തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ശിക്ഷാ വിധിയിലെ പിഴ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പിഴത്തുക മദ്യദുരന്തത്തിലെ ഇരകള്‍ക്കു നല്‍കാനുള്ളതാണെന്നു സര്‍ക്കാര്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി. മുപ്പത്തിയൊന്ന് പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ് മണിച്ചനെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
നിയമപോരാട്ടാത്തിനൊടുവില്‍ മണിച്ചന്‍ ഉള്‍പ്പടെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ 33 തടവുകാരെ വിട്ടയയ്‌ക്കാന്‍ ഉത്തരവിറങ്ങിയിരുന്നു. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. ഇതില്‍ ഇളവുതേടിയാണ് ഇയാളുടെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. മൂന്നാഴ്‌ച്ചകം മറുപടി നൽകാനായിരുന്നു നിർദേശം. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പർഡിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. 31 പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ആറ് പേരുടെ കാഴ്ച നഷ്ടമായി. മണിച്ചനും കൂട്ടു പ്രതികള്‍ക്കും ജീവപര്യന്തമാണ് വിധിച്ചത്. ഇയാളുടെ സഹോദരര്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചിരുന്നു. കേസിലെ ഒന്നാംപ്രതി ഹൈറുന്നീസ ശിക്ഷയ്‌ക്കിടെ ജയിലില്‍വച്ച് മരിച്ചു.
പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ഉഷയുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: