തിരുവനന്തപുരം: അഴിമതിക്കും ലഹരിക്കും എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അഴിമതി മുക്തവും ലഹരിമുക്തവുമായ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന അഴിമതിമുക്ത, ലഹരിമുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ഭാവി പുരോഗതിക്ക് അഴിമതി പൂര്‍ണമായും തുടച്ചു നീക്കണം. ഈ കാഴ്ചപ്പാടോടെയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നേതൃതലത്തില്‍ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ നമുക്കു സാധിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇല്ലാതെയാക്കണം. രാജ്യത്തില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളമെന്നത് അഭിമാനമാണ്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ഈ നേട്ടത്തിന് നമ്മളെ സഹായിച്ചു. അഴിമതിക്കു കൂട്ടുനില്‍ക്കാതിരിക്കാനും തുറന്നു കാണിക്കാനും എതിര്‍ക്കാനും നമുക്കു സാധിക്കണം. കുട്ടിക്കാലം മുതല്‍ ഇത് മനസിലാക്കിയാകണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് ഉപഭോഗം സംസ്ഥാനത്ത് കൂടുന്ന സാഹചര്യമുണ്ട്. മയക്കുമരുന്നിന് ഇരകളാകുന്നവര്‍ക്കു മാനുഷിക വികാരങ്ങളും സ്വബോധവും നഷ്ടപ്പെടുന്നു. തെറ്റും ശരിയും തിരിച്ചറിയാന്‍ പറ്റാത്ത മാനസികാവസ്ഥയില്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി വളരെ വിപുലമായ പ്രചാരണ പരിപാടികളാണു സര്‍ക്കാര്‍ നടത്തിവരുന്നത്. ‘നോ ടു ഡ്രഗ്’ എന്ന സന്ദേശമുയര്‍ത്തിയുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മനുഷ്യചങ്ങല സംഘടിപ്പിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഉള്‍പ്പെടെ എല്ലാവരും ഇതില്‍ പങ്കാളികളാകും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ച് തുടര്‍ പരിപാടികളും നടക്കും. അഴിമതി മുക്തവും മയക്ക് മരുന്ന്മുക്തവുമായ നാടിനായി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമിസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി. പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ക്ലാപ്പ് ഓണ്‍ സിനിമാതാരം നിവിന്‍പോളി നിര്‍വഹിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ.ജി പി.എച്ച്. വെങ്കടേഷ്, എസ്.പി എ.എസ്. ബിജുമോന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനനുബന്ധമായി അഴിമതിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തിയുള്ള സ്കിറ്റ്, സംഗീത പരിപാടി എന്നിവ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: