ഋഷി കുമാര്‍ ശുക്ല
മുന്‍ സിബിഐ ഡയറക്ടര്‍
സാങ്കേതിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള ആഗോള മഥനം ഒരേ സമയം അമൃതും വിഷവും ചൊരിയുന്നു. അമൃത് ആഹഌദപൂര്വ്വം സ്വീകരിക്കപ്പെടുമ്പോള്‍ ഇതുവരെ പരിചിതമല്ലാത്തതും, ഗുരുതരവും, അജ്ഞാതവുമായ വിഷം അടിയന്തിര ആശങ്കയ്ക്ക് കാരണമാകുന്നു. പൊതുവേ, കുറ്റകൃത്യങ്ങളിപ്പോള് ആഗോള ശൃഖലകളുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ഭീകരവാദം, കുട്ടികള്‍ക്കെതിരായ ചൂഷണം തുടങ്ങിയവയ്ക്ക് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. എന്നാല്‍, ഏറ്റവും ഭയാനകവും നീചവും വെറുപ്പുളവാക്കുന്നതും അറപ്പുളവാക്കുന്നതുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഓണ്‍ലൈന്‍ മുഖേന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ക്രമാതീതമായും, രഹസ്യാത്മകമായും, വഞ്ചനാത്മകമായും അത്തരം കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്.
ചിത്രങ്ങളും വീഡിയോകളും പലപ്പോഴും നിരുപദ്രവകരമെന്ന വ്യാജേനെ വിവേചനരഹിതമായി സാമൂഹ്യ മാധ്യമ ശൃഖലകളിലും അനുബന്ധ വെബ്സൈറ്റുകളിലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ലഭ്യമാണ്. മനസ്സിലാക്കാന്‍ കഴിയാത്ത രൂപത്തിലേക്ക് ഡാറ്റയെ രൂപാന്തരപ്പെടുത്തി ഈ നെറ്റ്വര്ക്കുകള് മുഖാന്തിരം പ്രചരിപ്പിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന കുറ്റവാളികളെ പ്രായോഗികമായി കണ്ടെത്താനാവില്ല. ‘ചൈല്‍ഡ് പോണ്’, ‘കിഡ് പോണ്’, ‘പോണോഗ്രഫി’ തുടങ്ങിയ പദങ്ങള്‍ അങ്ങേയറ്റം വിനാശകരമായ ഈ ഭീഷണിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പിന്നില്‍, ഇരയായ ഒരു കുട്ടിയുണ്ട്, യഥാര്‍ത്ഥ ചൂഷണമുണ്ട്, കുറ്റകൃത്യമുണ്ട്. അത്തരം ഉള്ളടക്കങ്ങളുടെ തുടര്‍ച്ചയായ നിര്‍മ്മാണവും വിതരണവും കൂടുതല്‍ കൂടുതല്‍ കുട്ടികളുടെ ദുരുപയോഗത്തിന് വഴിവയ്ക്കുന്നു. ഇത്തരം പ്രവൃത്തികളെ മുന്‍കൈയെടുത്ത് കണ്ടെത്തല്‍, കുറ്റകരമാക്കല്‍, കുറ്റാന്വേഷണം, കുറ്റവാളികളെ വിചാരണ ചെയ്യല്‍, കുറ്റകൃത്യം തടയല്‍, പ്രചാരണം തടയല്‍, ഇരയെ തിരിച്ചറിയല്‍, ഇരയുടെ പുനരധിവാസം എന്നിവ ഉള്‍പ്പെടുന്ന ബഹുമുഖ പോരാട്ടമാണ് ഓണ്‍ലൈന്‍ ബാലലൈംഗിക ദുരുപയോഗത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളത്.
ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഏതൊരു കുട്ടിയും സ്വീകാര്യമായ ഓണ്‍ലൈന്‍ പെരുമാറ്റങ്ങള്‍ എന്താണെന്നും അസ്വീകാര്യമായവ എന്തെന്നും കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഓണ്‍ലൈനില്‍ അവര്‍ അഭിമുഖീകരിച്ചേക്കാവുന്ന വ്യതിചലനാത്മകവും അപകടകരവുമായ സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളെ നിരന്തരം ബോധവത്ക്കരിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ അത്തരം ഉള്ളടക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കുന്നുണ്ട്. ഇവ തീര്‍ച്ചയായും പരിഹാരത്തിന്റെ ഭാഗമാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെയും വിചാരണയുടെയും പ്രാധാന്യം അല്‍പ്പം പോലും കുറയുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2011 ലെ സെന്‍സസ് കാണിക്കുന്നത് ഇന്ത്യയില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള 47 കോടി 20 ലക്ഷം കുട്ടികളുണ്ടെന്നാണ്. അതില്‍ 22 കോടി 50 ലക്ഷം പെണ്‍കുട്ടികളാണ്. രാജ്യത്ത് ഡിജിറ്റല്‍ വത്ക്കരണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് കുറ്റകൃത്യങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയില്‍, ഐടി, പോക്സോ നിയമങ്ങള്‍ പ്രകാരം കുട്ടികളെ ഓണ്‍ലൈന്‍ മുഖേനെ ലൈംഗിക ദുരുപയോഗത്തിന് വിധേയമാക്കുന്നത് കുറ്റകരമാണ്. നിര്‍ദ്ദിഷ്ട പ്രത്യേക കോടതികളിലൂടെ ശിശുസൗഹൃദമായ റിപ്പോര്‍ട്ടിംഗ്, തെളിവുകള്‍ രേഖപ്പെടുത്തല്‍, അന്വേഷണം, കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണ എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കുട്ടികള്‍ക്ക് പ്രാധാന്യം നല്കുന്ന ശക്തമായ നിയമ ചട്ടക്കൂട് ‘പോക്സോ’ ഒരുക്കുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് പോസ്കോ നിയമനിര്‍വ്വഹണം നിരീക്ഷിക്കുന്നു.
ഇന്റര്‍പോളുമായും അന്താരാഷ്ട്ര സമൂഹവുമായും സജീവ സഹകരണത്തിലൂടെ ഓണ്‍ലൈന്‍ ബാലപീഡനത്തിനെതിരെ പോരാടാന്‍ ഇന്ത്യയിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധമാണ്. ഉള്ളടക്കം തടയുന്നതിനും വിവരങ്ങള്‍ പങ്കിടുന്നതിനും പുറമെ, ക്രിമിനല്‍ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ഉയര്‍ന്ന മുന്‍ഗണന നല്കുന്നു. ഓണ്‍ലൈന്‍ മുഖേനെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി സിബിഐ ഒരു പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഈ വിപത്തിനെ ചെറുക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, കുട്ടികളിലെ ലൈംഗിക ചൂഷണം തടയുന്നതിന് ഇന്റര്‍പോള്‍ നേതൃത്വം നല്കുന്ന അന്താരാഷ്ട്ര ഡാറ്റാബേസില്‍ (ഐസിഎസ്ഇ), സിബിഐ ചേര്‍ന്നു. ഇത് ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയലിനെ (സിഎസ്എഎം) പിന്തുണയ്ക്കുന്നതാണ്. ഈ ഡാറ്റാബേസില്‍ ചേരുന്ന 68-ാമത്തെ അംഗരാജ്യമാണ് ഇന്ത്യ. ഈ ഡാറ്റാബേസില്‍ 27 ലക്ഷത്തിലധികം ചിത്രങ്ങള്‍ ഉണ്ട്. കൂടാതെ 23,000ത്തിലധികം ഇരകളെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതിദിനം ശരാശരി 7 ഇരകളെ തിരിച്ചറിയുന്നതിന് ഈ ഡാറ്റാബേസ് സഹായകരമാണെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ഈയിടെ അഭിപ്രായപ്പെട്ടു.
ഇന്റലിജന്റ്സ് സംവിധാനവുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണെന്ന് മനസ്സിലാക്കിക്കൊണ്ട്, സമീപ വര്‍ഷങ്ങളില്‍ സിബിഐ രാജ്യവ്യാപകമായി നിരവധി ഓപ്പറേഷനുകള്‍ നടത്തി. 2021ല്‍ ഓപ്പറേഷന് കാര്‍ബണ്‍, 2022ല്‍ ഓപ്പറേഷന് മേഘ് ചക്ര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍നിന്നെല്ലാം ലഭിച്ച നിര്‍ഭാഗ്യകരമായ വസ്തുത എന്തെന്നാല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ഭീഷണി വ്യാപിച്ചിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ മാത്രം, ലോകമെമ്പാടുമുള്ള 100ലധികം അധികാരാതിര്‍ത്തികളില്‍ ഇത്തരം കുറ്റകൃത്യത്തിന്റെ കേസുകളുണ്ട്. ഈ പ്രവര്‍ത്തനങ്ങളെ യുക്തിസഹമായ നിഗമനത്തിലെത്തിക്കുന്നതിലാണ് യഥാര്‍ത്ഥ വെല്ലുവിളി. ഈ രാജ്യവ്യാപകമായ ഓപ്പറേഷനുകള്‍, പൊതു അവബോധം സൃഷ്ടിക്കാന്‍ വളരെയധികം സഹായിക്കുന്നു.
100ലധികം രാജ്യങ്ങളുടെ അധികാരപരിധിയിലുടനീളമുള്ള കുറ്റവാളികള്‍ക്ക് ഹീനമായ ഇത്തരം കുറ്റകൃത്യത്തില്‍ തടസ്സമില്ലാതെ ഏര്‍പ്പെടാന്‍ കഴിയുമ്പോള്‍, വിശ്വസനീയവും ഏകോപിതവുമായ നടപടി സ്വീകരിക്കാന്‍ നിയമപാലകര്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവരുന്നു എന്നത് വിരോധാഭാസമാണ്. പരസ്പര നിയമസഹായം കാലതാമസം നേരിടുന്നു. പ്രദേശികത, അധികാരപരിധിയിലെ ഡാറ്റ പങ്കിടുന്നതിനുള്ള സങ്കീര്‍ണ്ണമായ സംവിധാനം, കുറ്റവാളികള്‍ ഉപയോഗിക്കുന്ന അജ്ഞാത സംവിധാനം/പ്രോക്സികള്‍/വിപിഎന്‍/പിയര്‍ ടു പിയര്‍ നെറ്റ്വര്ക്കുകള് കൂടാതെ, വ്യാജ ഐ.ഡികളുടെ ഉപയോഗം എന്നിവ കാരണം അന്വേഷണങ്ങള്‍ക്ക് തത്സമയം പ്രവര്‍ത്തനക്ഷമമായ ഡാറ്റ ലഭ്യമാകുന്നില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്.
ഓണ്‍ലൈന്‍ വഴിയുള്ള ബാലപീഡനം മറ്റ് കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. പ്രാദേശിക പരിഗണനകള്‍, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ എന്നിവയില്‍ കുടുങ്ങിപ്പോകുന്നതിനുപകരം നയ രൂപകര്‍ത്താക്കളും നിയമപാലകരും പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ആഗോള സമൂഹം എന്ന നിലയില്‍, നമ്മുടെ എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച്, ഈ വിപത്തിനെതിരെ യഥാര്‍ത്ഥ ആഗോള ശ്രമം, വലിയ ആക്രമണ പദ്ധതി സജ്ജമാക്കണം. നിലവില്‍, ഇന്റര്‍പോളിന് നിയമ നിര്‍വ്വഹണ ഏജന്‍സികളിലുടനീളം ഒരു ആഗോള വിശ്വസ്ത സ്ഥാപനമായി വര്‍ത്തിക്കാന്‍ കഴിയും. ആഴത്തിലുള്ള പ്രവര്‍ത്തനവും വിശാലമായ പങ്കാളിത്തവും കൊണ്ട് ഈ സംവിധാനം ഏറ്റവും മികച്ചതാണ്. ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി ഈ വിഷയത്തില്‍ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് അര്‍ഹിക്കുന്ന മുന്‍ഗണന നല്‍കണം. നമ്മുടെ കുട്ടികള്‍ ആദ്യം എപ്പോഴും എല്ലായിടത്തും എന്നത് ആഗോള സമൂഹത്തിന്റെ മുദ്രാവാക്യവും ലക്ഷ്യവുമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: