ഡബ്ലിന്‍: കൊവിഡിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് മഹാമാരിക്കാലയളവില്‍ ജനിച്ച കുട്ടികളുടെ വളര്‍ച്ചാ-വികാസപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്ന് പഠന റിപ്പോര്‍ട്ട്. ആര്‍ക്കൈവ്‌സ് ഓഫ് ഡിസീസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോക്ടര്‍ ഡോ. സൂസന്‍ ബിര്‍ണെയുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020ല്‍, അതായത് കൊവിഡ് വ്യാപനത്തെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് ബ്രിട്ടനില്‍ ഏകദേശം ആറ് ലക്ഷം കുട്ടികളും ഐയര്‍ലന്‍ഡില്‍ അറുപതിനായിരം കുട്ടികളും ജനിച്ചു. ഇവരില്‍ ഭൂരിഭാഗവും ഒരു വയസിനുള്ളില്‍ കുട്ടികള്‍ കാണിക്കുന്ന പല പ്രവര്‍ത്തനങ്ങളും വൈകി മാത്രമാണ് കാണിച്ചു തുടങ്ങിയത്. ഉദാഹരണത്തിന് ചുറ്റും കിടക്കുന്ന സാധനങ്ങള്‍ പെറുക്കിയെടുക്കുക, സംസാരിക്കാന്‍ ശ്രമിക്കുക, കൈ വീശി ബൈ ബൈ എന്നു കാണിക്കുക തുടങ്ങിയവ.
ഇതിനുള്ള കാരണങ്ങളും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കലും കര്‍ശനമായ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പല സാമൂഹികപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. അതുപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നില നിന്ന കര്‍ശന ലോക്ഡൗണില്‍ സ്വന്തം വീട്ടിലെ നാല് ചുവരുകള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ അവര്‍ക്ക് അന്യമായി. വീട്ടിലുള്ളവരുമായല്ലാതെ മറ്റാരുമായും അവര്‍ക്ക് ഇടപഴകാനായില്ല. എന്തിനേറെ, ആറുമാസക്കാലത്തോളം അവരുടെ പ്രായത്തിലുള്ള മറ്റൊരു കുട്ടിയെ പോലും അവര്‍ കണ്ടിട്ടില്ല.
എന്നാലും മുട്ടുകാലില്‍ ഇഴയുന്ന കാര്യത്തില്‍ ലോക്ഡൗണ്‍ ബേബീസ് തന്നെയാണ് മിടുക്കന്മാര്‍. കാരണം, ഇവര്‍ മുഴുവന്‍ സമയവും വീടുകളില്‍ തന്നെയായിരുന്നു. കാറുകളിലും ഉന്തു വണ്ടികളിലും അവര്‍ സമയം പാഴാക്കിയില്ല. വീട്ടിലെ തറയില്‍ മുട്ടിലിഴഞ്ഞു ശീലിച്ചു. എന്തായാലും ഇതില്‍ ഭയക്കാനൊന്നുമില്ലെന്നും കുഞ്ഞുങ്ങളുമായി കൂടുതല്‍ ഇടപഴകുകയും അവരോട് സംസാരിക്കുകയും അവരുമായി യാത്ര ചെയ്യുന്നതിലൂടെയുമൊക്കെ മാറ്റിയെടുക്കാനാവുന്നതേയുള്ളു ഇവയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: