ന്യൂദല്‍ഹി: 9000 പേര് മാത്രം വോട്ട് രേഖപ്പെടുത്തി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ പോലും മര്യാദയ്ക്ക് നടത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്റിന്റെ ഈ കഴിവ് കേടിനെ വിമര്‍ശിക്കുന്നത് മറ്റാരുമല്ല, ദേശീയ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപി തന്നെ.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന എതിരാളിയുമായി മത്സരിക്കുമ്പോള്‍ തുല്യഅധികാരവും പങ്കാളിത്തവുമുള്ള കളിക്കളമല്ല പാര്‍ട്ടി ഒരുക്കിയിരിക്കുന്നതെന്ന് വിമര്‍ശിക്കുന്നത് ശശി തരൂര്‍ തന്നെയാണ്. കാരണം വിജയിക്കാന്‍ വേണ്ടി രഹസ്യമായി ഖാര്‍ഗെയ്ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് ഗാന്ധി കുടുംബത്തിന് സമ്പൂര്‍ണ്ണ നിയന്ത്രണമുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ്.
വെറും 9000 പേരാണ് വോട്ട് ചെയ്യാനുള്ളത്. എന്നാല്‍ മുഴുവന്‍ വോട്ടര്‍മാരുടെയും വിശദാംശങ്ങള്‍ വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഇല്ലെന്നും പരാതിപ്പെട്ടത് ശശി തരൂരാണ്. ഇതില്‍ 3000 പേരുടെയെങ്കിലും ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ കിട്ടാത്തതിനാല്‍ അവരുമായി തനിക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പരിതപിച്ചതും തരൂര്‍ തന്നെയാണ്.
ഒമ്പതിനായിരം കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ ഒരു ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പോലും സുതാര്യത പാലിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഇതേ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ഇല്ലാക്കഥ പരത്തി മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നവരാണ്. ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞ് ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വോട്ടേഴ്സ് ലിസ്റ്റുകളെ വിമര്‍ശിച്ചവരാണ്. പക്ഷെ വെറും 9000 പാര്‍ട്ടി അംഗങ്ങളെ വോട്ട് ചെയ്യിപ്പിച്ച് സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത കോണ്‍ഗ്രസിനെ എങ്ങിനെ വിശ്വസിക്കാനാവുമെന്ന ചോദ്യമാണ് ഇപ്പോള്‍ പലരും ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: