ഡോ. ഗോപി പുതുക്കോട്
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന പ്രഖ്യാപനത്തോടെ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശനിയമത്തിന്റെ (2009) ചുവടുപിടിച്ച് സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിക്കപ്പെട്ട എം.എ. ഖാദര്‍ കമ്മറ്റി അതിന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗവും സര്‍ക്കാറിനു സമര്‍പ്പിച്ചിരിക്കയാണ്.
മൂന്നുവര്‍ഷം മുമ്പു സമര്‍പ്പിക്കപ്പെട്ട ഒന്നാം ഭാഗത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. സ്‌കൂള്‍ തലത്തിലെ ഘടനാമാറ്റം, ഭരണചുമതല, പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒരു കുടക്കീഴില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, വിദ്യാഭ്യാസ ഓഫീസുകളുടെ പുന:ക്രമീകരണം, ഗവേഷണസ്ഥാപനങ്ങളും അധ്യാപകപരിശീലനസ്ഥാപനങ്ങളും മെച്ചപ്പെടുത്തല്‍- ഇതൊക്കെയാണ് ഒന്നാം ഭാഗത്ത് പരാമര്‍ശിക്കപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട രണ്ടാം ഭാഗത്തില്‍, പൊതുവിദ്യാഭ്യാസമേഖലയുടെ അക്കാദമിക മികവിനുസഹായകമായ നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പത്രമാധ്യമങ്ങളിലൂടെ പ്രധാന നിര്‍ദ്ദേശങ്ങളെല്ലാം പുറത്തെത്തിക്കഴിഞ്ഞു. അതോടെ പുതിയ വിവാദങ്ങളും ആരംഭിച്ചു.
പുതിയ വിവാദങ്ങളെന്നു പറയാന്‍ കാരണം ഒന്നാം ഭാഗത്തെ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനാലാണ്. ഘടനാമാറ്റം വിവാദത്തിലാണ്, നടപ്പായിട്ടില്ല. ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ ഒറ്റ ബ്ലോക്കാക്കണമെന്ന നിര്‍ദ്ദേശം വിവാദത്തിലാണ്, നടപ്പായിട്ടില്ല. അദ്ധ്യാപക പരിശീലനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല, വിവാദം നിലനില്‍ക്കുന്നു.
മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുന്നതിലും കൊഴിഞ്ഞുപോക്ക് പൂര്‍ണമായും അവസാനിപ്പിക്കുന്നതിലും നാം വിജയിച്ചിരിക്കുന്നു. ഭൗതികസാഹചര്യങ്ങള്‍ ഏറെക്കുറെ കുറ്റമറ്റരീതിയിലായിട്ടുണ്ട്. പരിശീലനം കിട്ടാത്ത ഒരാളെപ്പോലും അധ്യാപനത്തിനു നിയോഗിക്കുന്നില്ല. സിലബസ് കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. അന്താരാഷ്‌ട്രതലത്തില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ പല മാറ്റങ്ങളും ഇവിടെയും നടപ്പായിക്കഴിഞ്ഞു.
വിദ്യാഭ്യാസത്തെസംബന്ധിക്കുന്ന കാഴ്ചപ്പാടുതന്നെ മാറിമറിഞ്ഞു. വ്യവഹാര മന:ശാസ്ത്രത്തിനു പകരം നിര്‍മ്മിതിവാദം വന്നു. പ്രവര്‍ത്തനാധിഷ്ഠിതവും ശിശുകേന്ദ്രിതവുമായ പഠന രീതികള്‍ വന്നു. പഠനോപകരണങ്ങള്‍ക്കു പകരം ബോധനോപകരണങ്ങള്‍ വന്നു. എഴുത്തുപരീക്ഷയ്‌ക്കു പുറമെ നിരീക്ഷണപരീക്ഷ നടപ്പായി. മാര്‍ക്കിനു പകരം ഗ്രേഡായി. കുട്ടികളുടെ സര്‍ഗശേഷിക്ക് മറ്റെന്തിനെക്കാളും പ്രാധാന്യം വന്നു. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള പരിശീലനം പോലും പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്ന നിര്‍ദ്ദേശം വന്നു.
ഇനി എവിടെയാണ് ഊന്നേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. മുന്‍ പറഞ്ഞ അനുകൂലസാഹചര്യങ്ങളും മാറ്റങ്ങളുമൊക്കെ വന്നിട്ടും ഗുണമേന്മയുളള വിദ്യാഭ്യാസം എന്ന അടിസ്ഥാനാശയത്തില്‍ എത്തിച്ചേരാനാവുന്നില്ല എന്നതാണ് പ്രധാനവെല്ലുവിളി. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ക്വാളിറ്റി കണ്ടെത്താനാവുന്നില്ലെങ്കില്‍ പുനരാലോചന അനിവാര്യമാണ്. ഇവിടെയാണ് ഖാദര്‍കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിന്റെ പ്രസക്തി.
പഠനം, അധ്യയനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് റിപ്പോര്‍ട്ട് ഗൗരവമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രായത്തെ പരിഗണിച്ചുള്ള പഠനത്തിനപ്പുറം കുട്ടികളുടെ കഴിവുകള്‍ കൂടി കണക്കിലെടുക്കണം എന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആര്‍ക്കാണതു നിഷേധിക്കാനാവുക? വൈവിധ്യപൂര്‍ണമായ ഒട്ടേറെ കഴിവുകളുള്ളവരാണ് കുട്ടികള്‍. അതിന്റെ സിംഹഭാഗവും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നു.സര്‍ഗാത്മകശേഷികളെ പഠനവിഷയങ്ങളുമായി സമന്വയിച്ചും സമരസപ്പെടുത്തിയും കൊണ്ടുപോകാനാവുന്നില്ല. പാഠപുസ്തക കേന്ദ്രിതമായ പഠനമാണ് നടക്കുന്നത്. അതു മാത്രമാണ് നടക്കുന്നത് എന്താണു കാരണം? തികച്ചും അശാസ്ത്രീയമായ സമയക്രമം. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് പത്തുമുതല്‍ നാലുവരെയാണ് പഠനസമയം. മിക്ക പ്രൈമറി സ്‌കൂളുകളിലും അതു പത്തരമുതല്‍ നാലര വരെയാണ്. ഹയര്‍ സെക്കന്‍ഡറി ഒമ്പതു മുതല്‍ അഞ്ചുവരെ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എട്ടര മുതല്‍ നാലരവരെ. ചുരുക്കിപ്പറഞ്ഞാല്‍, പകല്‍ സമയം പൂര്‍ണമായും പാഠപുസ്തകകേന്ദ്രിതമായ, ടൈംടേബിള്‍ പ്രകാരമുള്ള പഠനമാണ്.
ഇതിനിയും തുടര്‍ന്നു പോകരുത് എന്ന് ഖാദര്‍ കമ്മറ്റി നിര്‍ദ്ദേശിക്കുന്നു. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണിയോടെ ടൈംടേബിള്‍ അനുസരിച്ചുള്ള ക്ലാസുകള്‍ ക്രമീകരിക്കണമെന്നാണ് നിര്‍ദ്ദേശം. ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. കുട്ടി സ്‌കൂളില്‍ വന്ന് എന്തു ചെയ്യുന്നു എന്നതുപോലെതന്നെ പ്രധാനമാണ് എപ്പോള്‍ വരുന്നു എന്നതും. ഗണിതമോ ശാസ്ത്രവിഷയങ്ങളോ ഏറ്റവും ഒടുക്കത്തെ പീരിയഡില്‍ നാം പഠിച്ചിട്ടുണ്ടോ? ചിത്രകലയോ സംഗീതമോ ഒന്നാമത്തെ പീരിഡില്‍ വരാറുണ്ടോ? എന്തുകൊണ്ടാണത്! ദിവസത്തിലെ ഏറ്റവും നല്ല സമയം പ്രഭാതമാണെന്ന് എല്ലാവര്‍ക്കുമറിയാം. വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ആദ്യത്തെ ക്ലാസുകളില്‍ വരേണ്ടതാണെന്നുമറിയാം. അതിരാവിലെ ഉണര്‍ന്നെണീറ്റ് സക്രിയനാകുന്ന കുട്ടിയുടെ ദിവസം മുഴുവന്‍ അതേ സക്രിയത നിലനില്‍ക്കും.
തൊട്ടുമുമ്പത്തെ പാഠ്യപദ്ധതിക്കു മുന്നോടിയായി വന്ന ചട്ടക്കൂടില്‍ ‘പഠനസമയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്’ എന്ന മൂന്നാമത്തെ അധ്യായത്തില്‍ ‘ഗുണനിലവാരവും അറിവിന്റെ പ്രയോഗവും’ എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ സമയമാറ്റത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു. ”ഏതുസാഹചര്യത്തിലും ജ്ഞാനനിര്‍മ്മിതി നടത്താന്‍ പഠിതാവിനു സാധിക്കും എന്ന വിശ്വാസം അശാസ്ത്രീയമാണ്. ഈ അശാസ്ത്രീയതയാണ് ആദിവാസികളെയും ദളിതരെയും തീരപ്രദേശവാസികളെയും ഇന്ന് പുറകില്‍ നിര്‍ത്തുന്നത്. സമൂഹ നൈപുണികള്‍ നേടുന്നതില്‍ നിന്ന് സ്ത്രീപഠിതാക്കളെ പിന്തിരിപ്പിക്കുന്നതും അതുതന്നെയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വിശകലനം ചെയ്ത് ശേഷികളും നൈപുണികളും കൈവരിക്കാനുള്ള അരങ്ങുകളാണ് വിദ്യാലയങ്ങള്‍. ഇത് നല്‍കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. ക്ലാസ് മുറികള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍, സെമിനാര്‍ മുറികള്‍, തൊഴില്‍ ശാലകള്‍, കളിസ്ഥലങ്ങള്‍, കലാമണ്ഡപങ്ങള്‍ തുടങ്ങിയവ സ്‌കൂളില്‍ വേണം. ജ്ഞാനനിര്‍മ്മിതിയുടെ എല്ലാ തലങ്ങളും പൂര്‍ണ്ണമാക്കേണ്ട ചുമതല സ്‌കൂളുകളുടെതാണ്” (ചട്ടക്കൂട്ട്, പുറം-23)
എന്താണ് പാഠ്യപദ്ധതി എന്നു ചോദ്യത്തിന് ജെ.എസ്.ബ്രൂണര്‍ നല്‍കിയ മറുപടി ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞു. ”ക്ലാസ്മുറി, ലൈബ്രറി, ലബോറട്ടറി, കളിസ്ഥലം, സൗഹൃദസംഘങ്ങള്‍, അധ്യാപകരുമായുള്ള ആനുഷംഗികസംഭാഷണങ്ങള്‍ എന്നിങ്ങനെയെല്ലാം കൂടി സമ്പാദിക്കുന്ന സഞ്ചിതാനുഭവമാണ് പാഠ്യപദ്ധതി. അതിനാല്‍ അത് സ്‌കൂളിനകത്തുള്ള കുട്ടിയുടെ മുഴുവന്‍ ജീവിതവുമാണ്”
വാര്‍ഡുതലത്തില്‍ വരെ നമുക്ക് നഴ്‌സറികളും പ്രൈമറിസ്‌കൂളുകളുമുണ്ട്. പഞ്ചായത്തില്‍ ഒന്നിലേറെ ഹൈസ്‌കൂളുണ്ട്. ജില്ലയില്‍ നിരവധി കോളേജുകളുണ്ട്. ഈ സൗകര്യ സമൃദ്ധി പഠനത്തിന്റെ ഗുണനിലവാരത്തില്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍ സൗകര്യങ്ങള്‍ ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനുള്ള സംവിധാനമില്ല എന്നാണര്‍ത്ഥം. സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കൂടി കഴിയണം. ആവശ്യമായത്ര സമയം വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നതിന് അത്രയേ അര്‍ത്ഥമുള്ളൂ.
പുതിയ പാഠ്യപദ്ധതി നടപ്പായതിനു ശേഷം പഴയ സമയക്രമം അപ്രസക്തമായിട്ടുണ്ട്. അതിരാവിലെ തന്നെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളിലെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പലതരത്തിലുള്ള യോഗങ്ങളും കൂടിയാലോചനകളും നാലുമണിക്കു ശേഷമാണ് ഇപ്പോള്‍ തന്നെ നടക്കുന്നത്. വാസ്തവത്തില്‍ നിലവിലുണ്ടായിരുന്ന അനിശ്ചിത സമയക്രമം ക്ലിപ്തപ്പെടുത്താനുള്ള ശ്ലാഘനീയശ്രമമാണ് പാഠ്യപദ്ധതി ചട്ടക്കൂട് നടത്തിയത്. അതിന്റെ കൃത്യമായ, ശരിയായ, തുടര്‍ച്ചയാണ് ഖാദര്‍കമ്മറ്റിയുടെ നിര്‍ദ്ദേശം. ഉച്ചവരെ മാത്രമേ ക്രമീകൃത പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുന്നുള്ളൂ. പിന്നീട് പഠിതാവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സ്വതന്ത്രപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണ്.
അധ്യാപക പരിശീലനത്തില്‍ മാറ്റം വേണം
പകല്‍ മുഴുവന്‍ പഠനപ്രവര്‍ത്തനം എന്നതാണ് നിലവിലെ സ്ഥിതി. പരിഷ്‌കൃത സമൂഹങ്ങളിലൊന്നും ഈ രീതി നിലവിലില്ല. ഇന്ത്യയില്‍ തന്നെ കൊടുംതണുപ്പനുഭവപ്പെടുന്ന പ്രദേശങ്ങളില്‍പ്പോലും രാവിലെ എട്ടുമണിക്കു തുടങ്ങി ഉച്ചയോടെ അവസാനിക്കുന്ന വിധത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അധ്യാപകര്‍ നാടുനീളെ നടന്ന് കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് ക്ലാസ് നടത്തിയിരുന്ന കാലത്തെ രീതി തന്നെ കേരളത്തില്‍ ഇന്നും തുടരുന്നു. വാഹനസൗകര്യം ഒട്ടുമില്ലാതിരുന്ന അക്കാലത്ത് കടവുകടന്നും നടന്നലഞ്ഞും ഒട്ടേറെ ദൂരംതാണ്ടി സ്‌കൂളിലെത്തണമായിരുന്നു. അതാണോ ഇന്നെത്തെ സ്ഥിതി?
ഈ നിര്‍ദ്ദേശം കേരളത്തെ സംബന്ധിച്ച് പുതുതല്ലെന്നും ഓര്‍ക്കണം. തെരഞ്ഞെടുത്ത നഗരപ്രദേശങ്ങളില്‍ മുമ്പ് ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഏറെക്കുറെ അതില്‍ തൃപ്തരുമായിരുന്നു. രാവിലെയും വൈകീട്ടും ഓഫീസ് സമയത്തെ വാഹനക്കുരുക്കില്‍ നിന്നും രക്ഷപ്പെട്ടതില്‍ പൊതുസമൂഹവും തൃപ്തരുമായിരുന്നു. എന്നാല്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതിരുന്നതും മദ്രസപഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയും പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമായി. മദ്രസപഠനത്തെ ബാധിക്കുമെന്ന പരാതിയാണ് ഇപ്പോഴും മുഖ്യമായി ഉയര്‍ന്നു കേള്‍ക്കുന്നത്. അവധാനത്തോടെ സമീപിക്കപ്പെടേണ്ട വിഷയമാണിത്. മതപഠനം നടത്തുന്ന ലക്ഷക്കണിക്കിനു കുട്ടികളുടെയും ആയിരക്കണക്കിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയുമൊക്കെ ആശങ്ക പരിഹരിക്കപ്പെടണം.
നിലവില്‍ സ്‌കൂളില്‍ പോകുന്നതിനു മുമ്പും പിമ്പും എന്ന മട്ടില്‍ രണ്ടു ഷിഫ്റ്റായാണ് മദ്രസാക്ലാസുകള്‍ നടക്കുന്നത്. അതിരാവിലെ സ്‌കൂളില്‍ ക്ലാസു തുടങ്ങിയാല്‍ ഇതില്‍ ആദ്യത്തെ സെഷന്‍ പ്രയാസമാകും. എന്നാല്‍ കുറച്ചു നേരത്തെ സ്‌കൂള്‍ വിടുമെന്നതിനാല്‍ ഉച്ചയ്‌ക്കു ശേഷം രണ്ടു സെഷനുകളിലായി മദ്രസാ ക്ലാസുകള്‍ ആലോചിക്കാവുന്നതുമാണ്.
ഉച്ചയ്‌ക്കു ശേഷം സ്‌കൂളുകളില്‍ നടക്കേണ്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടിവരും. മദ്രസയില്‍ പോകേണ്ടവര്‍ക്ക് അതിനു കൂടി സമയം കിട്ടുന്ന രീതിയില്‍ ക്രമപ്പെടുത്തണം. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സൗഹൃദപൂര്‍വ്വമായ ചര്‍ച്ചകളിലൂടെ കാലം ആവശ്യപ്പെടുന്നതും ശാസ്ത്രീയവുമായ പരിഷ്‌ക്കരണം കഴിയുമെന്നുതന്നെയാണ് കരുതേണ്ടത്.
സെന്‍ട്രല്‍ സ്‌കൂള്‍, നവോദയ വിദ്യാലയങ്ങള്‍, ഒട്ടേറെ അണ്‍എയ്ഡ്‌സ് സ്‌കൂള്‍- ഇതെല്ലാം അതിരാവിലെ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ശാസ്ത്രീയമായതുകൊണ്ടാണല്ലോ വിശേഷപ്പെട്ട ഇത്തരം സ്ഥാപനങ്ങള്‍ പ്രസ്തുത സമയക്രമം പിന്തുടരുന്നത്. സാധാരണക്കാരന്റെ കുട്ടികള്‍ക്കും അതേ ഗുണം കിട്ടണം. അതിന്‌രാവിലെ പഠനം തുടങ്ങുന്ന രീതിയില്‍ സംസ്ഥാനത്താകെ പുതിയൊരു സംവിധാനം നിലവില്‍ വരുന്നതോടെ നാം നടപ്പാക്കിവരുന്ന നൂതന സമ്പ്രദായത്തിന് അത്യപൂര്‍വമായ ഉത്തേജനമുണ്ടാവും. സമയം നിര്‍ണ്ണായകമാണ്. അതു കാര്യക്ഷമമായി വിനിയോഗിക്കാന്‍ തീരുമാനിക്കുന്നതിലൂടെ സമൂഹം അതിന്റെ ഉന്നമനത്തിന് സ്വയം ഊന്നല്‍ നല്‍കുകയാണ്.
രണ്ടു തരത്തിലുള്ള വിമര്‍ശനങ്ങളാണ് സമയമാറ്റത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ യാത്രാസൗകര്യം കുറവായതിനാല്‍ രാവിലെ സ്‌കൂളിലെത്താന്‍ കഴിയില്ലെന്നതാണ് ഒരു വാദം. യാത്രാസൗകര്യങ്ങളും വാഹനപ്പെരുപ്പവും യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ നിലനില്‍ക്കാത്ത വാദമാണിത്. സെന്‍ട്രല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരാണെന്ന വസ്തുതയും കണക്കിലെടുക്കണം. അവര്‍ക്കെങ്ങനെ എത്താന്‍ കഴിയുന്നു?
ഉച്ചയോടെ സ്‌കൂള്‍ സമയം അവസാനിക്കുന്നതിനാല്‍ വീട്ടില്‍ മടങ്ങിയെത്തുന്ന കുട്ടികള്‍, വിശിഷ്യാ നഗരപ്രദേശങ്ങളില്‍, സംരക്ഷണമില്ലാതെ പ്രയാസപ്പെടുമെന്നതാണ് അടുത്തവാദം. ഉച്ചയോടെ പാഠപുസ്തകകേന്ദ്രിതമായ പഠനം അവസാനിക്കുന്നു എന്നതിനര്‍ത്ഥം അതോടെ കുട്ടികളെ വീട്ടിലേയ്‌ക്കു തിരിച്ചയക്കുന്നു എന്നല്ല. അനുബന്ധപ്രവര്‍ത്തനങ്ങളുമായി അവര്‍ സ്‌കൂളില്‍ തന്നെ വേണം. അധ്യാപകരും അവിടെയുണ്ടാകുമല്ലോ.
വാസ്തവത്തില്‍ കഴമ്പില്ലാത്ത ഇത്തരം വാദങ്ങളുന്നിയിക്കുന്നതോടെ വിസ്മരിക്കപ്പെടുന്നത് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളാണ്. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പ്രാപ്തി അധ്യാപകര്‍ക്കുണ്ടാകണം. അതിനാല്‍ അധ്യാപകപരിശീലനത്തിനുള്ള തെരഞ്ഞെടുപ്പിലും പരിശീലന പരിപാടിയിലും കാതലായ മാറ്റങ്ങള്‍ വേണം. പ്രീ സര്‍വീസ് ഇന്‍ സര്‍വീസ് കോഴ്‌സുകള്‍ സമഗ്രമായി പൊളിച്ചെഴുതണം. അഭിരുചി, തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡമാകണം. ലോവര്‍ പ്രൈമറി അദ്ധ്യാപകരടക്കം ബിരുദധാരികളായിരിക്കണം. അപ്പര്‍ പ്രൈമറിയിലും എന്‍സിടിഇ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ വേണം. ഹയര്‍സെക്കന്‍ഡറി തലത്തില്‍ മാസ്റ്റര്‍ ബിരുദവും അധ്യാപകപരിശീലനവും വേണം. പരിശീലന കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. തട്ടുകടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന അധ്യാപകപരിശീലനകേന്ദ്രങ്ങള്‍ കേരളത്തിലുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് അധ്യാപകര്‍ പോലുമോ ഇല്ലാതെ ഒരു ബാച്ചില്‍ നൂറുപേരെ വീതം പ്രവേശിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍! അവിെടനിന്നൊക്കെ പുറത്തുവരുന്നവരെ മുന്‍നിര്‍ത്തി എങ്ങനെയാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക? പൊളിച്ചെഴുതേണ്ടവ പൊളിച്ചെഴുതുകതന്നെ വേണം.
അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം മേഖലയുമായി ബന്ധപ്പെട്ടുവേണം, അതോരോന്നും ഏതേതുതരത്തില്‍ ക്രമീകരിക്കും, ഓരോന്നിനും ആവശ്യമായ പരിശീലകരെ എങ്ങനെ കണ്ടെത്തും ഇങ്ങനെ ഗൗരവമായ ചര്‍ച്ച ചെയ്യേണ്ടവിഷയങ്ങള്‍ ഇനിയുമുണ്ട്. ഇതെല്ലാം സമയമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് അടിസ്ഥാന വസ്തുത. അതിനാല്‍ സമയമാറ്റത്തെ കേന്ദ്രീകരിച്ചുതന്നെയാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കേണ്ടതും സമവായത്തില്‍ എത്തിച്ചേരേണ്ടതും.
ഒരു കാര്യം തീര്‍ച്ചയാണ് ഇന്നല്ലെങ്കില്‍ നാളെ നമുക്കും ഈ സമയക്രമം സ്വീകരിക്കേണ്ടിവരും. കാരണം അതാണ് ശാസ്ത്രീയം. അതാണ് കുട്ടികള്‍ക്ക് അനുയോജ്യം. വിദ്യാഭ്യാസ പദ്ധതിയുടെ കേന്ദ്രബിന്ദു കുട്ടിയാണ്. എന്തെല്ലാം ഒഴികഴിവുകള്‍ പറഞ്ഞാലും കുട്ടിയെ കേന്ദ്രസ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തിയുള്ള ഒരു വിദ്യാഭ്യാസ പദ്ധതിയും കാലത്തെ അതിജീവിക്കില്ല. നല്ലതു നേരത്തെ എന്ന നയത്തിലേക്ക് എത്രയും വേഗം ചുവടുവെയ്‌ക്കുകയാണ് നമുക്കും അഭികാമ്യം.
സമയമാറ്റം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം ആദ്യം അംഗീകരിക്കുക. എങ്ങനെ അതിലേയ്‌ക്ക് എത്തിച്ചേരുമെന്ന് ചര്‍ച്ച ചെയ്യുക. വഴികള്‍ ഓരോന്നായി തുറന്നുകിട്ടുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: