അതെ, ‘ബെസ്റ്റ് സെല്ലര്‍’ ആയിരുന്നു വായനയുടെ നല്ലകാലത്തെ അളവുകോല്‍. ഇന്നിപ്പോള്‍ ഡിജിറ്റല്‍ യുഗത്തില്‍ പ്രസിദ്ധിയുടെയും പ്രചാരണത്തിന്റെയും മാപിനി ‘വൈറലാ’ണ്. എന്നാല്‍, തൊണ്ണൂറിലെത്തിയെങ്കിലും ‘ബെസ്റ്റ് സെല്ലറായി’ ഇവിടെ ഒരു ‘പുസ്തകമനുഷ്യ’നുണ്ട്, ടൂറിങ് ബുക്സ്റ്റാളിന്റെ (ടിബിഎസ്) സര്‍വസ്വമായ എന്‍.ഇ. ബാലകൃഷ്ണ മാരാര്‍. ‘ടിബിഎസ്’, ‘പൂര്‍ണാ പബ്ലിക്കേഷന്‍സ്’ എന്നീ പേരുകള്‍ക്ക് പിന്നിലെ ചരിത്രം.
‘കണ്ണീരിന്റെ മാധുര്യം’ എന്ന പേരില്‍ സ്വജീവിതം കോഴിക്കോടിന്റെയും എഴുത്ത്-സാംസ്കാരിക പ്രവര്‍ത്തകരുടെയും ബാലേട്ടന് എന്ന എന്‍.ഇ. ബാലകൃഷ്ണ മാരാര്‍ എഴുതിയിട്ടുണ്ട്. അത് വി.ടി. ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരും കിനാവും’ പോലെയൊന്നാണ്. ഒറ്റയിരിപ്പില്‍ വായിച്ചുപോകും, ജീവിതത്തിലെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ തോല്ക്കാന് മനസ്സില്ലാത്ത മനുഷ്യന്റെ വിജയഗാഥയാണ് രണ്ടും. അങ്ങനെ ഈ മാരാര്‍, പ്രസിദ്ധ സാഹിത്യ നിരൂപകനായിരുന്ന കുട്ടിക്കൃഷ്ണ മാരാരെപ്പോലെ അക്ഷരങ്ങളുടെ, സാഹിത്യത്തിന്റെ, പുസ്തകങ്ങളുടെ, വായന സംസ്കാരത്തിന്റെ ലോകത്ത് പ്രതിഷ്ഠിതനാകുന്നു. ‘ബുക് സെല്ലര്‍’ ആയി ജീവിതം തുടങ്ങിയ ആള് ‘ബെസ്റ്റ് സെല്ലറാ’ണിന്ന്. പല തരത്തിലും.
ബാലകൃഷ്ണ മാരാരുടെ കണ്ണീരിന്റെ ലോകം 1932 ല്‍ കണ്ണൂര്‍ തലശ്ശേരിയില്‍ കണ്ണവം ഗ്രാമത്തില്‍ ഞാലില്‍ എടവത്ത് തറവാട്ടില്‍ തുടങ്ങി. ആദ്യനൊമ്പരക്കരച്ചിലായി, കുഞ്ഞിക്കൃഷ്ണ മാരാരുടെയും മാധവി മാരാര്സ്യാരുടെയും പത്തുമക്കളില്‍ ഒരാളായി അവതരിച്ചു. ഒന്നര വയസ്സില്‍ അച്ഛന് മരിച്ചപ്പോള്‍ ആ ദുഃഖം അറിഞ്ഞ് കരഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, പിന്നെ ജീവിതത്തിലെ ബാല്യവും കൗമാരവും യൗവനവും ഏറെക്കുറേ കരച്ചിലിലായിരുന്നു. പക്ഷേ ബാലന് മാരാര്‍ തോറ്റില്ല. അമ്പലവാസി മാരാര്‍ക്ക് വിധിച്ചിട്ടുള്ള പാരമ്പര്യ തൊഴിലുകളിലൊന്നും മുഴുകിയില്ല. വിധിയെ ‘ചെണ്ടകൊട്ടി’ക്കാനായി പുറപ്പാട്. അറിഞ്ഞുകൊണ്ട് ലക്ഷ്യം കുറിച്ചതല്ല. അവസ്ഥ എത്തിച്ചതാണ്. കണ്ണീരിന് മധുരം വെച്ചത് കോഴിക്കോട്ടെ മിഠായിത്തെരുവിലായതും മറ്റൊരു വിധിയായിരിക്കണം.
ഇരുപതു വയസ്സിനിടെ ചെയ്ത ജോലികള്‍ പലതാണ്. പത്രം വില്‍ക്കുന്ന പണിയിലാണ് തുടക്കം, ദേശാഭിമാനി പത്രത്തിന്റെ ഏജന്‍സിയുണ്ടായിരുന്ന ബന്ധുവിന്റെ ഔദാര്യം. അങ്ങനെ കോഴിക്കോട്ടെ കല്ലായിയിലെത്തി. അതിനൊപ്പം പാര്‍ട്ടി സാഹിത്യം വില്‍ക്കുന്ന പ്രഭാത് ബുക്സിന്റെ പ്രസിദ്ധീകരണങ്ങളുടെ കൊണ്ടുനടന്നുള്ള വില്‍പ്പന. പാര്‍ട്ടി ഓഫീസിന്റെ ഇത്തിരി സൗകര്യത്തിലെ ഉറക്കം. പാര്‍ട്ടി പത്രം നിര്‍ത്തിവെച്ച കാലത്ത് തമിഴ്നാട്ടില്‍ പോയി ഹോട്ടല്‍ പണിയെടുത്ത കാലം, മാരാര്‍ പൂണുനൂല്‍ ധരിച്ച് അയ്യരായി, ബാലകൃഷ്ണ അയ്യരായി ‘ആള്‍മാറാട്ടം’ നടത്തിയ ആ അനുഭവം, സ്വന്തമായി കച്ചവടമെന്ന നിലയില്‍ പഴങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കട നടത്തിയ അനുഭവം, അങ്ങനെ മാരാരുടെ ജീവിത ‘ഇതിഹാസം’ പരന്നതാണ്.
പക്ഷേ, ഇതൊന്നുമല്ല തന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് പുസ്തക വില്‍പ്പനയുടെ ലോകത്ത് സ്വപ്നമല്ല, പദ്ധതി കൊണ്ടുനടന്ന ബാലന് മാരാര്‍ അങ്ങനെ പലരുടെയും പലവിധ സഹായത്താല്‍ കേരളത്തിലെ ഒന്നാംകിട പുസ്തക പ്രസാധകരുടെ വേദിയില്‍ ഇരിപ്പുറപ്പിച്ചു. അതൊരു വിശിഷ്ട ജീവിത സന്ദേശമാണ്. കച്ചവടം മാത്രമല്ല, കാലത്തിന്റെ ദൗത്യവും അദ്ദേഹം നിര്‍വഹിച്ചു. സാംസ്കാരിക പ്രവര്‍ത്തനം, സാംസ്കാരിക വിനിമയം, അതിന് മനഃശ്ശാസ്ത്രപരമായ സമീപനം, സാഹസിക ജീവിതം, സമര്‍പ്പിത മനസ്സ്… ബാലകൃഷ്ണ മാരാര്‍ ‘ബാലേട്ട’നായി വളര്‍ന്നതിന്റെ വഴികള്‍ അറിയുമ്പോള്‍ ആരാധന കൂടും. ആ വളര്‍ച്ചയില്‍ ഒപ്പം നിന്നവരെ, ശാസിച്ചും ശിക്ഷിച്ചും ജീവിതവിജയത്തിന് വാശികൂട്ടിയോരെ, ഒപ്പം നിര്‍ത്തി പോറ്റി വളര്ത്തിയോരെ ഓര്‍മ്മിക്കുകയും അവര്‍ക്കൊക്കെ നന്ദി പറയുകയും ചെയ്യുന്നുവെന്നതാണ് ഈ തൊണ്ണൂറുകാരന്റെ മറ്റൊരു പ്രത്യേകത.
പുസ്തക വില്‍പ്പനയില്‍നിന്ന് പുസ്തക പ്രസാധനത്തിലേക്ക് കടന്ന്, പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് തുടങ്ങിയതോടെ മാരാരുടെ ജീവിതം പുതിയ ശൃംഗം ചവിട്ടി. ഉണ്ണായി വാര്യര്‍ അമ്പലത്തില്‍ കൊട്ടിയും സേവിച്ചും കവിയായി മാറിയെന്നു പറയുന്നതുപോലെയൊരനുഭവം. ഇത് ആ ‘നളചരിത’ത്തിന്റെ നവചരിതമാണ്; പത്രവില്‍പ്പനയും പുസ്തകവില്‍പ്പനയുമായി തുടങ്ങിയ ജീവിതം, പുസ്തക പ്രസാധനത്തിന്റെ രംഗത്തെ വേറിട്ടൊരു വഴിതന്നെ തുറന്ന് മലയാളിയെ മാത്രമല്ല, വായിക്കാനറിയാവുന്നവരൈയെല്ലാം വായിപ്പിച്ച ‘നവചരിതം.’
ആറാം ക്ലാസു വിദ്യാഭ്യാസം മാത്രമുള്ള ബാലന് മാരാര്‍ സമൂഹത്തിലെ സമുന്നതരെന്ന് മുദ്രവീണിട്ടുള്ളവരുടെ കൂട്ടായ്മയായ റോട്ടറി ക്ലബ്ബില്‍ അംഗത്വം നേടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൃഢ നിശ്ചയമാണ്. കേരള ബുക് പബ്ലിഷേഴ്സ് ആന്‍ഡ് സെല്ലേഴ്സ് അസോസിയേഷന് പ്രസിഡന്റ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പബ്ലിക്കേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിലും അദ്ദേഹം എത്തി. മിഠായിത്തെരുവിലെ 200 സ്ക്വയര്‍ ഫീറ്റ് മുറിയില്‍ തുടങ്ങിയ ടിബിഎസ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബുക്ഷോപ്പ് എന്ന വിശേഷണം 18 വര്‍ഷം മുമ്പ് നേടിയതിന്റെ പിന്നില്‍ ഒരു ജീവിതകഥയുണ്ട്. വീടുകള്‍ കയറി നടന്ന്, ലോഡ്ജുകളിലും സ്ഥാപനങ്ങളിലും കടകളിലും ഉത്സവപ്പറമ്പുകളിലും നടന്ന് ഉപ്പൂറ്റി തേഞ്ഞാണ് മാരാര്‍ ആദ്യകാലത്ത് പുസ്തകം വിറ്റത്. പട്ടിണി കിടന്നും അമ്മയേയും സഹോദരങ്ങളേയും ഊട്ടുവാനാണ് അതൊക്കെ തുടങ്ങിയത്. ഇന്ന് വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുന്നു മാരാര്‍. നടന്നുവന്ന കനല് വഴികളില്‍, തലയേറ്റിയ കൊടും വെയിലുകളില്‍ മറ്റുള്ളവരുടെ കണ്ണീരും വിയര്‍പ്പും കരച്ചിലും തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഒട്ടേറെപ്പേരെ പഠിക്കാനും പുലരാനും സഹായിക്കുന്നുണ്ട് എന്നതാണ് ജീവിതം അനുഭവിച്ച് പഠിച്ചതിന്റെ ഫലം. കോഴിക്കോടിന്റെ പല തലമുറകളെ വായിക്കാന്‍ പഠിപ്പിച്ച, കോഴിക്കോടിന്റെ സാംസ്കാരിക ജീവിതത്തിനൊപ്പം ജീവിച്ച് സംസ്കാരം പഠിച്ച്, പോഷിപ്പിക്കുന്ന ബാലേട്ടന് കന്നിമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ (2022 ഒക്ടോബര്‍ 13) തൊണ്ണൂറ് വയസ്സ് തികയുകയാണ്.
”കോഴിക്കോടിന്റെയും കേരളത്തിന്റെയും, സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയജീവിതത്തില്‍ പടര്‍ന്നു പന്തലിച്ചുനില്ക്കുന്ന ഒട്ടേറെ പേരുടെ സര്ഗാത്മകവളര്ച്ചയില്, ”അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ, എന്റെയും ഒരു കൊച്ചു സംഭാവനയുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു – എന്റെ ഉപജീവനമാര്‍ഗം അവരുടെ വളര്‍ച്ചയ്ക്ക് ഒരു നിമിത്തവുമായിത്തീരുകയായിരുന്നല്ലോ എന്നതിനാല്‍, പ്രത്യേകിച്ചും!” അദ്ദേഹം വിനയത്തോടെ സ്വയം വിലയിരുത്തുന്നതങ്ങനെയാണ്.
ചിലരെ എന്നും ചിരിച്ചേ കാണാറുള്ളുവെന്നത് അവര്‍ കരഞ്ഞാണ് ജീവിച്ചതെന്നതിന്റെ അടയാളം കൂടിയാണ്. കരഞ്ഞിരുന്നാല്‍ ചിരിക്കാനാവില്ലെന്നതാണ് ആ ജീവിത പാഠം. ഇതൊക്കെ ജീവിച്ചു കാണിച്ചുതന്ന എന്‍.ഇ. ബാലകൃഷ്ണമാരാര്‍ കുറച്ചുനാളായി പക്ഷാഘാതത്തിന് ശേഷം കിടപ്പാണ്. ആയുസ്സിന്റെ പുസ്തകത്താളില്‍ ഇനിയും നല്ല അനുഭവങ്ങള്‍, മലയാളിയെ ഇന്നും എന്നും വായിപ്പിക്കുന്ന ബാലകൃഷ്ണ മാരാര്‍ക്ക് ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു- ‘ആയുരാരോഗ്യ സൗഖ്യം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: