തിരുവനന്തപുരം : എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയില്‍ കാസര്‍കോടും ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദയാബായി. സെക്രട്ടേറിയേറ്റിന് മുന്നില്‍ രണ്ടാഴ്ചയോളമായി ദയാബായി നടത്തി വരുന്ന സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിമാരായ വീണാ ജോര്‍ജ് ആര്. ബിന്ദു എന്നിവര്‍ ദയാബായിയുമായി കൂടിക്കാഴ്ച നടത്തി നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദയാബായി ഉന്നയിച്ചിട്ടുള്ള 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. എന്നാല്‍ താന്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്നാണ് ദയാബായിയുടെ നിലപാട്. സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ച് പറയാമെന്നും അവര്‍ പ്രതികരിച്ചു. തീരുമാനങ്ങളില്‍ അന്തിമ തീരുമാനം ദയാബായിയുടേതാണെന്നാണ് സമര സമിതി നേതാക്കള്‍ അറിയിച്ചത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് തന്നെ സമര സമിതി നേതാക്കള്‍ ദയാബായിയെ കണ്ടിരുന്നു. അവരുടെ തീരുമാനപ്രകാരമുള്ള ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചതെങ്കിലും സമരം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്കും സമരസമിതി എത്തിയിരുന്നു. എന്നാല്‍ 80 ലേറെ പ്രായമുള്ള ദയാബായി രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
കാഞ്ഞങ്ങാട് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെ സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളില്‍ 90 ശതമാനവും പരിഗണിക്കാന്‍ കഴിയുന്നവയാണ്. സമര സമിതി നേതാക്കളുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ഉള്‍പ്പെടുത്താനാവില്ല. എയിംസ് കോഴിക്കോട് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രിമാരായ വീണ ജോര്‍ജ്, ആര്. ബിന്ദു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: