ന്യൂദല്‍ഹി : വിദേശത്തു നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന്റെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കെതിരെയാണ് നടപടി. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇപ്പോള്‍ നടപടി സ്്വീകരിച്ചിരിക്കുന്നത്.
സോണിയ ഗാന്ധിയെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍സിങ് രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, പി. ചിദംബരം എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ വിദേശ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനായി 2020ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതിക്ക് രൂപം നല്‍കിയതാണ്. ഈ പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. ഗാന്ധി കുടുംബം നടത്തുന്ന എന്‍ജിഒകളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ സംഘടനകള്‍ ചൈനീസ് സഹായങ്ങള്‍ കൈപ്പറ്റിയിരുന്നതായും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്.
ഈ രണ്ട് സംഘടനകളിലേയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറാനും സാധ്യതയുണ്ട്. വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഈ സംഘടനകള്‍ക്ക് ഇനി വ്യക്തമായ കാരണം കാണിക്കാതെ ഇനി ലൈസന്‍സ് വീണ്ടെടുത്ത് വിദേശ ഫണ്ട് സ്വീകരിക്കാന്‍ സാധിക്കില്ല.
ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാതിരിക്കല്‍, തൃപ്തികരമായ രേഖകളില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കല്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ 6003 സംഘടനകള്‍ക്കാണ് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയത്. വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യത്ത് 22,832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നടപടികള്‍ കടുപ്പിച്ചതോടെ ഇവയുടെ എണ്ണം 16,829 ആയി. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീല്‍ നല്‍കാനും കേന്ദ്രം സമയം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: