സിനിമാക്കഥകളെ വെല്ലുന്ന ജീവിത കഥയുമായി തിരുവനന്തപുരം കള്ളിക്കാടു നിന്നൊരു സിനിമാക്കാരൻ. ഇല്ലായ്‌മകളിൽ നിന്ന് ഉയർച്ചയുടെ പടവുകളിലെത്തി നിൽക്കുന്ന ഗിരീഷ് നെയ്യാറിന്റെ ജീവിതം അവിശ്വസനീയം കൂടിയാണ്. വിദ്യാഭ്യാസ – മത്സര പരീക്ഷാ പരിശീലന രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നായ ടാലന്റ് അക്കാദമിയുടെ സ്ഥാപകൻ കൂടിയായ ഗിരീഷ് പിന്നിട്ട വഴികൾ പരീക്ഷണങ്ങളുടേതു കൂടിയാണ്.
എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടും ശുഭാപ്തി വിശ്വാസം മുറുകെപ്പിടിച്ചാണ് ജീവിത പരീക്ഷകളിലെല്ലാം വിജയിച്ചു കയറിയത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗിരീഷ് പന്ത്രണ്ടാം വയസു മുതൽ റബർ ടാപ്പിംഗ്, ഇഷ്ടിക ചൂളയിലെ ജോലി, കെട്ടിടം പണി തുടങ്ങി പല ജോലികളും ഉപജീവനത്തിനായി ചെയ്തിരുന്നു. വിദേശ ജോലി സാധ്യതക്കായി ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള ശ്രമമാണ് പാതിവഴിയിൽ നിന്നുപോയ സ്കൂൾ സ്കൂൾ വിദ്യാഭാസം പുനരാരംഭിക്കാനുള്ള പ്രേരണയായത്. തുടർന്ന് എസ്എസ്എൽസി, പ്രീഡിഗ്രി, ഇംഗ്ലീഷിലുള്ള ബിരുദം, തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് നിയമ ബിരുദം, ജേർണലിസം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ നേട്ടങ്ങൾ.
നിയമ വിദ്യാർത്ഥികളായ സഹപാഠികളുടെ ക്ലാസ് മുറിയിലെ പിഎസ്‍സി പഠനം ഗിരീഷിന്റെ ജീവിതത്തെ മറ്റൊരു ദിശയിലേക്കാണ് നയിച്ചത്. സുഹൃത്തുക്കളോടൊപ്പം തിരുവനന്തപുരത്ത് വാടകയ്‌ക്ക് വീടെടുത്തു മുഴുവൻ സമയ പിഎസ്‍സി പഠനത്തിലേക്ക് മാറിയത് വഴിത്തിരിവായി. കണക്കുകൂട്ടലുകൾ തെറ്റിച്ച് ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടി പഞ്ചായത്തു വകുപ്പിൽ എൽഡി ക്ലാർക്ക് ജോലി ലഭിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന, മാതാപിതാക്കളുടെ സ്നേഹ സംരക്ഷണ വലയമില്ലാത്ത പന്ത്രണ്ടാം വയസിൽ അനുജത്തിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന ഒരാൾക്ക് ജീവിക്കാൻ എൽഡി ക്ലാർക്ക് ജോലി ധാരാളമായിരുന്നു.
എന്നാൽ ജോലിയിൽ പ്രവേശിച്ചു തൊട്ടടുത്ത ദിവസം ഒരു വർഷത്തേക്ക് അവധിയെടുത്തു. തുടർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന മത്സരപ്പരീക്ഷയായ സിവിൽ സർവീസ് പരീക്ഷയെഴുതാൻ തീരുമാനിക്കുകയാണ് ഗിരീഷ് ചെയ്തത്. പ്രായപരിധി പ്രശ്നമായെങ്കിലും ആദ്യശ്രമത്തിൽ തന്നെ ഐഎഎസ് പ്രിലിമിനറി പാസ്സാകാൻ കഴിഞ്ഞു. സുഹൃത്തുക്കളിൽ പലരും അടുത്ത വർഷങ്ങളിൽ ദൽഹിയിൽ കോച്ചിങ്ങിന് ചേരുന്നതും ഐഎഎസും ഐപിഎസും ഐഎഫ്എസുമൊക്കെ നേടുന്നതും തനിക്ക് ഇനി ആ പരിക്ഷ എഴുതാൻ കഴിയില്ലായെന്നുമുള്ള തിരിച്ചറിവ് ഗിരീഷിനെ നിരാശനാക്കിയില്ല. ഇതിനിടയിൽ ഇരുപതിലധികം പിഎസ്‍സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുകയും ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഉൾപ്പെടെ നിരവധി സർക്കാർ ജോലികൾ ലഭിക്കുകയും ചെയ്തു. എന്നാൽ, സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്കു വേണ്ടി ക്ലാസ്സെടുക്കുന്ന അധ്യാപകനായി ഗിരീഷ് തുടർന്നു.
ലഭിച്ച സർക്കാർ ജോലികളെല്ലാം ഉപേക്ഷിക്കുകയും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിനായി സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ് ടാലൻ്റ് അക്കാദമി സ്ഥാപിച്ചത്. കേരളത്തിലുടനീളം ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളും 200 ലധികം സ്റ്റാഫ് അംഗങ്ങളുമുള്ള വലിയൊരു സ്ഥാപനമായി ടാലൻ്റ് മാറുകയും ചെയ്തു. എഡ്യൂക്കേഷൻ ടെക്‌നോളജിയിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുള്ള മറ്റൊരു ഓപ്പൺ പ്ലാറ്റ്ഫോമിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഗിരീഷ്. അക്ഷരങ്ങളിലൂടെ അറിവും ജീവിതവും പകർന്നു കൊടുക്കുമ്പോഴും കലയോടുള്ള അഭിനിവേശം ഉള്ളിലുണ്ടായിരുന്നു.
സിനിമാ രംഗത്തുള്ള സുഹൃത്തുക്കളിലൂടെയാണ് ആദ്യമായി തമി എന്ന പുറത്തിറങ്ങാത്ത ചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അർജുൻ നായകനായി തമിഴിലും മലയാളത്തിലുമായി ചിത്രീകരണം പുരോഗമിക്കുന്ന വിരുന്ന് എന്ന ചിത്രത്തിലും അഭിനയിച്ചു. ഗിരീഷ് നെയ്യാർ ഇന്ദ്രൻസിനൊപ്പം അഭിനയിച്ച ശിവറാം മണി സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോൾ റിലീസ് ചെയ്ത ശുഭദിനം. ഗാനരചയിതാവ്, നിർമ്മാതാവ് എന്നിങ്ങനെ വിവിധ തലങ്ങളിൽ സജീവമാകുമ്പോഴും ജീവിത പാതയിലെ കനൽവഴികളിൽ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യവും പ്രവർത്തിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ മുന്നേറാമെന്ന പാoമാകുകയാണ് ഗിരീഷ് നെയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: