തിരുവനന്തപുരം:ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഓഡിറ്റിലൂടെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ട് അധികനാളായില്ല. ഇപ്പോഴിതാ കായംകുളത്ത് നിന്നും വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായി പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നു.
കായംകുളം നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ വ്യാജരേഖ ഉപയോഗിച്ച് ഒന്നരക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തതായി കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള മേറ്റിന്റെ നേതൃത്വത്തിലായിരുന്നു ഈ തട്ടിപ്പ്.
ഓട ശുചീകരണം, മഴക്കുഴി നിര്‍മ്മാണം, ഓടനിര്‍മ്മാണം എന്നിവയുടെ പേരില്‍ ചേരാവള്ളിയിലെ നഗരസഭാ വാര്‍ഡില്‍ തൊഴിലാളികള്‍ അറിയാതെ വ്യാജ തൊഴില്‍ കാര്‍ഡ് നിര്‍മ്മിച്ചാണ് പണം തട്ടിയത്. പല തൊഴിലാളികളുടെയും അക്കൗണ്ടില്‍ പണം വന്നതിനെ തുടര്‍ന്നാണ് സംശയം വന്നത്. തങ്ങള്‍ ജോലി ചെയ്യാതെ അക്കൗണ്ടില്‍ പണം വന്നതിനെക്കുറിച്ച് തൊഴിലാളികള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തട്ടിപ്പുകാരനായ മേറ്റും സംഘവും ആ പണം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനുള്ളതാണെന്നും തെറ്റിവന്നതാണെന്നും തൊഴിലാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. അതിന് ശേഷം ഈ തുക തൊഴിലാളികളെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് സ്വന്തമാക്കുകയായിരുന്നു.
വാര്‍ഡില്‍ വ്യാപകമായി പരാതി ഉയരുകയും പ്രശ്നം വിവാദമാവുകയും ചെയ്തതോടെ പണം തിരിച്ചടച്ച് രക്ഷാപ്പെടാനായിരുന്നു മേറ്റും സംഘവും ആദ്യം ആലോചിച്ചത്. പിന്നീട് അത് തങ്ങള്‍ക്കെതിരായ തെളിവാകുമോ എന്ന് ഭയന്ന് അത് ചെയ്തില്ല.
തൊഴിലാളികളുടെ പേരില്‍ വ്യാജ ലേബര്‍ കാര്‍ഡുകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ ഈ ലേബര്‍ കാര്‍ഡ് ആവശ്യമാണ്. ഇതാണ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയത്.
നേരത്തെ സോഷ്യല്‍ ഓഡിറ്റില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നതായുള്ള പരാതി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: