ഒന്നര പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ പട്ടിണിയില്‍നിന്ന് മോചിതരായത് നാല്‍പ്പത്തിയൊന്നു കോടിയിലേറെ ജനങ്ങളാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്ത് ദാരിദ്ര്യം വേഗത്തില്‍ ഇല്ലാതാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാം റിപ്പോര്‍ട്ടില്‍ പറയുന്നത് പല നിലയ്ക്കും ശ്രദ്ധേയമാണ്. ദാരിദ്ര്യവുമായി ബന്ധപ്പെട്ട പത്ത് സൂചികകളിലും കാര്യമായ കുറവുണ്ടെന്നും, ഇത് ചരിത്രപരമായ മാറ്റമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം. ഇപ്പോഴത്തെ നിലയനുസരിച്ച് ഇന്ത്യയ്ക്ക് എട്ടുവര്‍ഷത്തിനകം ദാരിദ്ര്യം പകുതിയായി കുറയ്ക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് കഴിഞ്ഞ എട്ടുവര്‍ഷമായി അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ്. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളിലും ഭരണാധികാരികളുടെ അവകാശവാദങ്ങളിലും മാത്രം ഇടംപിടിച്ചിരുന്ന ദാരിദ്ര്യനിര്‍മാര്‍ജനം രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് ഇപ്പോഴാണ്. പൊള്ളയായ പ്രഖ്യാപനങ്ങളില്‍നിന്നും, കരിംനുണകളെ കടത്തിവെട്ടുന്ന സ്ഥിതിവിവരക്കണക്കുകളുടെ ധാരാളിത്തത്തില്‍നിന്നും വ്യത്യസ്തമായി വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ദാരിദ്ര്യനിര്‍മാര്‍ജന ലക്ഷ്യം കൈവരിക്കുന്നത്. പിന്നാക്കാവസ്ഥയും വരുമാനവും അനുസരിച്ച് ആളുകളെ തരംതിരിച്ച് പൊതുവിതരണ ശൃംഖല വഴി സൗജന്യമായും കുറഞ്ഞ വിലയ്ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത് തുടക്കമിട്ട ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ വഴി ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കുന്നത് ഇപ്പോഴും തുടരുകയാണ്. കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാന്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടക്കം വരാതെ നടക്കുന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.
കൊവിഡ് കാലത്ത് രാജ്യത്തെ ഒരു പൗരനും പട്ടിണിക്കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച അതിവിപുലമായ ഭക്ഷ്യവിതരണ പദ്ധതി വിജയകരമായി പ്രാവര്‍ത്തികമാക്കിയ ലോകത്തെ ഒരേയൊരു രാജ്യം ഇന്ത്യയാണ്. സമ്പത്തും സൗകര്യവുമുള്ള പല രാജ്യങ്ങളും കൊവിഡിനെ നേരിടാന്‍ പരാജയപ്പെട്ടപ്പോഴാണ് ഇന്ത്യയിലെ ഭരണകൂടം ഇത്തരം ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇത് പല രാജ്യങ്ങളെയും അദ്ഭുതപ്പെടുത്തി. ചിലര്‍ കലവറയില്ലാതെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ പട്ടിണിക്കാരുടെയും പാമ്പാട്ടികളുടെയും മറ്റും രാജ്യമെന്ന പഴയ പ്രതിച്ഛായയില്‍ ഇന്ത്യയെ തളച്ചിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്കുന്നതായിരുന്നില്ല ഇത്. വികസനരംഗത്തും പ്രതിരോധമേഖലയിലും നയതന്ത്രതലത്തിലുമൊക്കെ വിജയക്കുതിപ്പുകള്‍ നടത്തി രാജ്യാന്തരവേദിയില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യയ്ക്കെതിരെ കുപ്രചാരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് ചില ശക്തികള്‍ നടത്തുന്നത്. ഭരണകൂടങ്ങളുടെ നേരിട്ടും അല്ലാതെയുമുളള പിന്തുണയോടെ ഇന്ത്യയെ കരിവാരിത്തേക്കാന്‍ ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകളുടെയും കുത്സിതവൃത്തികളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജര്‍മനിയും അയര്‍ലന്‍ഡും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സന്നദ്ധ സംഘടനകള്‍ തട്ടിക്കൂട്ടി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലാണെന്നു വരുത്തിത്തീര്‍ക്കാന്‍ വളയമില്ലാതെ ചാടുകയാണ് ഈ സംഘടനകള്‍ ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവര്‍ക്കിടയില്‍നിന്ന് തികച്ചും അശാസ്ത്രീയവും അങ്ങേയറ്റം പരിമിതവുമായ വിവരങ്ങള്‍ ശേഖരിച്ചാണ് ദാരിദ്ര്യത്തെക്കുറിച്ചുള്ള പൊട്ടക്കണക്കുകള്‍ ഈ സംഘടനകള്‍ അവതരിപ്പിച്ചിട്ടുള്ളത്. ജര്‍മനിയിലും അയര്‍ലന്‍ഡിലും ക്രൈസ്തവ മത സംഘടനകളായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ആഗോള പട്ടിണി സൂചിക തയ്യാറാക്കാന്‍ എന്തവകാശം? അത് ഇന്ത്യയ്ക്കുമേല്‍ വച്ചുകെട്ടാമെന്ന് വിചാരിക്കുന്നവര്‍ ആഗോള വിവരദോഷികളാണ്.
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണത്രേ ഇന്ത്യ. ഈ പറയുന്ന രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്താന്‍ പോലും കഴിയില്ല. പല രാജ്യങ്ങളും ഇന്ത്യയുടെ സഹായംകൊണ്ട് കഴിഞ്ഞുകൂടുന്നവയാണ് എന്നോര്‍ക്കണം. സമീപകാലത്ത് ശ്രീലങ്കയില്‍ ആഭ്യന്തരകലാപം അരങ്ങേറിയപ്പോള്‍ ഇന്ധനവും ഭക്ഷണവും മരുന്നുമൊക്കെയായി സഹായത്തിനെത്തിയത് ഇന്ത്യയാണ്. എന്നിട്ടും ഈ രാജ്യങ്ങളെക്കാള്‍ പട്ടിണി ഇന്ത്യയിലുണ്ടെന്ന് വിലയിരുത്തുന്നതിന്റെ ദുഷ്ടലാക്ക് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയെ കൊച്ചാക്കുക, രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക. ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും അസഹിഷ്ണുതയാണെന്നും വര്‍ഷംതോറും വിളിച്ചുകൂവുന്ന ഒരു സംഘടന അമേരിക്കയിലുണ്ടല്ലോ. സ്വന്തം നാട്ടില്‍ അനുദിനമെന്നോണം വംശീയ അസഹിഷ്ണുതകൊണ്ട് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിന് നേര്‍ക്ക് മുഖംതിരിച്ചാണ് ഇക്കൂട്ടര്‍ ഇന്ത്യയുടെ അസഹിഷ്ണുതയെക്കുറിച്ച് പരിതപിക്കുന്നത്! ഇതുപോലെയാണ് ആഗോളപട്ടിണി സൂചികയില്‍പ്പെടുത്തി ഇന്ത്യയെ അവഹേളിക്കാമെന്ന് ചിലര്‍ വ്യാമോഹിക്കുന്നത്. തെറ്റിദ്ധാരണപരത്തല്‍ മുഖമുദ്രയാക്കിയ ഈ സംഘടനകള്‍ക്ക് ഉചിതമായ മറുപടി നല്കിയ കേന്ദ്രസര്‍ക്കാര്‍, ദരിദ്രരെ കണ്ടെത്താന്‍ ഇവ അവലംബിച്ച രീതിയുടെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്തു. ഇതിനു പിന്നാലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ നേട്ടങ്ങളെ ഐക്യരാഷ്ട്രസഭയും പ്രശംസിച്ചത് ഇന്ത്യയുടെ കാര്യത്തില്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ്. ഇന്ത്യാ വിരുദ്ധമായി എന്തുകിട്ടിയാലും ആഘോഷമാക്കി മാറ്റുന്ന മാധ്യമങ്ങളുടെ മുഖംമൂടിയും അഴിഞ്ഞുവീഴുകയുണ്ടായി. പണ്ട് ഗാന്ധിജി പരിഹസിച്ചതുപോലെ അഴുക്കുചാല്‍ റിപ്പോര്‍ട്ടിന്റെ പരിഗണന മാത്രമേ ഈ ആഗോള പട്ടിണി സൂചികയ്ക്കും നല്‍കേണ്ടതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: