കൊച്ചി : പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടില്‍ തിരിച്ചെത്തി. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്കിയ സാഹചര്യത്തിലാണ് വീട്ടില്‍ തിരിച്ചെത്തിയത്.
ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍. നിരപരാധിത്വം തെളിയിക്കും. ഏതെങ്കിലും മൂടുപടത്തിനുള്ളില്‍ ജീവിക്കാറില്ല. പൊതുപരിപാടികളില്‍ നൃത്തം ചെയ്യുകയും കവിത ചൊല്ലുകയും ചെയ്യുന്നത് തന്റെ നിഷ്കളങ്കത കൊണ്ടാണ്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് കെപിസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കെ. സുധാകരനുമായി വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് താന്‍ സംസ്ഥാനം വിട്ടെന്നും ഒളിവിലായിരുന്നുവെന്നും പറയാന്‍ കഴിയില്ല. കോടതി ഉത്തരവ് പരിശോധിച്ച് വക്കീലുമായി സംസാരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും എല്‍ദോസ് പറഞ്ഞു.
നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. നിബന്ധനകള്‍ക്ക് വിധേയമായാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതിനാല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുകയില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. യുവതി ഉന്നയിച്ചത് ആരോപണങ്ങള്‍ മാത്രമാണ്, താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും. കുറ്റവിമുക്തനാകുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
പീഡനക്കേസില്‍ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. 11 കര്‍ശ്ശന ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി കോടതി മു്ന്നോട്ടുവെച്ചിരിക്കുന്നത്. ഇത് കൂടാതെ ശനിയാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: