കോഴിക്കോട്: ശിശുദിന സ്റ്റാമ്പിലും രാഷ്‌ട്രീയം കലര്‍ത്തി, സംസ്ഥാന ശിശുക്ഷേമ സമിതി. 15 കോടി രൂപ സമാഹരിക്കാന്‍ വിദ്യാലയങ്ങളിലേക്ക് അയച്ച ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്തു നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കര്‍ഷകനെ. പട്ടിണിക്കോലമായ കര്‍ഷകന്റെ തോളില്‍ കലപ്പ ചാരിവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ് ‘ഇന്ത്യന്‍ കര്‍ഷകന്‍ ഒരു നേര്‍ക്കാഴ്ച’ എന്നാണ്. പതിനഞ്ച് രൂപയാണ് ഒരു സ്റ്റാമ്പിന്റെ വില. ഗവര്‍ണര്‍ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും വനിതാ ശിശുവികസന മന്ത്രി വൈസ് പ്രസിഡന്റുമായ സമിതിയുടെ ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാനാണ്.
എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയും സിബിഎസ്ഇ, ഐസിഎസ്ഇ, സൈനിക സ്‌കൂളുകള്‍, കേന്ദ്രീയ നവോദയ വിദ്യാലയങ്ങള്‍, ഐടിഐ, പോളി ടെക്നിക്, പ്രൊഫഷണല്‍ കോളജുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവ വഴി സ്റ്റാമ്പ് വിറ്റ് 15 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സ്ഥാപനത്തിലേക്കും 1000 സ്റ്റാമ്പുകളാണ് അയച്ചിരിക്കുന്നത്. കൊവിഡ് കാലത്തു ശിശുദിന സ്റ്റാമ്പ് വില്‍ക്കാത്തതിനാലാണ് ശിശുദിനം 2021 എന്ന് അച്ചടിച്ച ഒരു കോടി സ്റ്റാമ്പ് വില്‍ക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഇപ്പോള്‍ അനുവാദം നല്കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഭാരതം കാര്‍ഷിക രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച നേടിയതു മറച്ചുവച്ചാണ് പട്ടിണിക്കോലമായ കര്‍ഷകന്റെ ചിത്രം വിദ്യാര്‍ഥികളിലേക്ക് ശിശുക്ഷേമ സമിതി അടിച്ചേല്‍പ്പിച്ചത്.
കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ കര്‍ഷകന്‍ പട്ടിണിയിലാണെന്ന ചിത്രമാണ് ശിശുക്ഷേമ സമിതി പ്രചരിപ്പിക്കുന്നത്. കാര്‍ഷിക വളര്‍ച്ചയില്‍ ദേശീയ ശരാശരിയുടെ അടുത്തെത്താന്‍ പോലും കേരളത്തിനായില്ലെങ്കിലും കേരളം വലിയ നേട്ടമാണുണ്ടാക്കിയതെന്നാണ് ശിശുദിന സ്റ്റാമ്പ് വില്‍പ്പനയോടനുബന്ധിച്ചു ഷിജുഖാന്‍ അയച്ച സര്‍ക്കുലറില്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക