തൃശൂര്‍ : മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി പിഴയീടാക്കുന്നതിലുള്ള ക്വാട്ട തികക്കാതിരുന്ന പോലീസുകാരന് സിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ് .
തൃശൂര്‍ കണ്ട്രോള് റൂമിലാണ് സംഭവം. കഴിഞ്ഞ 14 ന് രാത്രിയാണ് മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേരെയെങ്കിലും പിടികൂടാന്‍ മോഹനകുമാരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് സിഐ. നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയില്‍ ഒരാളെ മാത്രമാണ് പിടികൂടാനായത്. തുടര്‍ന്നാണ് സി ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കണ്ട്രോള് റൂം സിഐ ശൈലേഷ് കുമാര്‍ മുന്നറിയിപ്പ് നല്കി.
‘രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ തൃശൂര്‍ സിറ്റിയുടെ പരിസര പ്രദേശങ്ങളില്‍ പട്രോളിങ് നടത്തുന്നതിനിടയില്‍ കുറഞ്ഞത് രണ്ട് ഡ്രങ്കണ്‍ ഡ്രൈവ് ഒഫന്‍സുകള്‍ കണ്ടെത്തി സ്റ്റേഷനിലേക്ക് നിര്ദേശിച്ചയക്കണം എന്ന മേല്‍ നിര്‍ദേശം ഉണ്ടായിട്ടും താങ്കള്‍ അത് പാലിച്ചിട്ടില്ല. ഒരു ഡ്രങ്കണ്‍ ഡ്രൈവ് ഒഫന്‍സ് മാത്രമാണ് കണ്ടെത്തിയത്. അച്ചടക്കം പരമപ്രധാനമായ സേനയിലെ ഒരംഗം എന്ന നിലക്ക് താങ്കളുടെ ഇത്തരം പ്രവൃത്തി കൃത്യവിലോപവും, അച്ചടക്ക ലംഘനവും മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ അവഗണിക്കലും ആണെന്നിരിക്കെ താങ്കള്‍ക്ക് എന്തെങ്കിലും സമാധാനം ബോധിപ്പിക്കാനുണ്ടെങ്കില്‍, അത് 48 മണിക്കൂറിനകം ബോധിപ്പിക്കണം. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കു’മെന്ന് നോട്ടീസില്‍ പറയുന്നു.
നേരത്തെ പെറ്റിക്കേസുകള്‍ക്ക് ക്വാട്ട നല്‍കിയുള്ള നടപടി വിവാദമായതോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് ഹെല്‍മെറ്റ് വേട്ടയും വാഹന പരിശോധനയുമായി രൂപം മാറിയെത്തിയത്. ഇതിനും ക്വാട്ട നല്‍കിയായിരുന്നു പിരിവ്. മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ നഗരത്തിലെ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന് ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായത്. കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതായി സേനാംഗങ്ങള്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: