ന്യൂദല്‍ഹി: പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് വാല്മീകി മഹാസഭ അധ്യക്ഷന്‍ മുന്‍ ജസ്റ്റിസ് ജസ്റ്റിസ് പവന് കുമാര്‍ പറഞ്ഞു. ഒരു സാഹചര്യത്തിലും, ഗൂഢാലോചന നടത്തുന്ന മതപരിവര്‍ത്തനക്കാരുടെ അജണ്ട വിജയിപ്പിക്കാന്‍ പട്ടികജാതി സമുദായങ്ങള്‍ അനുവദിക്കില്ല. എല്ലാ തലത്തിലും ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിനിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പവന് കുമാര്‍.
മതംമാറിയവര്‍ക്ക് സംവരാണാനുകൂല്യം അനുവദിക്കണമെന്ന വാദം ഭരണഘടനാ വിരുദ്ധമാണെന്ന് സുരേന്ദ്ര ജെയിന് പറഞ്ഞു. മിഷനറിമാരും മൗലവിമാരും തങ്ങളുടെ മതങ്ങളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമില്ലെന്ന വാദമുയര്‍ത്തിയാണ് കൂട്ടത്തില്‍ ആളെ ചേര്‍ക്കുന്നത്. മതം മാറിയവര്‍ക്ക് സംവരണം വേണമെന്ന അവരുടെ ആവശ്യം ആ വാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതി ഉറപ്പാക്കലല്ല ഇത്തരം ആവശ്യങ്ങളുടെ ലക്ഷ്യം മറിച്ച് കൂടുതല്‍ മതം മാറ്റത്തിന് വഴിതുറക്കുക എന്നതാണ്. ഇത് സാമൂഹ്യനീതിക്ക് എതിരായ ഗൂഢാലോചനയാണ്.
1932-ല്‍ പൂനാ ഉടമ്പടി ഒപ്പ് വയ്ക്കുമ്പോള്‍ ഡോ.ബി.ആര്. അംബേദ്കറും മഹാത്മാഗാന്ധിയും പട്ടികജാതി സംവരണത്തിന്റെ വിഷയത്തില്‍ യോജിച്ചാണ് തീരുമാനമെടുത്തത്. ദൗര്‍ഭാഗ്യവശാല്‍, 1936 മുതല്‍, ഇസ്ലാം. ക്രിസ്ത്യന്‍ പുരോഹിതന്മാര് മതംമാറിയവര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെയും ഉന്നയിക്കുകയാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടപ്പോള്‍, അംബേദ്കര്‍ തന്നെ തള്ളിക്കളഞ്ഞതാണ്. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഈ ആവശ്യം യുക്തിരഹിതമാണെന്നാണ് വിശേഷിപ്പിച്ചത്.
കോടതികളും തള്ളിക്കളഞ്ഞ ഒരാവശ്യമാണത്. അത് വീണ്ടും പൊടിതട്ടിയെടുക്കുന്നത് അപകടകരമാണ്. 1985ല്‍ മാനസാന്തരപ്പെട്ട പട്ടികജാതിക്കാര്‍ക്ക് സംവരണമെന്ന ആവശ്യം ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി പോലും വ്യക്തമാക്കിയതാണ്. എന്നിട്ടും 2004ല്‍, അവര്‍ വീണ്ടും കോടതിയെ സമീപിച്ചു. അതിനിയും തീര്‍പ്പായിട്ടില്ലെന്ന് ഡോ. ജെയിന് ചൂണ്ടിക്കാട്ടി. ഈ ദേശവിരുദ്ധ ആവശ്യത്തിനെതിരെ വിഎച്ച്പി രാജ്യവ്യാപകമായി പൊതുബോധവല്‍ക്കരണ കാമ്പയിന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: