പാലക്കാട്: മധു കൊലക്കേസിലെ 11 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്കാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.
മധുവിന്റെ അമ്മയും സഹോദരിയുമായും കൂടിക്കാഴ്ച നടത്തുകയോ അവരെ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സംസ്ഥാനം വിടരുതെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കേസിലെ പല സാക്ഷികളേയും വീണ്ടും വിസ്തരിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ മധു കേസ് വിസ്താരത്തിനിടെ കൂറുമാറിയ പത്തൊമ്പതാം സാക്ഷിയായിരുന്ന കക്കി എന്നയാള്‍ കുറുമാറ്റി നല്കിയ മൊഴി വീണ്ടും തിരുത്തി നല്കി. ഇന്ന് കോടതി നടപടികള്‍ക്കിടെയാണ് നാടകീയമായി കക്കി മൊഴി തിരുത്തിയത്.
മധു കേസില്‍ താന്‍ ആദ്യം നല്കിയ മൊഴിയാണ് ശരി. പ്രതികളെ പേടിച്ചാണ് പിന്നീട് മൊഴി മാറ്റിയത്. കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നതായും ഇയാള്‍ കോടതിയില്‍ അറിയിച്ചു. മധുവിനെപ്പോലെയൊരാളെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടു. അജ്മലയില് വെച്ചും മധുവിനെ കണ്ടിരുന്നു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞിരുന്നുവെന്നാണ് കക്കിയുടെ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: