ന്യൂദല്‍ഹി: 2020, 2021, 2022 വര്‍ഷങ്ങളിലെ മികച്ച അനുഭവ കുറിപ്പുകള്‍ക്കുള്ള അവാര്‍ഡ് ജേതാക്കളെ അനുമോദിക്കുന്നതിനായി പെന്ഷന്, പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് നാളെ ന്യൂഡല്‍ഹിയില്‍ ‘അനുഭവ്’ അവാര്‍ഡ് ദാന ചടങ്ങ് നടത്തും. കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, പെന്ഷന് മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അവാര്‍ഡ് ദാന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയും പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമായ സംയോജിത പെന്‍ഷനേഴ്സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ പോര്‍ട്ടലിനെ കേന്ദ്രപെന്ഷന് വകുപ്പിന്റെ പോര്‍ട്ടലുമായി സംയോജിപ്പിച്ചിരിക്കുന്നു. എസ്ബിഐയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായിരിക്കും.
2015 മാര്‍ച്ചില്‍ പെന്ഷന് & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ‘അനുഭവ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. വിരമിച്ച ജീവനക്കാര്‍ക്ക് അവരുടെ സേവന കാലയളവില്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ വിവരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. വിരമിച്ചവര്‍ അനുഭവക്കുറിപ്പ് പങ്കുവെക്കുന്ന ഈ സംസ്കാരം ഭാവിയില്‍ സദ്ഭരണത്തിന്റെയും ഭരണപരിഷ്കാരത്തിന്റെയും അടിസ്ഥാനശിലയായി മാറുമെന്നാണ് കരുതുന്നത്.
കേന്ദ്രഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക്, അവര്‍ ജോലി ചെയ്തകാലയളവിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി ‘അനുഭവ് ‘പോര്‍ട്ടല്‍ ഒരു വേദി നല്കുന്നു. 92 മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ പെന്ഷന് വകുപ്പിന്റെ അനുഭവ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 30.09.2022 വരെ 8722 കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിരമിച്ച ജീവനക്കാര്‍ക്ക്സ്വമേധയാ, ആവശ്യമെങ്കില്‍ ഉചിതമായ അറ്റാച്ച്മെന്റുകള്‍ക്കൊപ്പം 5000 വാക്കുകള്‍ വരെ പോര്‍ട്ടലില്‍ എഴുതാനാകും . പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള 20 മേഖലകളില്‍ ഏതെങ്കിലുമൊരു മേഖലയില്‍ അനുഭവക്കുറിപ്പ് സമര്‍പ്പിക്കാം. മെഡലും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
പെന്‍ഷന്‍കാരുടെ ‘ജീവിതം അനായാസമാക്കുന്നതിനായി ‘, ഭവിഷ്യ പോര്‍ട്ടല്‍ അടിസ്ഥാന പോര്‍ട്ടലായി ഉപയോഗിച്ച് ഒരു സംയോജിത പെന്‍ഷനേഴ്സ് പോര്‍ട്ടലും വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. പെന്ഷന് വിതരണം ചെയ്യുന്ന ബാങ്കുകളുടെ പോര്‍ട്ടലുകള്‍ ഇപ്പോള്‍ ഈ സംയോജിത പോര്‍ട്ടലുമായി യോജിപ്പിച്ചിരിക്കുന്നു. പെന്‍ഷന്‍കാര്‍ക്ക് അവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. തുടക്കത്തില്‍, ഭവിഷ്യ പോര്‍ട്ടല്‍ മുഖേന ഇടപാടുകള്‍ നടത്തുന്ന 1.7 ലക്ഷം കേന്ദ്ര ഗവണ്മെന്റ് സിവില്‍ പെന്‍ഷന്‍കാര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകും.തുടര്‍ന്ന് എല്ലാ കേന്ദ്ര ഗവണ്മെന്റ് പെന്‍ഷന്‍കാര്‍ക്കും ഇത് ലഭ്യമാക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: