ന്യൂദല്‍ഹി: അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ (ഐഎസ്എ) അഞ്ചാമത് ഉന്നതതല യോഗം, സഖ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ കേന്ദ്ര ഊര്‍ജ, നവ & പുനരുപയോഗ ഊര്‍ജ മന്ത്രി ആര്.കെ സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. 20 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും 110 അംഗ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അഞ്ചാമത് ഐഎസ്എ യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കുറഞ്ഞ ചെലവില്‍ ഐഎസ്എയുടെ സൗര അജണ്ട കൈവരിക്കുന്നതിന് നയങ്ങള്‍ രൂപീകരിച്ചു നടപ്പിലാക്കുന്നതിനും പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനും ധനസഹായം നല്‍കുന്നതിലൂടെയും അംഗരാജ്യങ്ങളെ സഹായിക്കാന്‍ ഐഎസ്എയ്ക്ക് കഴിയുമെന്ന് ആര്.കെ സിംഗ് പ്രസ്താവിച്ചു. അംഗരാജ്യങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് കഴിവുള്ള സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു അന്താരാഷ്ട്ര റിസോഴ്സ് ഹബ്ബായാണ് ഐഎസ്എ യെ രൂപപ്പെടുത്തിയിരിക്കുന്നത്.
ഐഎസ്എയുടെ പരമോന്നത തീരുമാനമെടുക്കുന്നത് ഈ ഉന്നതതല യോഗമാണ്. ഓരോ അംഗരാജ്യത്തെയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.ഇത് വര്‍ഷം തോറും മന്ത്രിതലത്തില്‍ ഐഎസ്എയുടെ ആസ്ഥാനത്തു യോഗം ചേരുന്നു. ഊര്‍ജ്ജ ലഭ്യത, ഊര്‍ജ്ജ സുരക്ഷ, ഊര്‍ജ്ജ മാറ്റം എന്നീ മൂന്ന് നിര്‍ണായക വിഷയങ്ങളില്‍ അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ച് അഞ്ചാം അസംബ്ലി ചര്‍ച്ച ചെയ്യും.
അഞ്ചാമത് ഐഎസ്എ ഉന്നതതല യോഗത്തിന്റെ ഭാഗമായി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും കേന്ദ്ര നവ& പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര സൗര സഖ്യം, 2022 ഒക്ടോബര്‍ 19ന് ശുദ്ധമായ ഊര്‍ജ പരിവര്‍ത്തനത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഉന്നതതല സമ്മേളനം ഡല്‍ഹിയില്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: