തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് കിരീടത്തിലേക്ക് നീങ്ങുന്നു. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 26 സ്വര്‍ണവും 23 വെള്ളിയും 16 വെങ്കലവുമടക്കം 453.33 പോയിന്റുമായി അവര്‍ ബഹുദൂരം മുന്നിലാണ്.
ആദ്യ രണ്ട് ദിവസവും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തെ പിന്തള്ളി കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് കയറി. 18 സ്വര്‍ണവും 22 വെള്ളിയും 10 വെങ്കലവുമടക്കം 340.5 പോയിന്റാണ് കോഴിക്കോടിനുള്ളത്. 19 സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവുമടക്കം 328.5 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്താണ്. 255 പോയിന്റുമായി കോട്ടയം നാലാമതും 252.5 പോയിന്റുമായി ആതിഥേയരായ മലപ്പുറം അഞ്ചാം സ്ഥാനത്തുമുണ്ട്.
ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനമായ ഇന്നലെ മൂന്ന് റിക്കാര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളത്തിന്റെ ഹൃതിക അശോക് മേനോന്, അണ്ടര്‍ 18 വിഭാഗം ഡിസ്കസ് ത്രോയില്‍ കാസര്‍കോടിന്റെ അഖില രാജു, ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ കാസര്‍കോടിന്റെ കെ.സി. സെര്വന് എന്നിവരാണ് റിക്കാര്‍ഡിന് അവകാശികളായത്. ഇതോടെ ആകെ റിക്കാര്‍ഡുകളുടെ എണ്ണം ഏഴായി.
2020-ല്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ ബാബു സ്ഥാപിച്ച 41.79 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് 41.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഹൃതിക സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 39.25 മീറ്ററിന്റെ റിക്കാര്‍ഡാണ് കാസര്‍കോടിന്റെ അഖില രാജു ഇന്നലെ ഡിസ്കസ് ത്രോയില്‍ തിരുത്തിയത്. 43.99 മീറ്ററാണ് അഖില ഇന്നലെ കണ്ടെത്തിയ ദൂരം. 2017-ല്‍ എറണാകുളത്തിന്റെ അലക്സ് പി. തങ്കച്ചന് സ്ഥാപിച്ച 53.82 മീറ്ററിന്റെ റിക്കാര്‍ഡ് സെര്വന് 55.06 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞ് സ്വന്തം പേരിലാക്കിയത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിന്റെ മേഘ. എസ്, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയുടെ ആഷ്ലി അലക്സാണ്ടര്‍, പുരുഷ അണ്ടര്‍ 20 വിഭാഗത്തില്‍ ആലപ്പുഴയുടെ ജോയ് കെ. സെയ്മോന് വനിതാ വിഭാഗം അണ്ടര്‍ 20-ല്‍ കോഴിക്കോടിന്റെ സാനിയ ട്രീസ ടോമി എന്നിവര്‍ സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: