ടെഹ്റാന്: മഹ്സ അമിനിക്ക് പിന്നാലെ ഇറാന് പോലീസിന്റെ അക്രമത്തിനിരയായ അസ്ര പനാഹിയുടെ മരണത്തിലും പ്രതിഷേധം ശക്തമാകുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വാഴ്ത്തിപ്പാടാന് വിസമ്മതിച്ചതാണ് അസ്ര ചെയ്ത കുറ്റം. അസ്ര മാത്രമല്ല സുഹൃത്തുക്കളും അതിന് വിസമ്മതിച്ചു. അവരില്‍ പലരും പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രികളിലാണ്.
അസ്രയുടെ മരണത്തോടെ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും പ്രതിഷേധം കത്തുകയാണ്. വാരാന്ത്യത്തില്‍ എല്ലാ വിദ്യാര്‍ഥികളും ചേര്‍ന്ന് സംയുക്ത പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നു. പല രക്ഷിതാക്കളും മകളെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയന്ന് സ്കൂളുകളിലയക്കാത്ത സ്ഥിതിയാണ്.
എന്നെ സ്കൂളില്‍ പോകാന്‍ അനുവദിക്കുന്നില്ല. എന്നെയോര്‍ത്ത് അച്ഛനമ്മമാര്‍ക്ക് ഭയമാണ്. പക്ഷേ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്. ഭരണകൂടം വിദ്യാര്‍ഥിനികളെ അറസ്റ്റ് ചെയ്യുന്നതും കൊല്ലുന്നതും തുടരും. എന്നെ വീട്ടില്‍ തടഞ്ഞു വയ്ക്കുന്നതുകൊണ്ടെന്താണ് നേട്ടം. ഞാനുള്‍പ്പെടെ ഇറാനിലുടനീളമുള്ള എല്ലാ വിദ്യാര്‍ഥികളും പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അച്ഛനമ്മമാരില്‍ നിന്ന് ഇത് മറച്ചു വയ്ക്കേണ്ടി വന്നാലും ഞാനതില്‍ പങ്കെടുക്കും. പതിനാറുകാരിയായ വിദ്യാര്‍ഥിയുടെ വാക്കുകളാണിത്. ഇറാനിലുടനീളമുള്ള സ്കൂളുകളിലെല്ലാം പോലീസ് റെയ്ഡുകള്‍ നടത്തുകയാണ്. ക്ലാസ് മുറികളിലേക്ക് അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ അക്രമത്തിനിരയാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ഥികളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി. പോലീസ് നടപടി ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് അധ്യാപക സംഘടനകള്‍ അപലപിച്ചു. ഇറാന് വിദ്യാഭ്യാസ മന്ത്രി യുസഫ് നൂറിയുടെ രാജിയും ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: