ന്യൂദല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുന്നത് സംബന്ധിച്ച തീരുമാനം സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇനി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടക ഹൈക്കോടതി വിധിയെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍സു ധൂലിയ എതിര്‍ത്തുകൊണ്ടുള്ള വിധിയാണ് പ്രസ്താവിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള പി.യു കോളേജില്‍ സ്ഥാപനത്തിലെ മാനദണ്ഡങ്ങള്‍ക്കെതിരായി കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയ സംഭവമാണ് കേസിനാധാരം. ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത്, തങ്ങളുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ അറിയിച്ചു. സ്കൂളുകളിലേയും കോളേജുകളിലേയും സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2022 ഫെബ്രുവരി 5 ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉള്‍പ്പെടെ വിവിധ വശങ്ങളില് ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ”മത നിഷ്പക്ഷത” ആണെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ചുള്ള പ്രക്ഷോഭം ഏതാനും വ്യക്തികളുടെ വ്യക്തിതാല്‍പ്പര്യമാണെന്ന് കര്‍ണാടക സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഭരണഘടനാപരമായ കടമകള്‍ ലംഘിച്ചതിന് കുറ്റക്കാരാകുമായിരുന്നുവെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ വാദിച്ചു. ഹിജാബ് നിരോധനം വലിയ വിഷയമാക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ കാരണമാണെന്ന് ഹര്‍ജികളില്‍ കര്‍ണാടക ചൂണ്ടിക്കാട്ടി. ഇസ്ലാമിക രാജ്യമായ ഇറാനില്‍ പോലും ഹിജാബിനെതിരായ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും സംസ്ഥാനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: