ഷാജന് സി. മാത്യു
കൊച്ചി: വ്യാജ ഏറ്റുമുട്ടല്‍, ആള്‍ക്കൂട്ടക്കൊല, ദുരഭിമാനക്കൊല… ഒടുവില്‍ നരബലിയും. ഒരുകാലത്ത് അവികസിത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടേതായി ആക്ഷേപിച്ചിരുന്ന കറുത്ത അടയാളങ്ങളെല്ലാം പ്രബുദ്ധ കേരളത്തിന്റെ മാറിലണിയിച്ചു ഇടതുഭരണം. നവോത്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാര്‍ എന്ന് വീമ്പിളക്കുന്നവരുടെ ഭരണകാലത്തുതന്നെ ഈ അഭിമാനക്ഷതങ്ങളുടെ ആഘാതത്തിലും അവിശ്വസനീയതയിലുമാണ് മലയാളികള്‍. പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം കരസ്ഥമാക്കിയ അഭിമാന ചിഹ്നങ്ങളെ അപ്പാടെ തച്ചുടയ്ക്കുന്ന പൈശാചിക കുറ്റകൃത്യങ്ങളാണ് ആറു വര്‍ഷത്തെ ഇടതു ഭരണത്തിലുണ്ടായത്.
2012ല്‍ മാവോയിസ്റ്റുകളെ നേരിടാന്‍ രൂപീകരിച്ച തണ്ടര്‍ബോള്‍ട്ട് 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചോര മണത്തു തുടങ്ങി. 2016 നവംബര്‍ 24നു കുപ്പു ദേവരാജ്, അജിത എന്നിവരെ നിലമ്പൂരിനടുത്തു കരുളായി വനത്തില്‍ വധിച്ചു. 2019 മാര്‍ച്ച് ആറിന് വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടില്‍ ജലീല്‍ എന്നയാളെ കൊന്നു. 2019 ഒക്ടോബര്‍ 28നു മഞ്ഞിക്കണ്ടി വനത്തില്‍ മറ്റു നാലു പേരെ വധിച്ചു. 2020 നവംബര്‍ മൂന്നിന് ബാണാസുര സാഗറില്‍ വേല് മുരുകനെയും കൊന്നു. എട്ടു പേരെ വധിച്ച നാല് ഏറ്റുമുട്ടലും കാരണങ്ങളും വ്യാജമായിരുന്നെന്നു പിന്നീടു കണ്ടെത്തി. സിപിഐയുടെ പ്രകാശ് ബാബു കമ്മിറ്റി പോലും മഞ്ഞിക്കണ്ടി വനത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്ന കൈക്കുഞ്ഞുങ്ങളടങ്ങിയ സംഘത്തെ തണ്ടര്‍ബോള്‍ട്ട് വളഞ്ഞിട്ടു വെടിവയ്ക്കുകയായിരുന്നെന്നു കണ്ടെത്തി.
ഉപവന്‍ റിസോര്‍ട്ടില്‍ ജലീല്‍ വെടിവച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് തിരികെ വെടിവയ്ക്കുയായിരുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ ജലീലിന്റെ മൃതദേഹത്തിനടുത്തുനിന്നു കിട്ടിയ തോക്കില്‍നിന്ന് ഒരു തിര പോലും ഉതിര്‍ത്തിട്ടില്ലെന്നും അതില്‍ വെടിയുണ്ട ഒരിക്കലും നിറച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ആഭ്യന്തര സുരക്ഷയ്ക്കായുള്ള കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ സൃഷ്ടിച്ചതായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍.
ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേരളം ഞെട്ടിയത് 2018 ഫെബ്രുവരി 22ന്. അട്ടപ്പാടി അജുമുടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള മധു എന്ന ആദിവാസിയെ ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കേസ് വേണ്ട വിധം സര്‍ക്കാര്‍ നടത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ വരെ പിന്‍വാങ്ങിയ കേസില്‍ ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരിക്കുകയാണ്.
ദുരഭിമാനക്കൊലയില്‍ സംസ്ഥാനത്തിന്റെ ശിരസ്സു കുനിഞ്ഞത് 2018 മേയ് 28ന്. കോട്ടയം നട്ടാശേരി കെവിന് പി. ജോസഫിനെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനുചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയി കൊന്നു. കെവിനെ തട്ടിക്കൊണ്ടുപോയെന്നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി നീനു അടക്കമുള്ള ബന്ധുക്കള്‍ കരഞ്ഞു പറഞ്ഞിട്ടും പോലീസ് അന്വേഷിച്ചില്ല.
നരബലിക്കേസിലും പോലീസ് ജാഗ്രത കാണിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ ഇരയെ രക്ഷിക്കാമായിരുന്നു. കാലടി സ്വദേശി റോസിലിയെ കാണാനില്ലെന്ന് ആഗസ്ത് 17ന് മകള്‍ മഞ്ജു കാലടി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. രണ്ടാം ഇരയായ പത്മത്തെ കൊല്ലാന്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് പോലീസിന്റെ ഈ തണുപ്പന്‍ സമീപനമാണെന്നു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
നരബലിക്കേസിലെ പ്രതികള്‍ നരഭോജനവും നടത്തിയെന്ന് ആദ്യം മൊഴി കൊടുത്തിരുന്നു. റോസിലിയുടെ കരളും ജനനേന്ദ്രിയവും പാകം ചെയ്തു കഴിച്ചെന്നാണു മൊഴി. നരഭോജനം ഇന്ത്യയില്‍ ഇതുവരെ നടന്നതായി റിപ്പോര്‍ട്ടില്ല. ഇലന്തൂര്‍ കേസില്‍ ഇതു തെളിഞ്ഞാല്‍ പിണറായി ഭരണത്തില്‍ ‘എല്ലാം ശരിയായി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: