പത്തനംതിട്ട: ജില്ലയിലെ എല്ലാ തിരോധനകേസുകളും പുനരന്വേഷിക്കാൻ പോലീസ് തീരുമാനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പന്ത്രണ്ട് സ്ത്രീകളെയാണ് പത്തനംതിട്ട ജില്ലയില്‍ നിന്ന് കാണാതായത്. നരബലി നടന്ന ഇലന്തൂര്‍ ഉള്‍പ്പെടുന്ന ആറന്മുള സ്റ്റേഷന് പരിധിയില്‍ നിന്ന് മാത്രം മൂന്ന് സ്ത്രീകളെയാണ് കാണാതായത്. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ കൊച്ചി നഗര പരിധിയില്‍ പതിമൂന്ന് തിരോധാനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളെക്കുറിച്ചും പോലീസ് വിശദമായി പരിശോധിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായാണ് അന്വേഷണം. ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫിക്ക് വൈദ്യനായ ഭഗവല്‍ സിംഗിന്റെ കുടുംബവുമായി രണ്ട് വര്‍ഷത്തിലേറെയായി ബന്ധമുണ്ട്. സമാനരീതിയില്‍ ഷാഫി മുന്‍പും ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഇലന്തൂരിലെ ആഭിചാര കൊലക്കേസിൽ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. കാലടി, കടവന്ത്ര, കുറ്റകൃത്യം നടന്ന ഇലന്തൂർ എന്നിവിടങ്ങളിലടക്കം പ്രതികളെയെത്തിച്ച് തുടർതെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പോലീസ് മുന്നോട്ടു വച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: