തിരുവല്ല: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം കേരളത്തില്‍ 3240 പേര്‍ക്ക് മേസ്തിരി പരിശീലനം നല്‍കും. മുന്‍ വര്‍ഷത്തിനെക്കാളും ഇരട്ടിയോളം പേര്‍ക്കാണ് ഇത്തവണ പരിശീലനം നല്‍കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം കൊടുക്കുന്നത്. ഇതിന് മുമ്പ് 1240 പേര്‍ക്കായിരുന്നു പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിക്കുന്ന വീടുകളില്‍ നിശ്ചിത എണ്ണം വീടുകള്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കും നിര്‍മിക്കുക. പ്രായാധിക്യം, അസുഖങ്ങള്‍ എന്നിവ മൂലം സ്വന്തമായി വീട് നിര്‍മിക്കാന്‍ കഴിയാത്തവര്‍ക്കാണ് പരിശീലകര്‍ വീട് നിര്‍മിക്കുക. പദ്ധതിയുടെ ഭരണച്ചെലവുകള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന പണത്തിന്റെ 20 ശതമാനം പരിശീലനത്തിന് ഉപയോഗിക്കാം. ഇങ്ങനെ നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള സഹായധനം ഒറ്റഗഡുവായി അനുവദിക്കും. പരിശീലനത്തിലൂടെ നിര്‍മിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന വീടുകളുടെ പട്ടിക ജില്ലാതലത്തില്‍ തയ്യാറാക്കണം.
തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനകാലയളവില്‍ വേതനം നല്‍കാനും നിര്‍ദേശമുണ്ട്. ഇതനുസരിച്ച് ഭാഗിക വൈദഗ്ധ്യമുള്ള മേസണ്‍ നിശ്ചയിച്ചിരിക്കുന്നത് 850 രൂപയാണ്. ഈ തുകയില്‍ നിന്നും 220 രൂപ പരിശീലകന് നല്‍കും. ബാക്കി 630 രൂപ പരിശീലനാര്ത്ഥിക്കു ലഭിക്കും. കുടുംബശ്രീ മുഖേന സ്ത്രീകളാണ് മേസ്തിരി പരിശീലനത്തിന് കൂടുതല്‍ മുമ്പോട്ട് വരുന്നതെന്ന് ഗ്രാമ വികസന വകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശീലനത്തിനും ചെലവുകള്‍ക്കുമായി 4.31 കോടി രൂപ കേന്ദ്രം അനുവദിച്ച ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം സംസ്ഥാനത്ത് വീടുകള്‍ നിര്‍മിക്കാന്‍ 608.48 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്രവിഹിതം 228.18 കോടി രൂപയാണ്. 76.06 കോടി രൂപ സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭകളുടെ വിഹിതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: