ കിളികൊല്ലൂര്‍ പൊലീസ് തല്ലിച്ചതച്ച വിഷയത്തില്‍ ജസ്റ്റിസ് ഫോര്‍ വിഷ്ണു എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിനെതിരെ സൈന്യത്തിന്റെ നടപടികള്‍ക്കായി ഉറ്റുനോക്കുകയാണ് കേരളം.
ആഗസ്ത് 25ന് വിഷ്ണുവിനെതിരെ കേസെടുത്ത പൊലീസ് സൈന്യത്തെ ഉടന്‍ വിവരം അറിയിക്കേണ്ടതുണ്ടെങ്കിലും അതുണ്ടായില്ല. ഒരു സൈനികനെതിരെ കേസെടുത്താല്‍ തൊട്ടടുത്ത സൈനികക്യാമ്പില്‍ അറിയിക്കണമെന്നതാണ് ചട്ടം.
സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നതാണ് വിവരമെങ്കിലും ഇതുവരെ നടപടിയെക്കുറിച്ച് വ്യക്തമായ വിവരമില്ല. കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വരെ വകുപ്പുണ്ട്. അങ്ങിനെയെങ്കില്‍ കേസില്‍ ഇവരെ തല്ലിച്ചതച്ച എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും. സൈന്യത്തില്‍ കാഞ്ചി വലിക്കുന്ന നിന്റെ വിരലുകള്‍ ഒടിക്കും എന്ന രീതിയിലാണ് പൊലീസ് സൈനികന് നേരെ ആക്രോശിച്ചതെന്ന് പറയുന്നു. ആദ്യം സൈനികന് വിഷ്ണുവിന്റെ മുഖത്തടിയ്ക്കുന്ന എഎസ് ഐ പ്രകാശ് ചന്ദ്രന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായി മുന്നിലുണ്ട്.
25 വയസ്സായ തനിക്ക് ഇപ്പോള്‍ പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് വിഷ്ണു എന്ന സൈനികന് ഇപ്പോള്‍. പൊലീസ് സെലക്ഷന് കിട്ടിയ മറ്റൊരു മകന് ആ സെലക്ഷന് പോകാന്‍ കഴിയാത്ത വിധം പരിക്കേറ്റിരിക്കുകയാണെന്ന് പറഞ്ഞ് അമ്മയും പൊട്ടിക്കരയുന്നു. തെരുവ് നായ്ക്കളേക്കാള് ക്രൂരന്മാരായാണ് പൊലീസ് സൈനികനെ ആക്രമിച്ചതെന്ന് ചാനല്‍ ചര്‍ച്ചയില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടിരുന്നു.
എപ്പോഴും സംഭവിക്കുന്നതുപോലെ ശിക്ഷ ഒരു സസ്പെന്‍ഷനില്‍ ഒതുക്കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഇക്കുറി നടക്കുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് രൂക്ഷമായ പ്രതികരണങ്ങളാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. തെറ്റു ചെയ്യുന്ന സൈനികനെ സര്‍വ്വീസില്‍ നിന്നും തിരിച്ചുവിളിക്കാന്‍ സൈന്യത്തില്‍ സംവിധാനമുണ്ടെങ്കില്‍ തെറ്റു ചെയ്യുന്ന പൊലീസുകാരനെയും സര്‍വ്വീസില്‍ നിന്നും നിക്കം കെയ്യാന്‍ സംവിധാനം വേണമെന്നാണ് മുന്‍ സൈനികന് മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: