ഇടുക്കി : തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് മുന്‍ മന്ത്രി എം.എം. മണിയാണെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കാനാണ് മണി ശ്രമിക്കുന്നത്. അദ്ദേഹം ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും രാജേന്ദ്രന് ആരോപിച്ചു.
സിപിഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണ് എം.എം. മണി തന്നെ പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. എംഎം മണി നല്ല ഒരു നേതാവല്ല. വേണമെങ്കില്‍ ഒരു നേതാവാക്കാം എന്നു മാത്രമെന്നും എസ്. രാജേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം താന്‍ പ്രകടിപ്പിച്ചിട്ടില്ല. എംഎം മണി പച്ചക്കള്ളം പറയുകയാണ്. അദ്ദേഹം ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ല എന്നുള്ളതാണ് തന്റെ നിലപാട്. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല.
മൂന്നാര്‍ വട്ടവട മറയൂര്‍ മേഖലയില്‍ നിന്ന് ആളുകളുടെ കൊഴിഞ്ഞുപോക്ക് തന്റെ ഇടപെടല്‍ മൂലം എന്നാണ് പാര്‍ട്ടിയുടെ തെറ്റിദ്ധാരണ. അത്തരത്തിലൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിരുന്നു. തത്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മൂന്നാര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതാണെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: