തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്കിയ നോട്ടിസില്‍ ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് കെകെ ശൈലജ പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് മുന്‍മന്ത്രി പറഞ്ഞത് ഗൗരവതരമാണ്. 3 ലക്ഷം പിപി കിറ്റിന് ഓര്‍ഡര്‍ നല്‍കിയതിലൂടെ വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. 18 ലക്ഷം എന്‍95 മാസ്കും 30 ലക്ഷം ഗ്ലൗസും ഓര്‍ഡര്‍ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു.
മഹാദുരിതത്തില്‍ ലോകം വിറങ്ങലിച്ച് നില്ക്കുമ്പോള് മൂന്നിരട്ടി തുക അഴിമതിയായി കമ്മീഷനടിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പില്‍ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികള്‍ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: