ന്യൂദല്‍ഹി: കേദാര്നാഥനെയും ബദരീനാഥനെയും വണങ്ങി രുദ്രാഭിഷേകം നടത്തി മഹാതീര്‍ഥാടന കേന്ദ്രങ്ങളുടെ വികസന പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദര്‍ശനത്തിന്റെ മനോഹരവീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം, ഗൗരികുണ്ഡ്-കേദാര്‍നാഥ് റോപ്വേ ഉള്‍പ്പെടെ 3400 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡില്‍ ഉദ്ഘാടനം ചെയ്തത്. ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെ 9.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 1267 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോപ് വേയ്ക്കാണ് തറക്കല്ലിട്ടത്. റോപ് വേ വഴി ക്ഷേത്രത്തിലെത്താന്‍ അര മണിക്കൂര്‍ മതി. നിലവില്‍ ആറേഴു മണിക്കൂര്‍ വേണ്ടിടത്താണ് ഈ സമയ ലാഭം.
പരമ്പരാഗത ചോള, ദോര വസ്ത്രങ്ങള്‍ ധരിച്ച് കേദാര്‍നാഥിലെത്തിയ പ്രധാനമന്ത്രി, ആദിശങ്കരാചാര്യരുടെ സമാധി സ്ഥാനത്തു പ്രാര്‍ഥന നടത്തി. മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിലെ വികസന പുരോഗതിയും അദ്ദേഹം അവലോകനം ചെയ്തു. ഗവര്‍ണര്‍ ഗുര്‍മിത് സിങ്, മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ബദരീനാഥ് ക്ഷേത്ര ദര്‍ശനത്തിനു മുമ്പു തൊഴിലാളികളുമായി മോദി സംവദിച്ചു. സ്വന്തം സംസ്ഥാനങ്ങളെക്കുറിച്ചും ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നുണ്ടോയെന്നും അവരോടു ചോദിച്ചറിഞ്ഞു. കേദാര്‍നാഥിലെ ആദ്യഘട്ട പുനര്‍ നിര്‍മാണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ പുരോഗമിക്കുന്ന 188 കോടി രൂപയുടെ 21 പദ്ധതികള്‍ അടുത്ത ഡിസംബറോടെ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: