ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു മാസം പിന്നിടുമ്പോഴും അതിശക്തമായി തുടരുകയാണ്. മുടിയിഴകള്‍ പുറത്തുകാണുന്ന രീതിയില്‍ ഹിജാബ് ധരിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ മഹ്സ അമിനി എന്ന പെണ്‍കുട്ടി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഭരണാധികാരികളെ അമ്പരപ്പിച്ചുകൊണ്ട് തലസ്ഥാനമായ ടെഹ്റാനിലും മറ്റു നഗരങ്ങളിലും കത്തിപ്പടരുകയായിരുന്നു. സ്കൂളുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും കൂട്ടത്തോടെ പുറത്തുവന്ന വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിച്ചെടുത്ത് അഗ്നിക്കിരയാക്കുകയും, അമിനിയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസിനെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന് ഭരണകൂടം ശ്രമിച്ചതിന്റെ ഫലമായി കുട്ടികളടക്കം ഇരുന്നൂറിലേറെ പേര് കൊല്ലപ്പെട്ടതായാണ് വിവരം. ഹിജാബിനെതിരെ പ്രക്ഷോഭം നടത്തുന്ന വനിതകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാനിനു പുറത്തും, ഇസ്ലാമിക മതൗമൗലികവാദികളുടെ വാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനില്‍പ്പോലും പ്രതിഷേധങ്ങള്‍ അരങ്ങേറി. അമേരിക്കയിലുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഇറാനിയന്‍ എംബസികള്‍ക്കു മുന്നിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇസ്ലാമിക മതമൗലികവാദവും ഭീകരവാദവുമൊക്കെ ശക്തിപ്രാപിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ബ്രിട്ടനിലും നോര്‍വെയിലുമൊക്കെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ആധുനിക കാലത്തെ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഈറ്റില്ലമെന്നുപോലും വിശേഷിപ്പിക്കാവുന്ന രാജ്യമാണ് ഇറാന്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഷിയ മതനേതാവായ ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇസ്ലാമിക മതവിപ്ലവം നിഷേധാത്മകമായ പല പ്രവണതകളും സൃഷ്ടിച്ചു. സാത്താനിക് വേഴ്സസ് എന്ന നോവലെഴുതിയ ഇന്ത്യന്‍ വംശജനായ സല്മാന് റുഷ്ദിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖൊമേനിയുടെ ഫത്വ ലോകമെമ്പാടുമുള്ള ഇസ്ലാമിക മതഭ്രാന്തന്മാര് ഏറ്റെടുത്തു. ഒളിവില്‍ പോകേണ്ടിവന്ന റുഷ്ദിക്കു നേരെ നിരവധി വധശ്രമങ്ങള്‍ നടന്നു. ഇന്ത്യയില്‍ മതമൗലികവാദം ശക്തിപ്പെടുത്തുന്നതിലും ഇത് വലിയ പങ്കുവഹിച്ചു. ഇസ്ലാമിക രാജ്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തുന്നതിനു മുന്‍പേ സാത്താനിക് വേഴ്സസ് നിരോധിച്ച് മുസ്ലിം വോട്ടു ബാങ്കിന്റെ ആനുകൂല്യം നേടാന്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ശ്രമിച്ചത് ഇസ്ലാമിക മതമൗലികവാദത്തിന്റെ വളര്‍ച്ചയ്ക്കാണ് സഹായിച്ചത്. പിന്നീട് പലപ്പോഴും ഇന്ത്യയില്‍ വരാന്‍ റുഷ്ദിക്ക് ക്ഷണമുണ്ടായിട്ടും അനുമതി ലഭിച്ചില്ല. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ റുഷ്ദി പങ്കെടുക്കുന്നതിനെയും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വിലക്കി. ഷബാനു ബീഗം എന്ന മുസ്ലിം വനിതയ്ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീംകോടതി വിധി തിരുത്തി നിയമനിര്‍മാണം നടത്തിയതിനു പുറമെ റുഷ്ദിയുടെ പുസ്തകത്തിനും റുഷ്ദിക്കു തന്നെയും വിലക്കേര്‍പ്പെടുത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികളുടെ തിക്തഫലങ്ങള്‍ പിന്നീട് സമൂഹം അനുഭവിക്കേണ്ടിവന്നു. മുസ്ലിം വനിതകള്‍ ഇതിന്റെ ഇരകളായി. മുത്തലാഖ് കുറ്റമായി പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവന്നപ്പോഴാണ് ഈ അന്തരീക്ഷത്തിന് മാറ്റം വന്നു തുടങ്ങിയത്.
ഇറാനിലും മറ്റും ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഒരു തിരുത്താണ്. ഐഎസിനെയും അല്‍ഖ്വയ്ദയെയും താലിബാനെയും പോലുള്ള ആഗോള ഭീകര സംഘടനകള്‍ ലോകമെമ്പാടും ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ പ്രക്ഷോഭം. അമേരിക്കയിലെ ഒരു പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ സല്മാന് റുഷ്ദി ഒരു മത ഭീകരന്റെ ആക്രമണത്തിനിരയായി അധികം കഴിയുന്നതിനു മുന്‍പാണ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതിലും ചരിത്രത്തിന്റെ ഒരു പ്രതികാരം ദര്‍ശിക്കാം. കടുത്ത മതശാസനകള്‍ നിലനില്‍ക്കുന്ന ഇറാനില്‍പ്പോലും ഹിജാബ് ധരിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ് സ്ത്രീസമൂഹം രംഗത്തിറങ്ങുമ്പോള്‍, മതേതര രാജ്യമായ ഇന്ത്യയില്‍ ചിലര്‍ ഹിജാബ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്! സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത കടുത്ത മതമൗലികവാദികളാണ് ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെന്ന് അറിഞ്ഞിട്ടും ഭരണഘടന നല്കുന്ന മൗലികാവകാശമാണ് ഇതെന്ന് ദുര്‍വ്യാഖ്യാനിക്കപ്പെടുകയാണ്. കോടതിവിധി എതിരായിരുന്നിട്ടുപോലും ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ച് രംഗത്തുവന്ന മതേതര-ലിബറല്‍ ബുദ്ധിജീവികള്‍ ഇറാനിലെ വനിതകള്‍ ഹിജാബിനെതിരെ നടത്തുന്ന പ്രക്ഷോഭത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നില്ക്കുന്നതിനാല് ഈ വിഷയത്തില്‍ പ്രതിഷേധിക്കാന്‍പോലും അവര്‍ ഒരുക്കമല്ല. ഇക്കൂട്ടര്‍ ഉദ്ഘോഷിക്കുന്ന വനിതാവിമോചനത്തിന്റെ പൊള്ളത്തരമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. ലിംഗസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന സ്ത്രീസമൂഹം മതഭേദമെന്യേ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: