”ഭാരതത്തിന്റെ ഏകതയെ ശത്രുപക്ഷത്ത് നിര്‍ത്താനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ലോക് മന്ഥന് എന്ന പരിപാടിയുടെ പ്രസക്തി. പലപല രാഷ്ട്രങ്ങളുടെ സഞ്ചയമാണ് ഭാരതം എന്ന വാദത്തിനും പ്രത്യയശാസ്ത്രത്തിനുമുള്ള സാംസ്കാരികമായ മറുപടിയാണ് ഈ കൂടിച്ചേരല്‍”
സെപ്തംബര്‍ 21 മുതല്‍ 24 വരെ അസമിലെ ഗോഹാട്ടിയില്‍ നടന്ന ലോക് മന്ഥനെ കുറിച്ച് അതിന്റെ മുഖ്യസംഘാടകനും മലയാളിയുമായ ജെ. നന്ദകുമാറിന്റെ വാക്കുകളാണിത്. ഭാരതീയ ജനസംസ്കൃതിയെ കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകളും ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രകടമാക്കുന്ന കലാവതരണങ്ങളുമാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക് മന്ഥന്റെ ഉള്ളടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ദേശത്തനിമയുടെ രത്നഖനികള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുക എന്നതാണ് ലക്ഷ്യം.
പ്രജ്ഞാപ്രവാഹ് എന്ന ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബൗദ്ധികസാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവത്തിന്റെ തുടക്കം 2016 ല്‍ ഭോപ്പാലിലായിരുന്നു. 2018 ല്‍ റാഞ്ചിയില്‍ രണ്ടാം ലോക് മന്ഥന് അരങ്ങേറി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് മൂന്നാമത്തെ ലോക് മന്ഥന് ഗോഹാട്ടിയില്‍ നടന്നത്. നാടോടിപാരമ്പര്യം ആയിരുന്നു ഈ വര്‍ഷത്തെ ലോക്മന്ഥന്റെ മുഖ്യവിഷയം. ഭാരതമെന്ന വിസ്മയരാഷ്ട്രത്തിന്റെ വൈവിധ്യപൂര്‍ണമായ കലാസാംസ്കാരിക പാരമ്പര്യത്തെയും, എല്ലാ വൈവിധ്യങ്ങളെയും ഒരുമിപ്പിക്കുന്ന സാംസ്കാരികമായ ഏകതാനതയും തൊട്ടറിയാനുതകുന്നതായിരുന്നു ബ്രഹ്മപുത്രാതീരത്തു നടന്ന ഈ മഹാമേള.
വൈവിധ്യങ്ങളെ ആഘോഷിക്കുന്നതോടൊപ്പം രാഷ്ട്രസ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന സാംസ്കാരിക ഏകതയെ ബോധ്യപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. അവരില്‍ കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും അക്കാദമിക് പണ്ഡിതന്മാരുമൊക്കെയുണ്ട്. ആതിഥേയ സംസ്ഥാനമായ അസം കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രതിനിധികളെത്തിച്ചേര്ന്നത് കേരളത്തില്‍ നിന്നാണ്. അമ്പത്തിയൊന്നു പേര്. ആദ്യദിവസം തന്നെ ഇക്കാര്യം സന്തോഷത്തോടെ മലയാളി പ്രതിനിധികളെ അറിയിച്ചത് പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനായ ജെ. നന്ദകുമാര്‍ തന്നെ.
അസമിലെ ‘തുഞ്ചന്‍ പറമ്പില്‍’
ഗൊഹാട്ടിയിലെ ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രയായിരുന്നു ലോക് മന്ഥന്റെ വേദി. മലയാളികള്‍ക്ക് തുഞ്ചത്തെഴുത്തച്ഛന്‍ എങ്ങനെയാണോ അതുപോലെയാണ് അസ്സം ജനതയ്ക്ക് ശങ്കരദേവന്‍. അതുകൊണ്ട് ശങ്കര്‍ദേവ കലാക്ഷേത്രയെ അസ്സം ജനതയുടെ തുഞ്ചന്‍ പറമ്പെന്ന് വിളിക്കാം. 15-16 നൂറ്റാണ്ടുകളിലായി ജീവിച്ച അദ്ദേഹം കവിയും സാമൂഹ്യപരിഷ്കര്‍ത്താവും നടനും നാടകകാരനുമൊക്കെയായിരുന്നു. 118 വയസ്സുവരെ ജീവിച്ച ശങ്കരദേവന്‍ ഏകശരണ എന്ന പേരിലുള്ള വൈഷ്ണവപ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്. ശങ്കരദേവ സ്മാരകമായ കലാക്ഷേത്രയിലെ ഓഡിറ്റോറിയങ്ങളിലും, ഏക്കറുകണക്കിന് പരന്നുകിടക്കുന്ന കലാക്ഷേത്രയുടെ പറമ്പിലുയര്ത്തിയ പന്തലുകളിലുമൊക്കെയായാണ് ലോക് മന്ഥന്റെ വിവിധ പരിപാടികള്‍ അരങ്ങേറിയത്.
ഭാരതത്തിന്റെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സെപ്തംബര്‍ 22ന് ലോക് മന്ഥന് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
വേരുകളിലൂന്നി രാഷ്ട്രം അഭിമാനത്തിലേക്കുയരുന്ന ചരിത്രവേദിയാണ് ലോക്മന്ഥന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ നാടന്‍ പാരമ്പര്യങ്ങളുടെ സംഗമമാണിത്. സംവാദാത്മകതയാണ് ഭാരതത്തിന്റെ സൗന്ദര്യമെന്നും, പ്രൗഢമായ സംവാദപാരമ്പര്യത്തെ മടക്കിക്കൊണ്ടുവരണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഭഗവത്ഗീതയും ഉപനിഷത്തുക്കളുമൊക്കെ മുന്നോട്ടുവച്ചത് സംഭാഷണത്തിലൂടെയുള്ള തത്വവിചാരമാണ്. സംവാദവും സംഭാഷണവും ചര്‍ച്ചയുമാണ് ഭാരതീയവിചാരധാരയെ മുന്നോട്ടുനയിക്കുന്നത്. നമ്മുടെ സമ്പന്നമായ ഭൂതകാലത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സംവാദാത്മകമായ അന്തരീക്ഷത്തിലൂടെ ദേശീയ ഏകതയെ ഉറപ്പിക്കുന്നതില്‍ ലോക്മന്ഥന് പോലുള്ള സംഗമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ സംസ്കാരത്തിന് നേരെ ഇടത് ലിബറലുകളും കപട മതേരവാദികളും നടത്തുന്ന ആക്രമണത്തെ ധൈഷണികമായി വേണം ചെറുക്കാന്‍ എന്നദ്ദേഹം പറഞ്ഞു. ഭാരതം 1947 ന് ശേഷം രൂപപ്പെട്ട രാജ്യമല്ല. 5000 വര്‍ഷത്തെ ചരിത്രമുള്ള നമ്മുടെ മാതൃഭൂമി ജീവസ്സുറ്റ ഒരു ദേവതാ സങ്കല്പമാണെന്നും അദ്ദേഹം പറഞ്ഞു. അസം ഗവര്‍ണര്‍ പ്രൊഫ. ജഗ്ദീഷ് മുഖി മുഖ്യാതിഥിയായി. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ, ലോക് മന്ഥന് 2022 വര്‍ക്കിങ് പ്രസിഡന്റ് ഡോ. ഗാര്‍ഗി സൈക്കിയ മൊഹന്ത, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായി.
ദേശാന്തരങ്ങളുടെ കലാവൈവിധ്യം
പ്രമുഖ നാടന്‍കലാ ഗവേഷകനും ആദിവാസി ലോക് കലാ അക്കാദമിയുടെ മുന്‍ ഡയറക്ടറുമായ പത്മശ്രീ ഡോ. കപില്‍ തിവാരിയുടെ ‘ലോക് പരമ്പര’ എന്ന വിഷയത്തിലുള്ള പ്രഭാഷണത്തോടെയാണ് ലോക് മന്ഥനിലെ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. നാടോടി പാരമ്പര്യത്തിലെ ശക്തി ഉപാസനാസങ്കല്പം, അന്നദാനവും തീര്‍ത്ഥാടനങ്ങളും ഭാരതത്തില്‍, കൃഷിയും ഭക്ഷ്യസംസ്കാരവും നാടോടി പാരമ്പര്യത്തില്‍, നാടോടി പാരമ്പര്യത്തിലെ കഥപറച്ചിലും വിദ്യാഭ്യാസവും, നാടോടി പാരമ്പര്യത്തിന്റെ സാംസ്കാരിക ഭൂമിക തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടന്നു.
സോണാല്‍ മാന്‍സിങ്, ഡോ. പങ്കജ് സക്സേന, പ്രൊഫ. അഭിരാജ് രാജേന്ദ്ര മിശ്ര, ഡോ. നീരജ എ. ഗുപ്ത, ജിഷ്ണുദേവ് വര്‍മ്മ, ഡോ. സുഖ്ദേവ് റാവു, റനോജ് പെഗു, പ്രൊഫ. സുനില്‍ അസോപ, പ്രൊഫ. ബി.ആര്. കാംബോജ്, ഗിരീഷ് വൈ. പ്രഭുനെ, ഡോ. സുജാത മിരി, പ്രൊഫ. അര്‍ച്ചന ബറുവ, ഡോ. സന്തോഷ് കുമാര്‍, ഡോ. അശ്വിന് മഹേഷ് ഡാല്‍വി, പ്രൊഫ. എസ്.എ. കൃഷ്ണയ്യ തുടങ്ങിയ അക്കാദമിക രംഗത്തും സാംസ്കാരിക രംഗത്തും അറിയപ്പെടുന്ന നിരവധി പേരാണ് മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സംവാദങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചത്. നാഗാലാന്റിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഭാരതീയ ജനതാപാര്‍ട്ടിയുടെ നാഗാലാന്റ് സംസ്ഥാന അധ്യക്ഷനുമായ തെംജന്‍ ഇമ്ന അലോങ്, ഭിന്നലിംഗത്തില്‍ പെട്ട സന്ന്യാസിമാരുടെ ആശ്രമമായ കിന്നര്‍ അഗാഡയില്‍ നിന്നെത്തിയ മാതാ പവിത്രാനന്ദഗിരി എന്നിവരുടെ സാന്നിധ്യവും വാക്കുകളും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
ഭാരതത്തിലെ വിവിധ ദേശങ്ങളിലുള്ള തനിമയാര്‍ന്ന കലാരൂപങ്ങളുടെ അവതരണം നാല് ദിവസവും ലോക് മന്ഥന് വേദിയെ ഉത്സവലഹരിയാലാഴ്ത്തി. പ്രത്യേകിച്ചും ഇന്ത്യയുടെ സപ്തസോദരികളായി അറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍. രാത്രി വൈകുവോളം പ്രധാനപന്തലില്‍ കലാവതരണങ്ങള്‍ നടന്നു. അസമില്‍ നിന്നുള്ള ബിഹു, സത്രിയ, ബാര്ദ്വിശിഖ്ല, ഹംജര്, ദൊമഹി, കികാങ്, ഗുംറാഗ്, ജുമുര്‍, മിസോറാമിലെ ചിറോ, നാഗാലാന്റിലെ തുവു ഷെലെ ഫേത (കോഴിനൃത്തം), മണിപ്പൂരിലെ പുംഗ് ചോലോം, താങ് താ, അരുണാചല്‍ പ്രദേശിലെ റിക്കമ്പാദ തുടങ്ങിയ നൃത്തരൂപങ്ങള്‍ അരങ്ങേറി. പ്രശസ്ത അസമീസ് ഗായകരായ കല്പന പട്വാരിയും മയൂരി ദത്തയും അവതരിപ്പിച്ച അസമീസ് നാടന്‍ പാട്ടുകളുടെ അവതരണവും ആകര്‍ഷകമായി. ഒപ്പം കര്‍ണാടകത്തില്‍ നിന്നുള്ള യക്ഷഗാനവും ജോഗട്ടി നൃത്തവുമുണ്ടായി. കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലോക് മന്ഥന് പ്രതിനിധികള്‍ക്കൊപ്പം നൂറുകണക്കിന് പ്രദേശവാസികളും എത്തിച്ചേര്‍ന്നു.
ദേശാന്തരങ്ങളിലെ ആചാരവൈവിധ്യത്തെ അവതരിപ്പിക്കുന്നതിനായി സമാപനദിവസം രാവിലെ നടത്തിയ തമിഴ്നാട്, രാജസ്ഥാന്, കേരള, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവാഹ ചടങ്ങുകളുടെ പ്രദര്‍ശനാവതരണം കൗതുകമായി. വൈവിധ്യങ്ങള്‍ക്കൊപ്പം തന്നെ ഏറെ സമാനതകളും വിവാഹച്ചടങ്ങുകളില്‍ കാണാനായി.
സംസ്കാരഖനിയുടെ പ്രദര്‍ശിനി
ലോക് മന്ഥന് നഗരിയില്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍ ഭാരതത്തിന്റെ, പ്രത്യേകിച്ചും വടക്കുകിഴക്കന്‍ ഇന്ത്യയുടെ ദേശത്തനിമയുടെ സവിശേഷതകളിലേക്ക് വിരല്‍ചൂണ്ടുന്നു.
ശാക്തേയാനുഷ്ഠാനങ്ങളുടെയും നാട്ടുചികിത്സയുടെയും മന്ത്രവാദത്തിന്റെയും നാടായ മയോങ് എന്ന അസം ഗ്രാമത്തെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനാലയം കാമാഖ്യ ക്ഷേത്രത്തിന്റെ മാതൃകയിലായിരുന്നു. ഇവിടെ കാമാഖ്യക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ബ്രഹ്മപുത്രയുടെ തീരത്തുള്ള മയോങ് ഗ്രാമം തന്ത്രവിദ്യയുടെ കളിത്തൊട്ടില്‍ എന്നാണറിയപ്പെടുന്നത്. താന്ത്രിക-മാന്ത്രിക ക്രിയകള്‍ക്കുപയോഗിക്കുന്ന വിവിധ വസ്തുക്കള്‍ മാത്രമല്ല, മന്ത്രവാദഗ്രന്ഥങ്ങളുമൊക്കെ ഇവിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മാന്ത്രികക്രിയകള്‍ ചെയ്യുന്ന മയോങ് നിവാസികളെയും നമുക്കിവിടെ പരിചയപ്പെടാന്‍ കഴിഞ്ഞു.
മുഖംമൂടി നിര്‍മ്മാണത്തിലും നാടോടിക്കലകളിലും പ്രശസ്തമായ മജുലി ഗ്രാമത്തെ കുറിച്ചുമുണ്ട് പ്രദര്‍ശനം. വേദിക് സയന്‍സിനെ കുറിച്ചുള്ള പ്രദര്‍ശനം, അസമിന്റെ തദ്ദേശീയ കായിക വിനോദങ്ങളെയും കളിയുപകരണങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, നോര്‍ത്ത് ഈസ്റ്റ് ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടങ്ങിയവയൊക്കെ കാണാനുള്ള അസുലഭമായ അവസരമാണ് ലോക് മന്ഥന് പ്രതിനിധികള്‍ക്ക് ലഭിച്ചത്. അസ്സമിലെ ഗോത്രവര്‍ഗക്കാരായ മിസിങ് സമുദായത്തിന്റെ ഭക്ഷണമുള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സ്റ്റാളുകളും അസമിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ വാങ്ങാനുള്ള സ്റ്റാളുകളും പ്രദര്ശനനഗരിയിലുണ്ടായിരുന്നു. നഗരിയിലെ ചെറിയ രണ്ട് സ്റ്റേജുകളിലായി നാല് ദിവസവും നിരന്തരം നാടന്‍ കലാപരിപാടികള്‍ അരങ്ങേറി. അവയിലെടുത്തുപറയേണ്ടത് ബിനീതദേവിയുടെ നേതൃത്വത്തിലുള്ള പാവകളിയാണ്. അസമിലെ നാടോടി ഗാനങ്ങള്‍ക്കൊപ്പം വിരലുകളിലിറുക്കിയ ചരടുകളിലൂടെ ബിനീതദേവിയും സംഘവും പാവകളെ നൃത്തം ചെയ്യിക്കുന്നതിന്റെ കരവിരുത് ആകര്‍ഷകമാണ്. സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും ടാഗോര്‍ നാഷണല്‍ റിസര്‍ച്ച് സ്കോളര്‍ഷിപ്പും നേടിയിട്ടുള്ള ബിനീത പാവകളിയില്‍ പിഎച്ചഡി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
കേരള ഗവര്‍ണറും ദത്താജിയും
കേരളത്തിന്റെ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനായിരുന്നു സമാപനച്ചടങ്ങില്‍ മുഖ്യാതിഥി. അധ്യക്ഷന്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും. ഭാരതീയ ചിന്തയും മൂല്യങ്ങളും ലോകത്തിന് അനുകരിക്കാന്‍ പറ്റുന്ന മാതൃക ആണെന്നും, അവ നശിക്കാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിരോധം ആര്‍ക്കും എതിരല്ല. ഭാരതത്തിനു സാര്‍വ്വജനീന കാഴ്ചപ്പാടുണ്ട്. നീ, ഞാന്‍ എന്നുള്ള പശ്ചാത്യ വേര്‍തിരിവ് ഭാരതം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാണ് വസുധൈവകുടുംബം എന്ന ആശയം ഇവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തില്‍ ജീവിതത്തെ ചലനാത്മകമാക്കുന്നതെല്ലാം നാടോടി പാരമ്പര്യത്തില്‍ നിന്നുള്ളവ ആണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ദത്താത്രേയ ഹൊസബാളെ പറഞ്ഞു. നാടോടി സംസ്കാരത്തിന്റെ അറിവുകള്‍ മിക്കതും ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയല്ല, മറിച്ച് ജനജീവിതത്തില്നിന്നുള്ളവയാണ്. നാടോടി പാരമ്പര്യം ഏറ്റവും നന്നായി ഉള്‍കൊള്ളുന്ന ജനസമൂഹങ്ങള്‍ ഉള്ള വടക്കുകിഴക്കന്‍ മേഖല ആണ് ലോക് മന്ഥന് നടത്താന്‍ ഏറ്റവും അനുയോജ്യം. മുഴുവന്‍ ഭാരതത്തിന്റെയും പരിഛേദമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്ഞാ പ്രവാഹ് സഹ സംയോജക് ശ്രീകാന്ത് കട്ക്കരെ, സംസ്കാര്‍ ഭാരതി ദേശീയ സംഘടനാസെക്രട്ടറി അഭിജിത് ഗോഖലെ, നാനീ ഗോപാല്‍ മോഹന്ത എന്നിവര്‍ സമാപന സഭയില്‍ സംബന്ധിച്ചു. ഡോ. മല്ലിക കണ്ടാലിയും സംഘവും ഭാരത വന്ദനം നൃത്ത പരിപാടി അവതരിപ്പിച്ചു.
സമാപനപരിപാടി കഴിഞ്ഞ് തിരിച്ച് പോകുന്ന വഴിയില്‍ മലയാളി പ്രതിനിധികളെ കണ്ട ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കാര്‍ നിര്‍ത്തി ചാടിയിറങ്ങി ചേര്‍ത്തുപിടിച്ച് കുശലം പറഞ്ഞത് കേരളത്തിലെ പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: