തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്.രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയത് സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കെല്ലാം തിരിച്ചടിയാവും. മറ്റ് സര്‍വ്വകലാശാലകള്‍ക്കും ഈ വിധി ബാധകമാവും. കണ്ണൂര്‍ വിസിക്കും ഇതേഗതി വരുമെന്നും കെ.സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. യുജിസി ചട്ടം അനുസരിച്ച് വൈസ് ചാന്‍സലറെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് ഒരു പാനല്‍ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നല്‍കിയതെന്ന് കോടതിക്ക് ബോധ്യമായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സര്‍ക്കാര്‍ വിസിയാക്കിയത്. ഗവര്‍ണറാണ് ശരിയെന്ന് എല്ലാവര്ക്കും ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂര്‍ണമായും തകര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററില്‍ നിന്നാണ് വരുന്നത്. ഇത് ചോദ്യം ചെയ്യുന്നതാണ് ഗവര്‍ണര്‍ക്കെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. അഴിമതിയെ എതിര്‍ക്കുന്ന ഗവര്‍ണറെ അവഹേളിക്കുന്നത് തുടരാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ ജനങ്ങളെ അണി നിരത്തി പ്രതിരോധം തീര്‍ക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: