ചെന്നൈ : തെന്നിന്ത്യന്‍ നടി നയന്‍താര- വിഘ്നേഷ് ശിവന് ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചതില്‍ തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും.
സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നയന്‍താരയുടെ ഒരു ബന്ധുവാണ് വാടക ഗര്‍ഭധാരണം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നയന്‍താരയും വിഘ്നേഷും ഇരട്ടക്കുട്ടികള്‍ ഉണ്ടായതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള നിയമങ്ങള്‍ പാലിച്ചിരുന്നോയെന്നത് സംബന്ധിച്ച് ആരോപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന് നേരത്തെ അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താനാകൂവെന്നതാണ് ഇന്ത്യയിലെ നിയമം. ഇക്കൊല്ലം ജനുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് അടക്കമുള്ള വാണിജ്യ താത്പ്പര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികള്‍ പിറന്നതായി കഴിഞ്ഞ ദിവസമാണ് വിഘ്നേഷ് ശിവന് ട്വിറ്ററിലൂടെ അറിയിച്ചത്. 38 വയസ്സുള്ള തനിക്ക് ഗര്‍ഭം ധരിക്കുന്നതില്‍ ആരോഗ്യപ്രശ്നങ്ങളുണ്ട്. ചിലപ്പോള്‍ ജീവഹാനി വരെയുണ്ടാകുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് വാടക ഗര്‍ഭധാരണ രീതി സ്വീകരിച്ചതെന്നാണ് നയന്‍താര ആദ്യം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: