കോണ്‍ഗ്രസിന് അങ്ങിനെ തെരഞ്ഞെടുപ്പുണ്ടോ? കുടുംബമഹിമയല്ലെ എന്നൊക്കെ പറഞ്ഞാരും ഇനി കുറ്റപ്പെടുത്തരുതെന്ന് സാരം. ബിജെപിക്ക് ഇങ്ങിനെ ഒരു തെരഞ്ഞെടുപ്പ് നടത്താമോ എന്നൊരു ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഇല്ലേ ഇല്ലെന്ന് തന്നെയാണ് ഉത്തരം. കോണ്‍ഗ്രസിന് അങ്ങിനെയൊരു കുടുംബമുണ്ടോ എന്ന ചോദ്യത്തിനും ഇല്ലേ ഇല്ലെന്നു തന്നെയാണ് ഉത്തരം. ഏതെങ്കിലും ഒരു കുടുംബത്തെ ചൂണ്ടിക്കാട്ടിയാല്‍ ആ കുടുംബത്തിന് ഇങ്ങിനെയൊരു വിശ്വസ്തനെ കിട്ടിയെന്നും വരില്ല.
‘വിശ്വാസം അതെല്ലാം എല്ലാം’ എന്ന പരസ്യവാചകമുണ്ടല്ലൊ. അതുപോലെയാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. ഗാന്ധി കുടുംബത്തോടുള്ള ആദരവിന്റെ തെളിവാണ് ഖാര്‍ഗെ എന്നാണ് പരക്കെ പറയപ്പെടുന്നത്. പാര്ട്ടിപ്രവര്ത്തനങ്ങള്ക്കിടയില് അഞ്ചുമക്കളെ സ്വന്തമാക്കിയ ഖാര്‍ഗെ അവര്‍ക്കിട്ട പേരുകളാണ് കുടുംബത്തോടുള്ള ബന്ധം എടുത്തുകാട്ടുന്നത്. ഒരു മകന്റെ പേര് രാഹുല്‍, മറ്റേത് പ്രിയങ്ക. ഇന്ദിരയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ പ്രിയദര്‍ശിനി. ഈ പേരുകള്‍ ആരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഏത് കുടുംബത്തെയാണ് ഓര്‍മ്മവരിക. ഗാന്ധിജിയേയാണോ നെഹ്രുറുവിനെയാണോ? കണ്ണുമടച്ചുപറയാം നെഹ്രുവിനെയാണ്. എന്നിട്ടും പറയുന്നു ഗാന്ധി കുടുംബത്തോടുള്ള പ്രതിബദ്ധതയെന്ന്. ഇത് ബോധപൂര്‍വ്വമല്ലെ? തെറ്റുന്നതോ അതോ തെറ്റിദ്ധരിപ്പിക്കുന്നതോ?
ഗാന്ധി കുടുംബത്തില്‍ ഗാന്ധിജിയല്ലാതെ മറ്റാരെങ്കിലും കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയിട്ടുണ്ടോ? പിന്നെ എന്തിനാണ് ഗാന്ധികുടുംബമെന്ന പേരെഴുന്നള്ളിക്കുന്നത്! ഗാന്ധിജിയുടെ സല്പേരിന്റെ നേരവകാശികളാകാനുള്ള അടങ്ങാത്ത അഭിനിവേശം! ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഘണ്ടിയാണ്. ഘണ്ടിയെ ഗാന്ധിയാക്കിയാണോ ആള്‍മാറാട്ടം നടത്തിയതെന്ന ചോദ്യം പ്രസക്തമാണ്. ഇന്ദിരാഘണ്ടി എന്നുപറഞ്ഞാല്‍ കിട്ടുന്ന സ്വീകാര്യതയല്ലല്ലോ ഇന്ദിരാഗാന്ധി എന്നുപറഞ്ഞാല്‍. ആ കച്ചവടതന്ത്രം പരമാവധി മാര്‍ക്കറ്റിലെത്തിക്കുക തന്നെ ലക്ഷ്യം.
ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ ഒരാള്‍ തലപ്പത്ത് എത്തിയത് പാര്‍ട്ടിയുടെ പ്രതിസന്ധിനേരിടുന്ന സമയത്താണെന്നാണ് വിശേഷണം. പാര്‍ട്ടിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ശശി തരൂര്‍ അല്ല, മറിച്ച് ആടിയുലയുന്ന കോണ്‍ഗ്രസ് കപ്പലിനെ പിടിച്ചുനിര്‍ത്താന്‍ കെല്പുള്ള ഖര്‍ഗെയാണു കപ്പിത്താന് ആകേണ്ടതെന്ന് ഔദ്യോഗിക പക്ഷം നിലപാടെടുത്തു. രാഹുല്‍ എന്ന നായകനില്‍നിന്ന് കോണ്‍ഗ്രസ് അകന്നുപോകാതിരിക്കാനുള്ള ജാഗത്ര തരൂരിനെക്കാള്‍ ഖര്‍ഗെ കാട്ടുമെന്നും അവര്‍ കണക്കുകൂട്ടി.
കുടുംബത്തിനു പാര്‍ട്ടിയിലുള്ള സ്വീകാര്യത മനസ്സിലാക്കി, അതിനെ മാനിച്ചും അംഗീകരിച്ചുമാണ് ഖര്‍ഗെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുയര്‍ന്നത്. കര്‍ണാടകയില്‍ 35 വര്‍ഷം നിയമസഭാംഗമായ ഖര്‍ഗെ 3 തവണ മുഖ്യമന്ത്രി പദത്തിന്റെ കയ്യെത്തും ദൂരത്തെത്തിയെങ്കിലും എസ്.എം.കൃഷ്ണ (1999), ധരം സിങ് (2004), സിദ്ധരാമയ്യ (2013) എന്നിവര്‍ക്ക് അവസാനനിമിഷം അതു നല്കാന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഖര്‍ഗെ ഒരിക്കല്‍ പോലും പ്രതിഷേധ സ്വരമുയര്‍ത്തിയില്ല; മറിച്ച്, സോണിയയുടെ തീരുമാനമാണു പരമപ്രധാനമെന്നു പരസ്യമായി പ്രഖ്യാപിച്ചു. കേരളം, രാജസ്ഥാന് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങളിലെ നേതൃപ്രതിസന്ധികള് പരിഹരിക്കാനും സോണിയ അയച്ചത് ഖര്‍ഗെയെ ആണ്. 2019 ല്‍ ജീവിതത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സോണിയ അദ്ദേഹത്തെ കൈവിട്ടില്ല. രാജ്യസഭയിലേക്കു ജയിപ്പിച്ചു സഭയിലെ പ്രതിപക്ഷ നേതാവാക്കി. സോണിയയ്ക്കുള്ള വിശ്വാസമാണ്, പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഖര്‍ഗെയ്ക്കു കരുത്തായത്. വിശ്വസ്തവിധേയനാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ പ്രസിഡന്റാക്കി.
സൗഹൃദ മത്സരമാണെന്ന് ഖര്‍ഗെയും ശശി തരൂരും ആവര്‍ത്തിച്ചപ്പോഴും വാശിയേറിയ പ്രചാരണമാണ് ഇരുവരും നടത്തിയത്. വിമാനം വാടകയ്ക്കെടുത്താണ് ഇരുനേതാക്കളും സംസ്ഥാനങ്ങളിലേക്കു പറന്നത്. ഖര്‍ഗെ ഇരുപതിലധികം സംസ്ഥാനങ്ങളിലും തരൂര്‍ പതിമൂന്നിടത്തും പ്രചാരണം നടത്തി. ഡല്‍ഹി 10 രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലും ബെംഗളൂരുവില്‍ രണ്ടിടങ്ങളിലും പ്രചാരണത്തിനുള്ള ‘വാര് റൂ’മുകള്‍ ഖര്‍ഗെ സജ്ജമാക്കി. രമേശ് ചെന്നിത്തല, ഗൗരവ് വല്ലഭ്, എംപിമാരായ ദീപേന്ദര്‍ ഹൂഡ, സയ്ദ് നസീര്‍ ഹുസൈന്, പ്രമോദ് തിവാരി എന്നിവര്‍ക്കായിരുന്നു പ്രചാരണത്തിന്റെ ചുമതല.
പ്രമുഖ നേതാക്കളെല്ലാം മുഖംതിരിച്ചപ്പോള്‍ തന്റെ ഓഫിസ് സംഘത്തെയും വൊളന്റിയര്‍മാരെയും രംഗത്തിറക്കിയായിരുന്നു തരൂരിന്റെ പ്രചാരണം. ഫോണില്‍ വിളിച്ചും ശബ്ദ സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലൂടെയും തരൂര്‍ വോട്ടര്‍മാരിലേക്കെത്തി. പ്രസിഡന്റായാല്‍ നടപ്പാക്കുന്ന വാഗ്ദാനങ്ങള്‍ വിശദീകരിച്ചുള്ള പ്രകടനപത്രികയും പുറത്തിറക്കി. ജില്ലാ പ്രസിഡന്റുമാരെ പോലും ദേശീയ പ്രസിഡന്റ് നേരിട്ട് നിയമിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അതിനുള്ള അധികാരം പിസിസി പ്രസിഡന്റുമാര്‍ക്കു നല്‍കുമെന്നുമായിരുന്നു തരൂരിന്റെ വാഗ്ദാനം. കൂടുതല്‍ അധികാരം വാഗ്ദാനം ചെയ്ത് സംസ്ഥാന പിസിസികളുടെ വോട്ടുറപ്പാക്കാനും തരൂര്‍ ശ്രമിച്ചു.
1998 മാര്‍ച്ച് 14നാണ് സോണിയ അധ്യക്ഷയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിക്കുന്നത്. 1999 മേയ് 15നു ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ്, സോണിയ വിദേശിയെന്ന വിഷയം പി.എ.സാങ്മയും ശരദ് പവാറും ഉന്നയിക്കുന്നത്. അന്നു സോണിയ അധ്യക്ഷസ്ഥാനം രാജിവച്ചു. 9 ദിവസത്തിനുശേഷം പിന്‍വലിച്ചു. ഹൃദയഭാരത്തോടെയായിരുന്നു രാജിയെന്നും പാര്‍ട്ടി നല്കുന്ന പുതിയ ഉറപ്പും പ്രതീക്ഷയും കാരണമാണ് രാജി പിന്‍വലിക്കുന്നതെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആരാണു പ്രധാനമന്ത്രിയാകുക എന്നത് പാര്‍ലമെന്ററി പാര്‍ട്ടിയാണു തീരുമാനിക്കുകയെന്ന് പവാറിനുള്ള മറുപടിയായി പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട പവാറും സാങ്മയും താരിഖ് അന്‍വറും ചേര്‍ന്ന് 1999 ജൂണ്‍ 10ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടാക്കി. 2000ല്‍ തെരഞ്ഞെടുപ്പിലൂടെ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായി. ഉള്‍പാര്‍ട്ടി ജനാധിപത്യം കൊണ്ടുവരുമെന്നും പാര്‍ട്ടിയുടെ അടിത്തറ വിശാലമാക്കാന്‍ പരിശ്രമിക്കുമെന്നും 1998ല്‍ സോണിയ പറഞ്ഞിരുന്നു. എന്നാല്‍, വിമതരില്ലാത്ത കോണ്‍ഗ്രസില്‍ അധികാരമത്രയും അധ്യക്ഷയില്‍ കേന്ദ്രീകരിക്കപ്പെടണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ താല്പര്യപ്പെട്ടു. സംസ്ഥാന ഘടകങ്ങള്‍ അന്തിമ തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുകയെന്ന രീതി തുടര്‍ന്നു. പാര്‍ട്ടിയുടെ നവീകരണം സാധ്യമായില്ല.
2004 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ ഇടതു സഖ്യം കേന്ദ്രഭരണം പിടിച്ചപ്പോള്‍ സോണിയയ്ക്കു പ്രധാനമന്ത്രിയാകാമായിരുന്നു. പകരം യുപിഎയുടെയും ദേശീയ ഉപദേശക സമിതിയുടെയും (എന്‍എസി) അധ്യക്ഷയായി. അങ്ങനെ, പാര്‍ട്ടി അധ്യക്ഷ, പ്രധാനമന്ത്രി അധികാര വിഭജനമുണ്ടായി. സര്‍ക്കാരിന്റെ നയങ്ങളെ നിര്‍ണായകമായ രീതിയില്‍ സോണിയ സ്വാധീനിച്ചു. മന്മോഹന് സിങ്ങിന്റെ സാമ്പത്തികനയങ്ങളും സോണിയയുടെ ജനക്ഷേമ സമീപനവും സമ്മേളിച്ചു: തൊഴിലുറപ്പ്, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും നിയമങ്ങളുണ്ടായി. വനിതാ സംവരണ ബില്‍ പാസാക്കണമെന്നു താല്പര്യപ്പെട്ടെങ്കിലും മുലായംസിങ് യാദവും ലാലു പ്രസാദ് യാദവും തടസ്സമുയര്‍ത്തി.
2019ലെ തിരഞ്ഞെടുപ്പില്‍ പരാജയം ആവര്‍ത്തിച്ചപ്പോള്‍ രാഹുല്‍ പിന്മാറി. സോണിയ വീണ്ടും ഇടക്കാലത്തേക്ക് അധ്യക്ഷപദത്തില്‍. രാഹുല്‍ അധ്യക്ഷപദത്തിലേക്കു തിരികെവരുമെന്നാണ് കരുതപ്പെട്ടതെങ്കിലും കുടുംബാധിപത്യം എന്ന ബിജെപിയുടെ ആരോപണം പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ സ്വാധീനിച്ചു. നെഹ്രു കുടുംബം നേതൃത്വത്തില്‍നിന്നു മാറിയാലേ പാര്‍ട്ടി രക്ഷപ്പെടുകയുള്ളൂവെന്ന് അവര്‍ വാദിച്ചു. ഗാന്ധിയെയും നെഹ്റുവിനെയും വിട്ട് സോണിയാകുടുംബാധിപത്യത്തിലേക്കെത്തുന്ന പാര്‍ട്ടി രക്ഷപ്പെടുമോ കഷ്ടപ്പെടുമോ? ഏതായാലും കാല്‍നൂറ്റാണ്ട് രക്ഷയില്ല. അതുകഴിഞ്ഞാല്‍ എന്തുണ്ടാകും? കാത്തിരുന്നുകാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: