തൃശൂര്‍: പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ശാസ്ത്രീയമായ തെളിവുകളിലൂടെ കണ്ടെത്തുന്ന ശ്രീമുരുഗന് അന്തിക്കാട് വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ ആശങ്ക പങ്കുവെച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീമുരുഗന് പുതിയ കണ്ടെത്തലുകള്‍ കുറിച്ചത്. ജൂലൈയില്‍ പുലര്‍ച്ചെ ഇടുക്കിയില്‍ നടന്ന 2 ചെറു ഭൂകമ്പങ്ങളെ കുറിച്ചും മുന്‍കൂട്ടി സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക ഇദ്ദേഹം പങ്കുവച്ചിരുന്നു.
ശ്രീമുരുഗന്റെ വാക്കുകളിലൂടെ: ഒക്ടോബര്‍ 18 ാം തീയതിയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 20, 21 തീയതിയോടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തീവ്രന്യൂനമര്‍ദവും ചുഴലിക്കാറ്റുമായി മാറും. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ശക്തവും അതിശക്തമായ മഴ ലഭിക്കും.
അതേസമയം, അറബിക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാനും സാധ്യത കാണുന്നു. കേരള തീരത്തോടടുത്ത് രൂപപ്പെടുന്ന ഈ ചക്രവാതച്ചുഴിയും ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയേക്കും. ആദ്യദിവസങ്ങളില്‍ ഇത് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെങ്കിലും പിന്നീട് നേരെ എതിര്‍ദിശയിലേക്ക് തിരിഞ്ഞ് (കിഴക്കോട്ട്) കേരള, കര്‍ണാടക തീരത്തേക്കടുക്കും. അറബിക്കടലിലെ ന്യൂനമര്‍ദ്ദങ്ങളുടെ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി അടിക്കടി സഞ്ചാരപഥം മാറിക്കൊണ്ടിരിക്കുന്ന വിചിത്ര സ്വഭാവമാണിതിനുള്ളത്.
എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ഇരട്ട ന്യൂനമര്‍ദ്ദം കേരളത്തിനും കര്‍ണാടകത്തിനും വലിയ ഭീഷണിയാവാനാണ് സാധ്യത. ഇതുമൂലം കേരളത്തില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും (ഒരുവേള ചുഴലിക്കാറ്റിനും) ശക്തമായ കടല്‍ക്ഷോഭത്തിനും ഇടയാവും. അറബിക്കടലിലെ ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണവുമായേക്കും. എന്നാല്‍ സഞ്ചാര പാതയില്‍ വീണ്ടും മാറ്റം വന്ന് കൂടുതല്‍ വടക്കോട്ട് പോയാല്‍ നാം തല്ക്കാലം രക്ഷപ്പെടും. തെക്കോട്ടായാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരവുമാവും.
21 ഓടെ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ലഭ്യമായ കാലാവസ്ഥാ മോഡലുകള്‍ ഇപ്പോഴേ നല്കിക്കൊണ്ടിരിക്കുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒഡീഷയിലും മറ്റും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. നമുക്കാകട്ടെ ഇക്കാര്യത്തില്‍ മുന്‍ പരിചയങ്ങള്‍ ഒട്ടുമില്ലതാനും. എന്നാല്‍ ഏതുസമയത്തും ഒരു ചുഴലിക്കാറ്റ് എത്താവുന്നതാണെന്ന ബോധം നമുക്കുവേണം. കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയും മറ്റു കാലാവസ്ഥാ ശാസ്ത്രജ്ഞരും സര്‍ക്കാരും വരുംദിവസങ്ങളെ ഏറെ ഗൗരവത്തോടെ കാണണം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കയും വേണം. അതേസമയം, ഇത് തന്റെ നിരീക്ഷണ ങ്ങളും നിഗമനങ്ങളും മാത്രമാണെന്നും, ജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും ശ്രീമുരുഗന് അന്തിക്കാട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: