വിജയ് സി.എച്ച്
അഭിനയ വിസ്മയം അമിതാഭ് ബച്ചന് 80 തികഞ്ഞു. കോവിഡ് മഹാമാരിയെ രണ്ടു തവണ അതിജീവിച്ചെത്തുന്നൊരു ജന്മദിനമെന്നതാണ് എണ്‍പതാം പിറന്നാള്‍ എന്നതിലുമുപരി ഈ ഒക്ടോബര്‍ പതിനൊന്നിനെ ഏറെ വിശിഷ്ടമാക്കിയത്. എസ്. പി. ബാലസുബ്രഹ്മണ്യവും ലതാ മങ്കേഷ്കറും ഉള്‍പ്പെടെ രാജ്യത്തെ അഞ്ചര ലക്ഷത്തോളം മനുഷ്യരുടെ ജീവനു വിലയിട്ട കാലന് കൊറോണയെ മറികടന്നെത്തുന്ന അമിതാഭിന്റെ പിറന്നാള്‍ സ്വാഭാവികമായും ഹോളി പോലെ വര്‍ണശബളം!
2020, ജൂലായില്‍ ആദ്യ തവണ കോവിഡ് ബാധിച്ച് അമിതാഭിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗമുക്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഇക്കൊല്ലം ഓഗസ്റ്റ് 23-ന് വീണ്ടും കൊറോണാ വൈറസ് പിടികൂടി. ഉത്കണ്ഠകളും പ്രാര്‍ത്ഥനകളും ആവര്‍ത്തിക്കപ്പെട്ടു. അമിതാഭ് രണ്ടാം തവണയും മഹാമാരിയെ തരണം ചെയ്തു! ആദ്യ തരംഗത്തില്‍ രോഗബാധിതനായി മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അമിതാഭിനെ പ്രവേശിപ്പിച്ചു. അധികനാള്‍ കഴിയും മുന്നെ, പുത്രന് അഭിഷേക് ബച്ചനും, പുത്രഭാര്യയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനും അവരുടെ പുത്രി ആരാധ്യയും ഓരോരുത്തരായി കൊവിഡ് പോസിറ്റീവ് ഫലം കാണിച്ചിരുന്നു.
ഇരുപത്തിയെട്ടു ദിവസത്തെ ചികിത്സക്കൊടുവില്‍, അസുഖം ഭേദപ്പെട്ട് താന്‍ വീട്ടിലേക്കു മടങ്ങുന്നുവെന്ന വിവരം അമിതാഭ് തന്റെ ട്വിറ്ററില്‍ പങ്കുവച്ചപ്പോള്‍ ആ സന്ദേശത്തിന് ഹൃദയ അടയാളമിട്ടു പ്രതികരിച്ചത് രണ്ടു മിനിറ്റില്‍ മാത്രം രണ്ടു ലക്ഷത്തില്‍ പരം ആരാധകര്‍! ഇതുപോലെയൊരു വികാര പ്രകടനം, ഇതിനു മുന്നെ രാജ്യം കണ്ടത് 1982-ല്‍ ‘കൂലി’ എന്ന പടത്തിന്റെ ചിത്രീകരണ സമയത്ത് സംഭവിച്ച മാരകമായ അപകടത്തില്‍, ‘ക്ലിനിക്കലി ഡെഡ്’ എന്ന് വിധിയെഴുതപ്പെട്ടതിനു ശേഷം മെഗാസ്റ്റാര്‍ ജീവനോടെ തിരിച്ചെത്തിയപ്പോഴാണ്.
താരാരാധന മാത്രമോ?
എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടു കാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. കോപിഷ്ഠരായ യുവാക്കളും കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയംകൊണ്ട് ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങള്‍ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി. തുടര്‍ന്നുവന്ന മറ്റൊരു കാല് നൂറ്റാണ്ടു കാലം അദ്ദേഹം സിനിമയിലെ അതികായന് മാത്രമല്ല, രാജ്യത്തിന്റെ സംസ്കൃതിയുടെ തന്നെ ഭാഗമായിത്തീര്‍ന്നു.
വര്‍ഷം തോറും ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നൊരു രാജ്യത്തെ, മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം (ഭരത്) ഏറ്റവും കൂടുതല്‍ തവണ നേടിയ കലാകാരന്, ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ താരം, സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര ഔന്നിത്യങ്ങളാണിതെന്ന് പറയേണ്ടതില്ലല്ലോ.
താരങ്ങള്‍ക്കും ആരാധന
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടൊരു മലയാള ചലച്ചിത്രതാരം പോലും അമിതാഭിനെ ആദരിച്ചിരുത്തിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയരത്തിലാണെന്നതിനാല്‍ അപമാനിതനാകേണ്ടിവന്ന ഒരാളാണ് ഈ ലേഖകന്‍. ‘അമിതാഭ് ബച്ചനെയൊന്നും അങ്ങനെ താങ്കള്‍ക്ക് കാണാനൊക്കത്തില്ല, ചുമ്മാ കള്ളം പറയാതെ’ ഇങ്ങനെയായിരുന്നു ആ കൊള്ളിവാക്ക്.
1999-ല്‍, ബിബിസിയുടെ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ, ഇംഗ്ലീഷ് നടന് സര് ലോറന്‍സ് ഒലിവിയറിനെ പിന്തള്ളി, അമിതാഭിനെ ‘സഹസ്രാബ്ദത്തിന്റെ സൂപ്പര്‍ താരം’ എന്ന അദ്വിതീയമായ അന്തര്‍ദേശീയ പദവിയില്‍ അവരോധിച്ചയുടനെയാണ്, മുംബൈയില്‍ അദ്ദേഹത്തെ ഇന്റ്റര്‍വ്യൂ ചെയ്യാനുള്ള അപ്പോയന്റ്മന്റ് എനിക്ക് ലഭിച്ചത്. അന്നേ ദിവസം കാലത്ത് തിരുവനന്തപുരത്ത് തീരുമാനിച്ചിരുന്ന മറ്റൊരഭിമുഖം അതിനാല്‍ മാറ്റിവയ്ക്കേണ്ടി വന്നു. ഈ വിവരം അറിയിച്ചപ്പോള്‍, നാട്ടിലെ താരം എന്നോട് പ്രതികരിച്ചതാണ് മേലെയുള്ള ഉദ്ധരണി. ഒരുപക്ഷേ, ഞാന്‍ തീരെ ചെറുതായതുകൊണ്ടോ അല്ലെങ്കില്‍ അമിതാഭ് വളരെ വലുതായതുകൊണ്ടോ, ആയിരിക്കാം നമ്മുടെ താരം ഇങ്ങനെ ചിന്തിച്ചത്. രണ്ടും ശരിയാണെങ്കിലും, മൂന്നാമതായി അതിലും വലിയൊരു ശരിയുണ്ട്- പ്രാദേശിക താരങ്ങള്‍ക്കു പോലും അപ്രാപ്യത തോന്നുന്നത്ര ഉയരത്തിലാണ് ബിഗ്-ബി!
ക്ഷുഭിത യുവാവ് പിറന്നു
പ്രശസ്ത കവി ഡോ. ഹരിവംശ് റായുടേയും സിഖു വംശജയായ തേജിയുടേയും മകനായി 1942 ഒക്ടോബര്‍ പതിനൊന്നിന് അലഹബാദില്‍ ജനിച്ച അമിതാഭിന്റെ വിദ്യാഭ്യാസം നൈനിത്താളിലെ ഷെയര്‍വുഡ് കോളജിലും ദല്‍ഹിയിലെ കൈറോറിമാല്‍ കോളജിലുമായിരുന്നു. ഷാ വാലാസിലും കൊല്‍ക്കത്തയിലെ ഷിപ്പിങ് കമ്പനിയിലും ജോലി ചെയ്തു.
ഗാംഭീര്യമുള്ള ശബ്ദവും ശ്രദ്ധയാകര്‍ഷിക്കുന്ന പൊക്കവും സിനിമ തന്നെയാണ് താന്‍ ചെന്നുചേരേണ്ട ഇടമെന്ന് അമിതാഭിനെ എന്നും ഓര്‍മ്മിപ്പിച്ചിരുന്നു. 1968-ല്‍ മുംബൈയിലെത്തിയ അമിതാഭ് പ്രഥമ പടമായ ‘സാത്ത് ഹിന്ദുസ്ഥാനി’ മുതല്‍ പത്തുപതിനഞ്ചു സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അവയൊന്നുംതന്നെ അദ്ദേഹത്തെ ബോളിവുഡിലെ താരമൂല്യമുള്ളൊരു അഭിനേതാവാക്കിയില്ല. എന്നാല്‍, തന്റെ മകന് രാജീവ് ഗാന്ധിയുടെ അടുത്ത കൂട്ടുകാരനായ അമിതാഭിന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എഴുതിക്കൊടുത്ത ശുപാര്‍ശക്കത്ത് സംഗതികളുടെ ഗതി മാറ്റി. അങ്ങനെ 1973-ല്‍, പ്രകാശ് മെഹ്റ നിര്‍മ്മിച്ചു സംവിധാനം ചെയ്ത, ‘സഞ്ചീര്‍’ എന്ന പടത്തില്‍ ഒരു അതികായന് ജനിച്ചു- The Angry Young Man!
കുറ്റകൃത്യങ്ങളും അഴിമതിയും ദാരിദ്ര്യവും പൊതുജന ജീവിതം രാജ്യത്ത് ഏറ്റവും ദുസ്സഹമാക്കിയ എഴുപതുകളുടെ ആദ്യപകുതിയില്‍, ഏതു പ്രമേയം ജനപ്രിയമാകുമെന്ന് തിരക്കഥ എഴുതിയ സലീം-ജാവിദ് കൂട്ടുകെട്ടിനു ശരിക്കും അറിയാമായിരുന്നു. യൂണിഫോം ധരിച്ചും അല്ലാതെയും ‘സഞ്ചീറി’ലെ നായകന് ഇന്‍സ്പെക്ടര്‍ വിജയ് ഖന്ന അനീതിക്കെതിരെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നില്ലേ! ഇന്ത്യയിലും സോവിയറ്റ് യൂണിയന് ഉള്‍പ്പെടെയുള്ള വിദേശ നാടുകളിലും ‘സഞ്ചീര്‍’ കോടികള്‍ വാരിയപ്പോള്‍, ഒരു ചലച്ചിത്രത്തിന്റെ സാമ്പത്തിക വിജയം സൂചിപ്പിക്കുന്ന ‘ആഹീരസയൗേെലൃ’ എന്ന പദം നമ്മുടെ സിനിമയില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു. അതിനൊപ്പം, സാധാരണക്കാരുടെ കോപവും അമര്‍ഷാവേശവും പ്രതിഫലിപ്പിച്ചയാള്‍ അവരുടെ പ്രിയങ്കരനായ നായകനായത് കണ്ണടച്ചു തുറക്കുന്ന വേഗതയിലും! ‘സഞ്ചീറി’ല്‍ നായികയായി വേഷമിട്ട ജയഭാദുരി (മാല) അമിതാഭിന്റെ ജീവിതത്തിലെ തന്നെ നായികയായി മാറിയത് ചരിത്രത്തിന്റെ ഭാഗം.
ഇന്ത്യന്‍ ക്ലാസിക് ‘ഷോലെ’
‘സഞ്ചീറി’ന്റെ റെക്കോര്‍ഡു വിജയത്തെ തുടര്‍ന്നു സലീം-ജാവിദ് കൂട്ടുകെട്ട് എഴുതിയ ജനപ്രിയ കഥയാണ് ‘ഷോലെ’. നൂറുകണക്കിനു തിയേറ്ററുകളില്‍ അറുപതു ഗോള്‍ഡന്‍ ജൂബിലികള്‍ ഓടിയ ഇന്ത്യയിലെ ഏക പടം! പ്രതികാരാഗ്നിയില്‍ കത്തിജ്വലിക്കുന്ന രണ്ടു യുവാക്കളുള്ള ഈ കഥയില്‍ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചത് അമിതാഭിനെയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ നിര്‍മ്മിക്കപ്പെട്ട ‘ക്ലാസിക്’ എന്നു പൊതുവെ അറിയപ്പെടുന്ന ‘ഷോലെ’ നമ്മുടെ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പത്തു പടങ്ങളില്‍ ഒന്നായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തിരഞ്ഞെടുത്തു.
‘ഷോലെ’യ്ക്കു ശേഷമിറങ്ങിയ പല പടങ്ങളും അമിതാഭ് എന്ന നടന്റെ അഭിനയ പാടവവും വ്യാപ്തിയും വൈവിധ്യവും തെളിയിക്കുന്നതായിരുന്നു. ‘കഭീ കഭീ’യിലെ കവിയും, ‘കസ്മെ വാദെ’യിലെ പ്രൊഫസ്സറും, ചുപ്കെ ചുപ്കെ, അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍ മുതലായ സിനിമകളിലെ നര്‍മ്മബോധമുള്ള കഥാപാത്രങ്ങളും ‘മുഖാന്ദര് കാസിഖന്ദറി’ലെ നിരാശാ കാമുകനും ‘ശരാബി’യിലെ മദ്യപാനിയും അമിതാഭിനെ അഭിനയ കലയുടെ ‘ഷഹന്‍ഷാ’യാക്കി!
മാരകമായ അപകടം
1982, ജൂലൈ 26-നു ബെംഗളൂരു യൂണിവേഴ്സിറ്റി കേമ്പസില്‍ വച്ചുനടന്ന ‘കൂലി’യുടെ ഷൂട്ടിങ്ങിനിടയില്‍ അമിതാഭിനു മാരകമായി പരുക്കേറ്റു. വില്ലന്‍ കഥാപാത്രം പുനീത് ഇസ്സാറുമായി നടന്ന ഒരു ഘോര സംഘട്ടനത്തിനിടയിലാണ് അപകടം സംഭവിച്ചത്. ശ്വാസം നിലച്ച് അബോധാവസ്ഥയില്‍ കിടന്ന സൂപ്പര്‍ സ്റ്റാര്‍ മരിച്ചെന്നായിരുന്നു പ്രഥമ നിഗമനം. രാജ്യം മുഴുവന്‍ വിളക്കു കൊളുത്തിയും മെഴുകുതിരി കത്തിച്ചും, ആരാധനാലയങ്ങളില്‍ സമൂഹമായും അദ്ദേഹത്തിന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിദേശത്ത് അടിയന്തരമായി പങ്കെടുക്കേണ്ടിയിരുന്ന ഒരു സമ്മേളനം ഉപേക്ഷിച്ചു മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ അമിതാഭിനെ സന്ദര്‍ശിച്ചു. ആന്തരിക അവയവങ്ങളില്‍ നടത്തിയ നിരവധി സര്‍ജറികള്‍ക്കു ശേഷം ആഗസ്റ്റ് 2-നാണ് അമിതാഭിന് ബോധം തിരിച്ചു കിട്ടിയത്. ഔഷധങ്ങളോടൊന്നും പ്രതികരിക്കാതെ അതീവ ഗുരുതരാവസ്ഥയില്‍ ഏഴു ദിവസം ചലനമറ്റു കിടന്നതിനുശേഷം അദ്ദേഹം കാല്‍വിരല്‍ അനക്കിയ വിവരമറിഞ്ഞപ്പോള്‍ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ നിറങ്ങളില്‍ കുളിച്ചുനിന്നു. ആ വര്‍ഷം രണ്ടാമതൊരു ഹോളി വസന്തോത്സവം കൂടി ആഘോഷിക്കപ്പെട്ടു! കേതന് ദേശായി നിര്‍മ്മിച്ച ‘കൂലി’ 1983-ലെ ഏറ്റവും വലിയ പ്രദര്‍ശന വിജയമായി മാറിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലായിരുന്നു! തുടര്‍ വര്‍ഷത്തില്‍, ഏഴു കോടി ടിക്കറ്റുകള്‍ രാജ്യത്ത് വിറ്റഴിഞ്ഞെന്നത് ഈ പടത്തിന്റെ മറ്റൊരു അപൂര്‍വമായ നേട്ടമായും നിലകൊള്ളുന്നു.
ആഗസ്റ്റ് 2-നെ താന്‍ പുനര്‍ജനിച്ച ദിനമെന്നാണ് അമിതാഭുതന്നെ വിശേഷിപ്പിക്കുന്നത്! വര്‍ഷം തോറും തനിക്കു ജീവന് തിരിച്ചുകിട്ടിയ ദിവസം അനുമോദനങ്ങള്‍ അയയ്ക്കുന്ന ആരാധകര്‍ക്ക് അമിതാഭ് പതിവായി എഴുതാറുള്ള മറുപടി: “”Many remember this day with love and respect, and with prayers. It is this love that carries me on each day. I do know that it was your prayers that saved my life. It is a debt that I shall never be able to repay!”
രാഷ്ട്രീയ പ്രവേശം
ഇന്ദിരാ ഗാന്ധിയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എത്തിച്ചത്. 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എച്ച്.എന്‍. ബഹുഗുണയെ അലഹബാദ് മണ്ഡലത്തില്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് അമിതാഭ് പാര്‍ലമെന്റില്‍ പ്രവേശിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയേയും പ്രതിരോധത്തിലാക്കിയ ബോഫോഴ്സ് അഴിമതി കേസിനെ തുടര്‍ന്ന് അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചു. സിനിമയിലെ ആരാധകര്‍ തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മൂന്നു വര്‍ഷം തികയും മുന്നെ രാഷ്ട്രീയം ഉപേക്ഷിച്ചതിനു കാരണമായി അദ്ദഹം ചൂണ്ടിക്കാട്ടിയത്. അമിതാഭ് വീണ്ടും സിനിമാ ലോകത്ത് വ്യാപൃതനായി.
സിനിമാ നിര്‍മ്മാണവും കലാപ്രവര്‍ത്തനങ്ങളും ഉദ്ദേശിച്ചുകൊണ്ടു അമിതാഭ് തുടങ്ങിയ എബിസിഎല്‍ എന്ന കമ്പനി വിജയിച്ചില്ലെന്നുമാത്രമല്ല അദ്ദേഹത്തിനു വന്‍ സാമ്പത്തിക ബാദ്ധ്യതയുമുണ്ടാക്കി. പക്ഷേ, അമിതാഭ് യുഗം അവസാനിച്ചെന്നു കരുതിയവര്‍ക്കു തെറ്റുപറ്റി. ടെലിവിഷന്‍ ചാനലായ സ്റ്റാര്‍ പ്ലസ് അവതരിപ്പിച്ച ‘കോന്‍ ബനേഗ കരോര്‍പതി’ എന്ന വിജ്ഞാന വിസ്മയം രാജ്യാന്തര വേദികളില്‍തന്നെ ആഘോഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായ മാത്രം മൂലധനമാക്കി പ്രവര്‍ത്തിച്ച് പൂര്‍വ്വാധികം ‘പണക്കാരനും’ പ്രസിദ്ധനുമായി അമിതാഭ് തിരിച്ചു വന്നു.
മനുഷ്യസ്നേഹപരമായ സേവനങ്ങള്‍
ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള ലോക രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഈ മാരക വ്യാധിയില്‍ നിന്നു മുക്തി നേടിയ ഒരു പ്രശസ്തന്‍ തന്നെ തന്റെ നാട്ടില്‍നിന്ന് ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പ്രവര്ത്തിക്കുന്നുവെന്നതായിരിക്കാം അമിതാഭ് ചെയ്യുന്ന ഏറ്റവും വലിയ മനുഷ്യസ്നേഹപരമായ സേവനം. 2000-ല്‍ കെബിസിയുടെ പ്രഥമ എഡിഷനുമായി അമിതാഭ് മുന്നോട്ടു പോകുന്ന സമയത്ത് അനുഭവപ്പെട്ട കടുത്ത അസ്വാസ്ഥ്യമാണ് പരിശോധനയില്‍ അദ്ദേഹത്തിന് നട്ടെല്ലിലെ ക്ഷയരോഗമാണെന്ന് കണ്ടെത്തിയത്. തീവ്രമായ ചികിത്സയ്ക്കൊടുവില്‍ അസുഖം ഭേദപ്പെട്ട സിനിമാതാരം അമേരിക്കയുമായി സഹകരിച്ച്, ‘”Call to Action for a TB-free India’ എന്ന മഹനീയ ദൗത്യം ഏറ്റെടുത്തു. അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയുമാണിപ്പോള്‍. ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുന്നതില്‍ അമിതാഭിന്റെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച്, ഇന്ത്യയിലെ അമേരിക്കന്‍ എംബസ്സി, 2017-ല്‍ അദ്ദേഹത്തെ പുരസ്കാരം നല്കി ആദരിച്ചു. ഹെപ്പറ്റൈറ്റിസ്-ബി രോഗത്തിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസ്സഡറായും 2015-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചിരുന്നു.
പുരസ്കാരങ്ങള്‍
രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളായ ‘പത്മ’ പുരസ്കാരങ്ങള്‍ മൂന്നും നേടിയ അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് അമിതാഭ്! അഗ്നീപഥ് (1990), ബ്ലാക്ക് (2005), പാ (2009), പികു (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഭരത് പുരസ്കാരങ്ങള്‍ ലഭിച്ചത്. മെഗാസ്റ്റാറിന് വിദേശങ്ങളില്‍ നിന്നെത്തിയ അംഗീകാരങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. ജന്മദിനവും പുനര്ജന്മ ദിനവുമുള്ള രാജ്യത്തെ ഏക ഇതിഹാസ താരത്തിന് ആശംസകള്‍ നേരുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: