കൊച്ചി : ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണ്ണായക തെളിവായത് സിസിടിവി ദൃശ്യങ്ങള്‍. പത്മത്തെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ സ്കോര്‍പിയോ കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ്. മുഹമ്മദ് ഷാഫിയേയും തുടര്‍ന്ന് ഭഗവല്‍ സിങ്ങിനേയും കുടുക്കിയത്.
കഴിഞ്ഞ മാസം 26ന് മുതലാണ് പത്മത്തെ കാണാതായത്. ഇവര്‍ സ്കോര്‍പ്പിയോയില്‍ കേറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ ഭഗവല്‍ സിങ് തിരുമ്മല്‍ വിദഗ്ധനാണെന്ന് അറിയാന്‍ സാധിച്ചു. പിന്നീട് ഇയാളെ കാണാനായി പുറത്തു നിന്നും ആളുകള്‍ വരുന്നുണ്ടോ എന്നതായി. തുടര്‍ന്ന് ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ അവിടെനിന്ന് ശേഖരിച്ചു. ഇതില്‍നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്കോര്‍പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി ആറന്മുള സ്റ്റേഷനില്‍നിന്ന് പോലീസെത്തി അന്വേഷണം നടത്തി. ഭഗവല്‍ സിങ്ങിന്റെ വീട് നിരീക്ഷണത്തിലാക്കി.
പിന്നീട് തിങ്കള്‍ രാവിലെ ഏഴ് മണിയോടെ കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളും ഭാര്യയും. ഇവരെ നാല് മണിക്കൂറോളം ചോദ്യം ചെയ്തതിലൂടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ചൊവ്വാഴ്ച വീണ്ടും പോലീസ് ഇലന്തൂരില്‍ എത്തിയതോടെയാണ് നരബലിക്കേസ് പുറത്തറിയുന്നത്.
അതേസമയം കൊല്ലപ്പെട്ട പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയില്‍നിന്ന് 57,200 രൂപ കണ്ടെടുത്തു. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പോലീസ് തുറന്നു പരിശോധിച്ചപ്പോള്‍ കിടക്കയ്ക്ക് അടിയില്‍ സൂക്ഷിച്ച നിലയിലാണു പണമുണ്ടായിരുന്നത്.
എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ധര്‍മപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. നേരത്തേ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് ഭര്‍ത്താവു നാട്ടിലേക്കു മടങ്ങി. സമീപ മുറികളില്‍ താമസിച്ചിരുന്നവരുമായി പത്മയ്ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. കൂലിപ്പണിയും ലോട്ടറി വില്‍പനയുമാണു ചെയ്തിരുന്നത്. ഇവരെ കാണാതായതിനുശേഷം പത്മത്തിന്റെ മകന് സെല്‍വരാജും സഹോദരിയും കടവന്ത്ര പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: