തിരുവല്ല: മണ്ഡലകാലം ആരംഭിക്കാന്‍ ഒരുമാസം മാത്രമുള്ളപ്പോഴും ശബരിപാതകളുടെ പുനര്‍ നിര്‍മാണം എങ്ങുമെത്തിയില്ല. തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന 19 റോഡുകളില്‍ 16 എണ്ണവും യാത്രായോഗ്യമാക്കിയെന്നാണ് മരാമത്ത് മന്ത്രിയുടെ അവകാശ വാദം. എന്നാല്‍ കുഴിയടപ്പ് മാത്രമാണ് നടന്നത്. പുനലൂര്‍-പൊന്‍കുന്നം പാതയുടെ കോന്നി വരെയുള്ള 29 കിലോ മീറ്റര്‍ ഭാഗത്ത് ദുരിത യാത്രയാണ്. നാല് വര്‍ഷം മുമ്പാരംഭിച്ച പണി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.
കഴിഞ്ഞ രണ്ട് ദിവസം പരിശോധനയുടെ പേരില്‍ നടന്ന മന്ത്രിയുടെ ‘റോഡ് ഷോ’യില്‍ നിര്‍മാണം പൂര്‍ത്തിയാക്കത്തതിന് കരാറുകാരെയും ഉദ്യോഗസ്ഥരെയും പഴിചാരുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി പണികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കര്‍ശന ഉത്തരവ് നല്കിയാല് തലസ്ഥാന നഗരിയില്‍ ഇരുന്ന് ചെയ്യാവുന്ന കാര്യത്തിനാണ് മന്ത്രി ‘റോഡ് ഷോ’ നടത്തിയത്.
തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഒരുമാസം പോലുമില്ലാത്തപ്പോഴാണോ മന്ത്രിയുടെ പരിശോധനയെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഒരു തീര്‍ത്ഥാടന കാലം അവസാനിച്ചാല്‍ അടുത്ത തീര്‍ത്ഥാടനകാലത്തിനായി കാലേകൂട്ടി ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണ്. ഈ വര്‍ഷം കൊവിഡിന് മുമ്പുള്ളതു പോലെ പൂര്‍ണതോതിലുള്ള തീര്‍ത്ഥാടനമായതിനാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ആയിരിക്കും എല്ലാ ദിവസവും ദര്‍ശനത്തിന് എത്തുന്നത്. എന്നാല്‍ ശരണവഴികളില്‍ നിര്‍മാണം തുടങ്ങിയത് ഒരുമാസം മുമ്പും.
പുനലൂര്‍ -മൂവാറ്റുപുഴ പാത നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. റാന്നി ഉതിമൂട് ജങ്ഷനില്‍ മാത്രം ചെറുതും വലുതുമായ 42 അപകടങ്ങളാണ് ഉണ്ടായത്. അഞ്ചിലേറെ ജീവനും പൊലിഞ്ഞു. പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ മരണക്കെണി ഒരുക്കിയാണ് റോഡ് വികസനം നടപ്പാക്കിയത്. കഴിഞ്ഞ മാസം മണ്ണാറക്കുളഞ്ഞിക്ക് സമീപം തയ്യല്പ്പടിയില് ഉണ്ടായ അപകടത്തില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പത് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി-കണമല- ഇലവുങ്കല്‍ പാതയില്‍ കണമല ഇറക്കം എല്ലാവര്‍ഷവും അയ്യപ്പഭക്തര്‍ക്ക് പേടി സ്വപ്നമാണ്. കണമലയില്‍ ഇതുവരെ 39 തീര്‍ത്ഥാടകര്‍ക്കാണ് അപകടത്തില്‍ ജീവന് പൊലിഞ്ഞത്. ഇവിടെ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചെങ്കിലും കുത്തനെയുള്ള ഇറക്കവും വളവും അപകടത്തിലേക്ക് നയിക്കുന്നു. ഈ സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ദിവസം ആയിരക്കണക്കിന് വാഹനങ്ങളായിരിക്കും സഞ്ചരിക്കുന്നത്. എന്നാല്‍ അപകട സാധ്യത കുറയ്ക്കാന്‍ നടപടികളൊന്നും തുടങ്ങിയിട്ടില്ല.
മണ്ണാറക്കുളഞ്ഞി- പ്ലാപ്പളി റോഡ് 2108 ലെ പ്രളയ കാലത്ത് ഈ റോഡ് പല സ്ഥലങ്ങളിലും നശിച്ചു പോയതാണ്. ചില സ്ഥലങ്ങളില്‍ റോഡ് പൂര്‍ണ്ണമായി മുറിഞ്ഞു പോകുകയോ രണ്ടായി പിളരുകയോ ചെയ്തിരുന്നു. ഇവയ്ക്കൊക്കെ താത്ക്കാലിക അറ്റകുറ്റപ്പണികളും മറ്റ് പരിഹാര നടപടികളുമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായി പുതുക്കിപ്പണിതില്ല. രണ്ടു വര്‍ഷം മുമ്പേ മണ്ണാറക്കുളഞ്ഞി പ്ലാപ്പള്ളി പാത എന്‍എച്ച് വിഭാഗം ഏറ്റെടുക്കുകയും കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടനത്തിനു മുമ്പ് ഓടകളും കലുങ്കുകളും നിര്‍മിക്കാന്‍ 45 കോടി രൂപ അനുവദിക്കുകയും ചെയ്തു. അന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് പണി നിര്‍ത്തിവയ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം കഴിഞ്ഞു ഈ പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിര്‍മാണം എങ്ങുമെത്തിയില്ല. അഞ്ച് വര്‍ഷം കരാര്‍ കാലാവധിയോടെ ബിഎം ബിസി നിലവാരത്തില്‍ ടാറിങ് നടത്തിയ പാതയില്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെയാണ് തകരാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: