തിരുവനന്തപുരം: പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖലയാണ് ആരോഗ്യമേഖലയെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി ‘ മെഡിക്കല്‍ ഉപകരണങ്ങള്‍ : 2047 ലേക്കുള്ള പരിവര്‍ത്തനവും ദിശാബോധവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ‘ശ്രീചിത്ര കോണ്‍ക്ലേവ് 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാന്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് തെളിയിച്ച അവസരമാണ് കോവിഡ് 19. മാര്‍ച്ച് 2020 ന് മുമ്പ് സീറോ പ്രൊഡക്ഷനാണ് പിപിഇ കിറ്റുകളുടെ കാര്യത്തിലെങ്കില്‍ ഇന്ന് 23 ലക്ഷത്തിലധികമാണ്. അമേരിക്കയിലേക്കടക്കം പി പി ഇ കിറ്റുകള്‍ കയറ്റി അയക്കുന്നു. ശ്രീ ചിത്ര വികസിപ്പിച്ച പിഎപിആര്‍ പ്യൂരിഫൈയിങ് റെസിപ്പറേറ്റര്‍ കിറ്റ് കിറ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്നും, കുറഞ്ഞ ചിലവില്‍ വേഗത്തില്‍ ടെസ്റ്റ് റിസള്‍ട്ട് ലഭിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതുള്‍പ്പെടെയുള്ള ആത്മ നിര്‍ഭരതയുടെ മികച്ച മാതൃകകള്‍ രാജ്യത്തിന് കാണിച്ചു കൊടുത്ത സ്ഥാപനമാണ് ശ്രീ ചിത്രയെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം കേരളത്തില്‍ മാത്രം 68.32 ലക്ഷം പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു.
ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ 980ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കേന്ദ്ര ഗവണ്മെന്റ് സ്ഥാപിച്ചതെന്നും വി. മുരളീധരന് പറഞ്ഞു. 2540ലധികം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ആരോഗ്യ ഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം. മേയക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ഉപകരണ നിര്‍മാണ പാര്‍ക്കുകള്‍ക്ക് കേരളത്തിലടക്കം കേന്ദ്രം അനുമതി നല്‍കിയത് ഈ ലക്ഷ്യത്തോടെയാണ്. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഇതിലൂടെ ലഭ്യമാക്കാന്‍ നമുക്ക് സാധിക്കും.
ഏഷ്യയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയിലൊന്നാണ് ഇന്ത്യ. ജപ്പാന്, ചൈന, ദക്ഷിണ കൊറിയ എന്നിവ കഴിഞ്ഞാല്‍ ഏഷ്യയിലെ നാലാമത്തെ വലിയ മെഡിക്കല്‍ ഉപകരണ വിപണിയാണ് ഇന്ത്യയെന്നും, കൂടാതെ ആഗോളതലത്തില്‍ മികച്ച 20 മെഡിക്കല്‍ ഉപകരണ വിപണികളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് ഡോ. വി കെ സാരസ്വത് അധ്യക്ഷനായിരുന്നു.
ആരോഗ്യമന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജിന്റെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് പ്രൊഫ. അതുല്‍ ഗോയല്‍ , കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. എസ് ചന്ദ്രശേഖര്‍, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം സ്പെഷ്യല്‍ ഓഫീസര്‍ സി പത്മകുമാര്‍, എന്നിവര്‍ സംസാരിച്ചു. ‘പുതിയ സഹസ്രാബ്ദത്തിലെ ശാസ്ത്രവും ശാസ്ത്രജ്ഞരും : ഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം’ എന്ന വിഷയത്തില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുന്‍ സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ, ജി. പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തി. ശ്രീചിത്ര ഡയറക്ടര്‍ പ്രൊഫ. സജ്ഞയ് ബെഹാരി സ്വാഗതവും, ബിഎംടി വിഭാഗം മേധാവി ഡോ. എച്ച് കെ വര്‍മ്മ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: