കണ്ണൂര്‍: ആഭ്യന്തര ടൂറിസത്തിന് പുതുമാനം നല്‍കിയ കെഎസ്ആര്‍ടിസി സര്‍വീസുകളോട് സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെ 15.80 ലക്ഷം രൂപയാണ് സെപ്റ്റംബറില്‍ കണ്ണൂരിൽ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സെപ്റ്റംബറില്‍ 17 വിനോദ യാത്രകളാണ് കണ്ണൂരില്‍ നിന്നു പൂര്‍ത്തിയാക്കിയത്.
വയനാട്ടിലേക്കും കൊച്ചിയിലെ ആഡംബരകപ്പലായ നെഫര്‍റ്റിറ്റിയിലേക്കും നാല് തവണയും മൂന്നാര്‍, വാഗമണ്‍ കുമരകം, പൈതല്‍മല എന്നിവിടങ്ങളിലേക്ക് മൂന്നുതവണ വീതവും സെപ്റ്റംബറില്‍ വിനോദയാത്ര പോയി. 750 സഞ്ചാരികളാണ് കഴിഞ്ഞമാസം ഇതിന്റെ ഭാഗമായത്. ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതല്‍ പേര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചു തുടങ്ങിയത്.
ഒക്ടോബറിലെ ടൂര്‍ പാക്കേജും കെഎസ്ആര്‍ടിസി പുറത്തിറക്കി. മൂന്നാര്‍, നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍, വാഗമണ്‍-കുമരകം, വയനാട്, പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് യാത്ര. മൂന്നാറില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കൂന്ന നീലക്കുറുഞ്ഞി കാണാന്‍ അവസരം ലഭിക്കും. 22ന് രാവിലെ പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാര്‍ പാക്കേജ്. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയ്‌ക്ക് 23ന് രാവിലെ പുറപ്പെട്ട് 24ന് രാവിലെ തിരിച്ചെത്തും. ഒരാള്‍ക്ക് 3850 രൂപയാണ് നല്‍കേണ്ടത്.
3900 രൂപയ്‌ക്കാണ് വാഗമണ്‍-കുമരകം ടൂര്‍ പാക്കേജ്. 22ന് രാത്രി ഏഴിന് പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും. വയനാട്ടിലെ തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് പൈതൃകഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, വാണി മ്യൂസിയം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് നാല് നേരത്തെ ഭക്ഷണവും എന്‍ട്രന്‍സ് ഫീയും ഉള്‍പ്പെടെ 1180 രൂപയാണ് ഈടാക്കുക. പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്ക് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും സ്‌നാക്‌സും എന്‍ട്രന്‍സ് ഫീയും ഉള്‍പ്പെടെ 750 രൂപയാണ് നല്‍കേണ്ടത് .
കണ്ണൂര്‍ ഡിടിഒ മനോജ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. റോയി, ഡിപ്പോ കോ ഓര്‍ഡിനേറ്റര്‍ കെ ആര്‍ തന്‍സീര്‍, കമേഴ്‌സ്യല്‍ മാനേജര്‍ എംപ്രകാശന്‍ എന്നിവരാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. കടക്കെണിയില്‍ നിന്നും കോര്‍പ്പറേഷനെ കരകയറ്റുന്നതിനൊപ്പം ചെലവു കുറഞ്ഞ ടൂറിസം പോയിന്റുകള്‍ പരിചയപ്പെടുത്താനും സെല്ലിന് സാധ്യമാകുന്നുണ്ട്. ഫോണ്‍: 9496131288, 8089463675.
പ്രതികരിക്കാൻ ഇവിടെ എഴുതുക: